ജീവിതം മാറ്റിമറിക്കും ജാപ്പനീസ് ശീലങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
ടോയ്‍ലറ്റ് വൃത്തിയാക്കുന്നത് മുതൽ സമീകൃതമായ പ്രഭാതഭക്ഷണം വരെയും, നന്ദി പ്രകടിപ്പിക്കുന്നത് മുതൽ മിനിമലിസത്തിലൂടെ അച്ചടക്കം കൊണ്ടുവരുന്നതു വരെ, ഒട്ടേറെ ചെറുശീലങ്ങൾ നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ പോസിറ്റിവായി മാറ്റിയെടുക്കാൻ സഹായിക്കുമെന്ന് ജാപ്പനീസ് ചിന്തകൾ പറയുന്നു.
ദിവസവും നിങ്ങളുടെ ടോയ്‍ലറ്റ് വൃത്തിയാക്കാം: ഭാഗ്യവും ഐശ്വര്യവും ഇതിലൂടെ കൈവരുമെന്നാണ് ജാപ്പനീസ് വിശ്വാസം. ഭാഗ്യം വന്നാലുമില്ലെങ്കിലും ഇത് നമ്മുടെ മനോഭാവത്തെ കാര്യമായി സ്വാധീനിക്കും. ജപ്പാനിൽ സമ്പന്നർ വരെ അവരുടെ ശുചിമുറികൾ സ്വയം വൃത്തിയാക്കാറുണ്ട്.
പുളിപ്പിച്ച ഭക്ഷണങ്ങൾ: ജപ്പാൻകാർ മിസോ, നട്ടോ, കോജി തുടങ്ങിയ തങ്ങളുടെ ഫെർമെന്റഡ് വിഭവങ്ങൾ എല്ലായ്പോഴും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ദഹനശക്തിയും പ്രതിരോധശേഷിയും വർധിപ്പിക്കാനാണിത്.
വയറ് 80 ശതമാനം നിറഞ്ഞാൽ മതിയാക്കുക: ‘ഹരാ ഹാച്ചി ബു’ എന്നാണിതിന് പറയുന്നത്. അമിത ഭക്ഷണം ചെറുത്ത് ശരീരം ആയാസരഹിതമാക്കാൻ ഈ ശീലം സഹായിക്കുമത്രെ.
മല കയറാം: ജോലിഭാരംകൊണ്ട് തളർന്നെങ്കിൽ പർവതങ്ങളിലേക്ക് നടന്നുപോകാമെന്ന് ജപ്പാൻകാർ പറയും. പച്ചപ്പും നല്ല വായുവും സ്ക്രീനിൽനിന്നുള്ള മോചനവുമെല്ലാം ഇതിൽ നിന്ന് സാധ്യമാകും.
മികച്ച പോസ്ച്വർ: ഇരിക്കുകയാണെങ്കിൽ നേരെ ഇരിക്കാനും നടക്കുകയാണെങ്കിൽ ശരിയാംവിധം നടക്കാനും ശ്രദ്ധിക്കണം. മോശം ഇരിപ്പും നടപ്പും ആരോഗ്യത്തെ ബാധിക്കും, ഒപ്പം ആത്മവിശ്വാസത്തെയും.
നേരത്തേ കിടന്ന് നേരത്തേ എഴുന്നേൽക്കാം: ജാപ്പനീസ് ചര്യകളിൽ ഏറ്റവും പ്രധാനമാണിത്. ശാന്തമായ പ്രഭാതം മനസ്സിനെയും ശാന്തമാക്കും.
വീട് മിനിമലായിരിക്കുക, വൃത്തിയായിരിക്കുക: പലതരം സാധനസാമഗ്രികൾ നിറഞ്ഞുകവിഞ്ഞ വീട്ടിൽ താമസിക്കുന്നത് മാനസികമായി തളർത്തുമെന്നാണ് അവരുടെ കാഴ്ചപ്പാട്. ജാപ്പനീസ് വീടുകൾ വൃത്തിയുടെയും ലാളിത്യത്തിന്റെയും പ്രതീകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

