Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമൗലാന അബുൽ കലാം ആസാദ്:...

മൗലാന അബുൽ കലാം ആസാദ്: ഏകീകൃത ഇന്ത്യയുടെ ബൗദ്ധിക ശില്പി

text_fields
bookmark_border
Maulana Abul Kalam Azad
cancel
camera_alt

മൗലാന അബുൽ കലാം ആസാദ്

68 വർഷങ്ങൾക്ക് മുമ്പ്, 1958 ഫെബ്രുവരി 22ന്, മൗലാന അബുൽ കലാം ആസാദ് അന്ത്യശ്വാസം വലിക്കുമ്പോൾ അദ്ദേഹത്തിന് 70 വയസ്സായിരുന്നു. ഹൃദയത്തിൽ ഇന്ത്യാ വിഭജനത്തിന്റെ അഗാധമായ വേദനയും, ഏകീകൃത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളോടെയുമായിരുന്നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

ഇന്ന് മതത്തിന്റെ പേരിലുള്ള വിഭജനവും, വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ ഇടപെടലുകളും, ബഹുസ്വരതയെ അടിച്ചമർത്തുകയും ചെയ്യുമ്പോൾ മതനിരപേക്ഷതയുടെ വിദ്യാഭ്യാസ ദർശനം ചരിത്രത്തിൽ നിന്ന് വീണ്ടും ഓർത്തെടുക്കേണ്ടതുണ്ട് . ഹിന്ദു-മുസ്ലിം ഐക്യത്തിന്റെയും സമഗ്ര ഇന്ത്യയുടെയും എക്കാലത്തെയും ജീവസ്സുറ്റ പ്രതീകമാണ് മൗലാന മൗലാന അബുൽ കലാം ആസാദ്.

മക്കയിൽ ജനിച്ച ഇന്ത്യയുടെ മകൻ

1888 നവംബർ 11-ന് മക്കയിൽ, മതപണ്ഡിതരുടെ കുടുംബത്തിൽ ജനിച്ച അബുൽ കലാം ഗുലാം മുഹിയുദ്ദീൻ"ആസാദ്" (സ്വതന്ത്രൻ) എന്ന പേര് സ്വീകരിച്ചത് , മുതൽതന്നെ സ്വാതന്ത്ര്യത്തിന്റെ ജീവനുള്ള പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ഖൈറുദ്ദീൻ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്നു. 1857-ലെ കലാപത്തിനുശേഷം ഇന്ത്യ വിട്ട് മക്കയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലാണ് ആസാദ് പിറന്നത് . 1890-ൽ കുടുംബം കൽക്കട്ടയിലേക്ക് മടങ്ങി.

വീട്ടിൽ തന്നെ പരമ്പരാഗത ഇസ്‌ലാമിക വിദ്യാഭ്യാസം നേടിയ ആസാദ് അസാധാരണ പ്രതിഭയുള്ള വ്യക്തിയായിരുന്നു. പത്തുവയസ്സുള്ളപ്പോൾ ഖുർആൻ മുഴുവൻ മന:പാഠമാക്കിയിരുന്നു. പന്ത്രണ്ടാം വയസ്സിൽ ലൈബ്രറിയും വായനശാലയും സംവാദസമിതിയും നടത്തി. പതിന്നാലാം വയസ്സിൽ തന്നെ സാഹിത്യ മാസികകളിൽ കനപ്പെട്ട ലേഖനങ്ങൾ എഴുതി തുടങ്ങി . പതിനഞ്ചാം വയസ്സിൽ, തന്നേക്കാൾ ഇരട്ടി പ്രായമുള്ളവരെ പഠിപ്പിച്ചു. പതിനാറാം വയസ്സിൽ, തന്റെ സമപ്രായക്കാരെക്കാൾ ഒമ്പത് വർഷം മുമ്പായി, പരമ്പരാഗത ഇസ്‌ലാമിക വിദ്യാഭ്യാസം പൂർത്തിയാക്കി, ഒരു മാസികയും ആരംഭിച്ചു.

എന്നാൽ ഈ അസാമാന്യ പ്രതിഭ ആന്തരികമായി സ്വന്തം വിശ്വാസത്തെ തന്നെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു . പരമ്പരാഗത മതവിദ്യാഭ്യാസത്തിന്റെ കാർക്കശ്യത്തിൽ നിന്നും സങ്കുചിതമായ ചിന്തകളിൽ നിന്നും പതിമൂന്നാം വയസ്സിൽ തന്നെ ആസാദ് വിടുതൽ നേടിയിരുന്നു . സർ സയ്യിദ് അഹ്മദ് ഖാന്റെ ആധുനികതാവാദ രചനകളിൽ താല്പര്യം കാണിച്ച് തുടങ്ങിയ അദ്ദേഹം പതിന്നാലാം വയസ്സുമുതൽ ഇരുപത്തിരണ്ടാം വയസ്സുവരെ താൻ നിരീശ്വരവാദിയായിരുന്നു എന്ന കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ 1909 അവസാനത്തോടെ, ആസാദ് ഒരു "ആത്മീയ-ഭാവനാത്മക അനുഭവത്തിലൂടെ" കടന്നുപോയി. ഈ മാറ്റം അദ്ദേഹത്തിന്റെ മതവിശ്വാസത്തെ പുനരുജ്ജീവിപ്പിച്ചു, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അഗാധമായി ഉണർത്തി. ഈ "പരിവർത്തനത്തിനു" ശേഷമാണ് പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമെന്ന നിലയിൽ അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് ഉയർന്നത് .

അറബി, പേർഷ്യൻ, ഉർദു, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകളിലെ അഗാധമായ പാണ്ഡിത്യവും ഇസ്‌ലാമിക ദാർശനിക പാരമ്പര്യത്തോടുള്ള ആഴമേറിയ അടുപ്പവും അദ്ദേഹത്തെ ഒരു വ്യതിരിക്ത ബൗദ്ധികനാക്കി മാറ്റി. ആസാദ് തന്റെ ജീവിതം ആരംഭിച്ചത് ഒരു പത്രപ്രവർത്തകനായാണ്. പതിനൊന്നാം വയസ്സിൽ നൈറംഗ്-ഇ-ആലം എന്ന കാവ്യ മാസിക തുടങ്ങി. പന്ത്രണ്ടാം വയസ്സിൽ അൽ-മിസ്ബാഹ് എന്ന പ്രതിവാര പത്രത്തിന്റെ എഡിറ്ററായി. 1912-ൽ അദ്ദേഹം ഉർദു ആഴ്ചപ്പതിപ്പായ ‘അൽ-ഹിലാൽ’ആരംഭിച്ചു.

മൗലാന ആസാദ് അതിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെയും മതാധിഷ്ഠിത ചിന്തകളെയും ഒരേപോലെ വെല്ലുവിളിച്ചത്. അൽ-ഹിലാൽ ബ്രിട്ടീഷ് ഭരണത്തെ വിമർശിക്കുകയും ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി വാദിക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാൻ യുവ മുസ്‌ലിങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.പ്രസിദ്ധീകരണം ഏറെ ജനപ്രീതിയാർജ്ജിച്ചു , എന്നാൽ ബ്രിട്ടീഷുകാർ അത് നിരോധിച്ചു. 1915ൽ അദ്ദേഹം അൽ-ബലാഗ് എന്ന മറ്റൊരു പത്രം ആരംഭിച്ചു, അതും പെട്ടെന്ന് നിരോധിച്ചു.

മൗലാനാ ആസാദ് തന്റെ സമൂഹത്തോട് ധീരമായ ഭാഷയിലാണ് സംസാരിച്ചത്. അദ്ദേഹം ദേശീയതയെ ഒരു മതവികാരമായല്ല, ഒരു നൈതിക ഉത്തരവാദിത്വമെന്ന നിലയിലാണ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ രചനകൾ വെറും രാഷ്ട്രീയ പ്രസംഗങ്ങളായിരുന്നില്ല; അവയൊക്കെ ആത്മീയ ദർശനങ്ങളായിരുന്നു.മതം, ന്യായം, സ്വാതന്ത്ര്യം, മനുഷ്യബോധം എന്നിവയെ സമന്വയിപ്പിക്കുന്ന ആഴമേറിയ ചിന്തകളുടെ പ്രതിഫലനം.

ഗാന്ധിയുടെ സഖാവും സത്യത്തിന്റെ യോദ്ധാവും

1908ൽ ആസാദ് ഈജിപ്ത്, സിറിയ, തുർക്കി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ചു. അവിടെ അദ്ദേഹം യങ് തുർക്ക് പ്രസ്ഥാനത്തിലെ വിപ്ലവകാരികളെയും ഇറാഖിലെ സുന്നി വിപ്ലവകാരികളെയും കണ്ടുമുട്ടി. ഇവരുടെ സാമ്രാജ്യത്വ വിരുദ്ധതയും ദേശീയതയും അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോൾ, അദ്ദേഹം അരബിന്ദോ ഘോഷ്, ശ്യാം സുന്ദർ ചക്രവർത്തി തുടങ്ങിയ ഹിന്ദു വിപ്ലവകാരികളുമായി ബന്ധപ്പെട്ടു.

1920 ജനുവരിയിൽ, ആസാദ് മഹാത്മാ ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടി. ഹക്കീം അജ്മൽ ഖാന്റെ വീട്ടിൽ നടന്ന ഈ കൂടിക്കാഴ്ച ഇന്ത്യയുടെ ചരിത്രത്തിൽ നിർണായകമായിരുന്നു. ഗാന്ധിയുടെ അഹിംസാത്മക നിയമ ലംഘന പ്രസ്ഥാനത്തിൽ മൗലാന ആസാദ് ആകൃഷ്ടനായി .അദ്ദേഹം ഗാന്ധിയുടെ ആശയങ്ങളെ - സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം, സ്വരാജ്, സത്യാഗ്രഹം ആവേശത്തോടെ സ്വീകരിച്ചു.

ഗാന്ധിയും ആസാദും ചേർന്ന് ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും സംഘടിപ്പിച്ചു. 1919-ലെ റൗലറ്റ് നിയമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഒരുമിച്ച് ജയിലിൽ പോയി. ഗാന്ധി ആസാദിന്റെ ബുദ്ധിശക്തിയെ പ്ലേറ്റോ, അരിസ്റ്റോട്ടിൽ, പൈതഗോറസ് തുടങ്ങിയവരുമായാണ് താരതമ്യപ്പെടുത്തിയത്.

നെഹ്റുവിന്റെ കൂട്ടുകാരൻ, സന്തത സഹചാരി

1928-ഓടെ, ആസാദും ജവഹർലാൽ നെഹ്റുവും അടുത്ത സുഹൃത്തുക്കളായി. 1936-ൽ ആസാദ് നെഹ്റുവിന്റെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു. സോഷ്യലിസം അസമത്വവും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യാൻ സഹായിക്കുമെന്ന് ആസാദ് വിശ്വസിച്ചു. രണ്ടുപേരുടെയും ബന്ധം ആശയവൈവിധ്യങ്ങളിൽ ദൃഢപ്പെട്ടതായിരുന്നു. അവർ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചെങ്കിലും, ഇന്ത്യയുടെ ഭാവി മതേതരവും സഹിഷ്ണുതയുമാകണമെന്ന വിശ്വാസത്തിൽ ഒന്നിച്ചുനിന്നു. നെഹ്റു അദ്ദേഹത്തെ "മഹാനായ പണ്ഡിതനും ധീരനായ ആത്മാവും " എന്നായിരുന്നു വിശേഷിപ്പിച്ചത് .

വിഭജിക്കപ്പെടാത്ത ഇന്ത്യയെന്ന സ്വപ്നം, ഒരു പ്രവാചകന്റെ മുന്നറിയിപ്പ്

1940ൽ, ആസാദ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി. അദ്ദേഹത്തിന് 52 വയസ്സായിരുന്നു, എന്നാൽ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡന്റെന്ന റെക്കോർഡും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.1923-ൽ, 35-ആം വയസ്സിൽ അദ്ദേഹം ആദ്യമായി ആ സ്ഥാനം വഹിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ വർഷങ്ങളിൽ 1940 മുതൽ 1946 വരെ, ദീർഘകാലം അദ്ദേഹം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡണ്ട് പദവിയിലുണ്ടായിരുന്നു.

ഇതേ കാലയളവിൽ, മുഹമ്മദ് അലി ജിന്നയുടെ "ദ്വിരാഷ്ട്ര സിദ്ധാന്തം" ശക്തി പ്രാപിച്ചു. പാക്കിസ്ഥാന് വേണ്ടിയുള്ള ആവശ്യം ഉയർന്നു. എന്നാൽ മൗലാനാ ആസാദ് അതിനെ ശക്തമായി എതിർത്തു. 1940ലെ കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും ചരിത്രത്തിലെ ഉജ്ജ്വല വചനങ്ങളാണ്

"ഞാൻ ഒരു മുസ്‌ലിമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ ഞാൻ അതേ സമയം ഒരിന്ത്യക്കാരനുമാണ്. ഈ രാജ്യത്തിന്റെ ഐക്യത്തിൽ നിന്ന് എന്നെ അടർത്തി മാറ്റാൻ ആർക്കുമാവില്ല ." അദ്ദേഹം തുടർന്നു പറഞ്ഞു:

"മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്നത് ഇന്ത്യയുടെ ആത്മാവിനെ മുറിക്കുന്നതുപോലെയാണ്.” രാംഗഡ് സമ്മേളനത്തിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആസാദ് ശക്തമായി പ്രഖ്യാപിച്ചു: "ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചില്ലെങ്കിൽ ഞാൻ ഇന്ത്യയുടെ സ്വാതന്ത്ര്യം സ്വീകരിക്കില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെങ്കിൽ അത് ഇന്ത്യയുടെ നഷ്ടമായിരിക്കും. എന്നാൽ ഹിന്ദുക്കളും മുസ്‌ലിംകളും ഐക്യപ്പെട്ടില്ലെങ്കിൽ അത് മുഴുവൻ മനുഷ്യരാശിയുടെയും നഷ്ടമായിരിക്കും."

മുസ്‌ലിംകൾ ആയിരം വർഷങ്ങളായി ഇന്ത്യയിൽ ജീവിക്കുന്നു, അവർ "വിദേശികളല്ല" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു . വിഭജനം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ "നിത്യ ശത്രുതയുടെ വിത്തുകൾ" വിതയ്ക്കുമെന്നും, സ്വതന്ത്രമെങ്കിലും , ദുർബലമായ വിഭജിത രാജ്യത്തേക്കാൾ ഒരു ഏകീകൃത ഇന്ത്യയാണ് രണ്ട് സംസ്കാരങ്ങളെയും നന്നായി സംരക്ഷിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒറ്റപ്പെടലിന്റെയും തോൽവിയുടെയും വേദന

1946-ൽ, കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ, ആസാദ് ബ്രിട്ടീഷ് കാബിനറ്റ് മിഷനുമായി ചർച്ചകൾ നയിച്ചു, വിഭജനം ഒഴിവാക്കാൻ നിരന്തരം ശ്രമിച്ചു. എന്നാൽ ലോർഡ് മൗണ്ട്ബാറ്റൻ ഇന്ത്യയെ വിഭജിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും നെഹ്രുവിനെയും സർദാർ പട്ടേലിനെയും അദ്ദേഹം അത് ബോധ്യപ്പെടുത്തിയെന്നും അറിഞ്ഞപ്പോൾ ആസാദ് ഹൃദയഭേദകമായ വേദനയോടെ തകർന്നുപോയി.

ആസാദ് അവസാന നിമിഷം വരെയും തന്റെ സഹപ്രവർത്തകരെ വിഭജനം ഒഴിവാക്കാൻ മിനക്കെട്ട് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സർദാർ പട്ടേൽ വിഭജനത്തിന് ശക്തമായി അനുകൂലമായിരുന്നു, ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരു രാജ്യമാക്കി മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ആസാദ് തന്റെ ആത്മകഥയായ “ഇന്ത്യ വിൻസ് ഫ്രീഡം “എഴുതിയപ്പോൾ അദ്ദേഹം കുറിച്ചു: "ജിന്നയല്ല, പട്ടേലാണ് വിഭജനത്തിന്റെ യഥാർത്ഥ പതാകവാഹകനായത്.

നെഹ്റു നേരിട്ട് വിഭജനത്തെ അനുകൂലിച്ചു സംസാരിച്ചില്ല, വിഭജനത്തെ തടയാനുള്ള തന്റെ അവസാന പ്രതീക്ഷയായിരുന്ന ഗാന്ധിജിയേയും ലോർഡ് മൗണ്ട്ബാറ്റൻ വിഭജനത്തിന്റെ അനിവാര്യതയിലേക്ക് വഴിമാറിച്ചെന്ന് തിരിച്ചറിഞ്ഞ നിമിഷം, ആസാദിന്റെ മനസ്സ് തകർന്നു. ചരിത്രം തന്റെ കൈകളിൽ നിന്ന് പതുക്കെ വഴുതി പോകുന്നതു നോക്കി നിൽക്കേണ്ടിവന്ന ആ ദുഃഖം അദ്ദേഹത്തിന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിച്ചു.

അവസാന നിമിഷം വരെ ശക്തമായി എതിർത്ത് നോക്കിയെങ്കിലും ആസാദിന് ഒടുവിൽ വിഭജനം അംഗീകരിക്കുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രമേയത്തിൽ ഒപ്പു വെക്കേണ്ടി വന്നു. ഒഴിവാക്കാനാവാത്ത ചരിത്രപരമായ അനിവാര്യതയെന്ന നിലയിലാണ് അദ്ദേഹത്തിന് അത് ചെയ്യേണ്ടി വന്നത്.

പ്രവചനങ്ങൾ പുലരുന്നു

1947 ഓഗസ്റ്റ് 15

ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ, വിഭജനവും നടന്നു .ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുടിയേറ്റവും പത്തുലക്ഷത്തിലധികം ആളുകളുടെ മരണവും സംഭവിച്ചു. മൗലാനാ ആസാദിന്റെ പ്രവചനങ്ങൾ സത്യമായി. സ്വാതന്ത്ര്യത്തിനുശേഷം 1947 ഒക്ടോബർ 23-ന്,തന്റെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതിന്റെ വേദനയോടെ ഡൽഹിയിലെ ജുമാ മസ്ജിദിൽ മുസ്‌ലിംകളോട് അദ്ദേഹം ഇങ്ങിനെ പറഞ്ഞു:

“ഇന്ത്യയിലെ മൂന്നരക്കോടി മുസ്‌ലിംകൾ ദുർബലരും വിദേശികളും അന്യരുമായി മാറും. “ഇത് നിങ്ങളുടെ നാടാണ് ; ചരിത്രത്തിൽ നിങ്ങളുടെ പങ്ക് വലുതാണ്; ഇന്ത്യ വിട്ട് പോകരുത് .”

ആ പ്രസംഗം അദ്ദേഹത്തിന്റെ വേദനയും ആശങ്കയും മാത്രമല്ല, മുസ്ലിങ്ങളോട് ആത്മീയതയോടെ ഒരു ദേശീയ നേതാവ് നടത്തിയ അഭ്യർഥനയായിരുന്നു . വേദന നിറഞ്ഞ ആത്മാവിന്റെ സ്വരമായിരുന്നു അവിടെ ഉയർന്ന് കേട്ടത് . ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തോടുള്ള പ്രതിബദ്ധതയാണ് ആ വാക്കുകളിലൂടെ പുറത്ത് വന്നത്. പാക്കിസ്ഥാൻ നിലനിൽക്കില്ലെന്നും അദ്ദേഹം മുൻകൂട്ടി കണ്ടു . കഴിവില്ലാത്ത രാഷ്ട്രീയ നേതൃത്വം സൈനിക ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും, വൻ വിദേശ കടബാധ്യതകൾ ഉണ്ടാകുമെന്നും, അയൽക്കാരുമായി സംഘർഷങ്ങൾ ഉണ്ടാകുമെന്നും, ആഭ്യന്തര അസ്വസ്ഥതകൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു.

വിദ്യാഭ്യാസം – രാഷ്ട്രത്തിന്റെ ആത്മാവ്

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായപ്പോൾ മൗലാനാ ആസാദ് രാഷ്ട്രത്തിന്റെ ഭാവി വിദ്യാഭ്യാസത്തിലാണെന്ന തന്റെ വിശ്വാസം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾക്ക് മുൻതൂക്കം നൽകി. വിഭജനത്തിന്റെ വേദന ഉണ്ടായിരുന്നിട്ടും , അദ്ദേഹം ഇന്ത്യയുടെ വിദ്യാഭ്യാസ അടിത്തറ കെട്ടിപ്പോക്കുന്നതിൽ ശ്രദ്ധ കൊടുത്തു .

സർവകലാശാല ഗ്രാന്റ് കമ്മീഷൻ (UGC), സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) എന്നീ സ്ഥാപനങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ആദ്യത്തെ IIT (ഖരഗ്പൂർ, 1951) ഉൾപ്പെടെ IIT സംവിധാനത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ നേതൃത്വവും പിന്തുണയും നിർണായകമായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം വെറും സ്ഥാപനങ്ങൾ സ്ഥാപിക്കുക മാത്രമല്ലായിരുന്നു; ചിന്തിക്കാനും ചോദിക്കാനും സംവദിക്കാനും കഴിയുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruMaulana Abul Kalam Azadpluralism
News Summary - Maulana Abul Kalam Azad: The Intellectual Architect of a United India
Next Story