അനുപമയുടെ കുഞ്ഞിനെ കൈമാറിയത് ആന്ധ്ര സ്വദേശികൾക്ക്; പേര് ആദ്യം മലാല, പിന്നെ പെലെ, അവസാനം സിദ്ധാർഥ്
text_fieldsഅനുപമ
തിരുവനന്തപുരം: മകൾക്ക് ജനിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി നാടുകടത്താൻ മാതാപിതാക്കളും സി.പി.എം നേതാക്കളും പ്രമുഖ അഭിഭാഷകരും ചേർന്ന് ആസൂത്രണം ചെയ്തത് സിനിമയെ വെല്ലുന്ന തിരക്കഥ. എസ്.എഫ്.ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിെൻറ ലിംഗ നിർണയവും ഡി.എൻ.എയും അട്ടിമറിച്ചാണ് കുട്ടിയെ ആന്ധ്ര സ്വദേശികൾക്ക് കൈമാറിയത്.
ഡി.വൈ.എഫ്.ഐ നേതാവായ അജിത്തുമായുള്ള പ്രണയത്തെ തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 19നാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. അജിത് വേറെ വിവാഹിതനായിരുന്നതിനാൽ അന്നു മുതൽ കുട്ടിയെ ഒഴിവാക്കുന്നതിന് അനുപമയുടെ മാതാപിതാക്കൾ സി.പി.എം സംസ്ഥാന, ജില്ല നേതാക്കളുമായും സർക്കാർ പ്ലീഡർമാരുമായും കൂടിയാലോചന നടത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഇവരുടെയെല്ലാം നിർദേശപ്രകാരമാണ് ശിശുക്ഷേമസമിതിയിൽ കുട്ടിയെ ഏൽപിച്ചതത്രെ.
സമിതി ജനറൽ സെക്രട്ടറിയുടെ നിർദേശപ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് 2020 ഒക്ടോബർ 22ന് രാത്രി 12.30ന് അമ്മത്തൊട്ടിലിെൻറ മുൻവശത്തുനിന്ന് അനുപമയുടെ മാതാപിതാക്കളുടെ കൈയിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങിയത്. കുട്ടിക്ക് ഒരു വർഷത്തേക്കുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഇവർ കൈമാറിയിരുന്നു. രാത്രി 12.45ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നിയമപരമായ ശാരീരിക പരിശോധനക്കെത്തിച്ച ആൺകുട്ടിയെ ജനറൽ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പെൺകുട്ടിയായി രേഖപ്പെടുത്തിയത്. ഇതിന് ഡോക്ടർമാരടക്കം ആശുപത്രി ജീവനക്കാരെയും സ്വാധീനിച്ചു.
അടുത്ത ദിവസം സമിതിയിൽനിന്ന് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പുതുതായി ലഭിച്ച കുഞ്ഞിന് 'മലാല' എന്ന് പേരിട്ടതായാണ് ജനറൽ സെക്രട്ടറി ഷിജുഖാൻ അറിയിച്ചത്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നതിെൻറ ഭാഗമായാണ് മലാല യൂസഫ് സായിയോടുള്ള ബഹുമാനാർഥം ഈ പേര് നൽകിയതെന്നും പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
എന്നെങ്കിലും കുട്ടിയെ തേടി അനുപമ എത്തിയാൽ സത്യം മറച്ചുവെക്കാൻ നടത്തിയ നാടകമായിരുന്നു ഇെതന്നാണ് ആക്ഷേപം. ആശുപത്രിയിൽ നടന്ന തിരിമറി ഒരു വിഭാഗം ജീവനക്കാർ പുറത്തുവിട്ടതോടെ 'അബദ്ധ'മെന്ന പേരിൽ ഇദ്ദേഹം കൈയൊഴിഞ്ഞു. കുട്ടിക്ക് 'എഡ്സൺ പെലെ' എന്ന് പേരിട്ടതായും തൊട്ടടുത്ത ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ, ഒക്ടോബർ 23ന് വൈകീട്ട് അമ്മത്തൊട്ടിലിൽ ലഭിച്ച ആൺകുട്ടിക്കായിരുന്നു പെലെ എന്ന പേര് നൽകിയത്. അനുപമയുടെ മകന് സിദ്ധാർഥ് എന്ന് പുനർനാമകരണം ചെയ്തത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ്. ഈ വിവരം രഹസ്യമാക്കിെവച്ചു.
ദത്ത് നൽകൽ നടപടിയുടെ ഭാഗമായി ജില്ല ശിശുസംരക്ഷണ യൂനിറ്റ് നിയമപരമായി അവകാശികൾക്ക് ബന്ധപ്പെടാൻ പത്രപ്പരസ്യം നൽകിയെങ്കിലും സിദ്ധാർഥിെൻറ കഥകൾ അറിയാമായിരുന്ന ജനറൽ സെക്രട്ടറി സത്യം മൂടിവെച്ചു. ആഗസ്റ്റ് ഏഴിനാണ് സിദ്ധാർഥിനെ ആന്ധ്ര സ്വദേശികളായ ദമ്പതികൾക്ക് ദത്ത് നൽകിയത്. സാധാരണ ജനറൽ സെക്രട്ടറിയാണ് കൈമാറുന്നതെങ്കിലും ഏഴിന് ജനറൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം സമിതിയിലെ നഴ്സാണ് കുട്ടിയെ കൈമാറിയത്.
ദത്ത് കൊടുക്കുന്നതിനുമുമ്പുതന്നെ കുട്ടിയെ ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽെഫയർ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. ആ പരാതി നിൽക്കെയായിരുന്നു കുട്ടിയുടെ കൈമാറ്റം. അനുപമ ശിശുക്ഷേമ സമിതിയിലെത്തിയെങ്കിലും കുട്ടിയില്ലെന്ന മറുപടിയാണ് നൽകിയത്. ഡി.എൻ.എ ഫലം ആവശ്യപ്പെട്ട് അപേക്ഷ നൽകിയപ്പോൾ പെലെയുടെ ഡി.എൻ.എ പരിശോധനാ ഫലം കാണിച്ച് ഇരുവരെയും ശിശുക്ഷേമ സമിതി അധികൃതർ മടക്കി അയച്ചു.
എെൻറ കുഞ്ഞിനെ പിടിച്ചുപറിക്കാൻ അവർക്കെന്തവകാശം? -അനുപമ ചോദിക്കുന്നു
നൊന്തുപ്രസവിച്ച കുഞ്ഞിനെ വീണ്ടെടുക്കാൻ അനുപമ എന്ന അമ്മ നടത്തുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരളമിന്ന്. ജനിച്ച് മൂന്നാംദിവസം മാറിൽനിന്ന് അടർത്തിെയടുക്കപ്പെട്ട കുരുന്നിനെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടം. എതിരാളികൾ ശക്തരെങ്കിലും പിന്മാറാൻ ഒരുക്കമല്ലെന്ന് ഉറച്ചു പറയുകയാണവർ. ഒപ്പം എത്ര ജാതീയമാണ് രാഷ്്ട്രീയ കേരളമെന്ന് തുറന്നു കാട്ടുകയും ചെയ്യുന്നു...
എെൻറ മാതാപിതാക്കൾ വ്യത്യസ്ത മതത്തിൽെപട്ടവരും സ്നേഹിച്ച് വിവാഹം കഴിച്ചവരുമാണ്. പിതാവ് പി.എസ്. ജയചന്ദ്രൻ ഈഴവനാണ്. മാതാവ് സ്മിത ക്രിസ്ത്യനും. അടിയുറച്ച പാർട്ടി കുടുംബമായതുകൊണ്ടുതന്നെ മത- ജാതി മേൽക്കോയ്മകളിൽ വിശ്വസിക്കാത്തവരെന്നാണ് ഇത്രകാലം ഞാൻ കരുതിപ്പോന്നത്. അവർക്ക് ജാതിചിന്ത വികാരങ്ങൾ ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഇപ്പോഴാണ്. എെൻറ ജീവിതപങ്കാളി അജിത്ത് ദലിതനായതാണ് അവരുടെ പ്രശ്നം. ഞങ്ങൾ പാർട്ടി പ്രവർത്തനത്തിനിടയിലാണ് പരിചയപ്പെട്ടതും ഇഷ്ടത്തിലായതും. അജിത്തിെൻറ ആദ്യവിവാഹത്തിെൻറ കാര്യങ്ങൾ എനിക്കറിയാമായിരുന്നു. ആ ബന്ധം വിവാഹമോചനത്തിെൻറ വക്കിലായിരുന്നു. അല്ലാതെ ചിലർ പ്രചരിപ്പിക്കുന്നതുപോലെ ഞങ്ങൾ ഇഷ്ടപ്പെട്ട ശേഷമല്ല അവർ ബന്ധം വേർെപടുത്തിയത്.
ഗർഭിണിയായി എട്ടാം മാസത്തിലാണ് ഞങ്ങളുടെ ബന്ധം വീട്ടുകാർ അറിഞ്ഞത്. അതോടെ ഭീഷണിയും മർദനവുമായി. അവർക്ക് എങ്ങനെയെങ്കിലും ഗർഭം ഇല്ലാതാക്കിയാൽ മതിയായിരുന്നു. മാനസിക സമ്മർദത്താൽ ഞാൻ കരയുേമ്പാൾ അമ്മ പറഞ്ഞത് ''നീ എത്ര വേണമെങ്കിലും കരഞ്ഞോ. ഞങ്ങൾക്ക് പ്രശ്നമില്ല. ഗർഭച്ഛിദ്രത്തിന് സമ്മതിച്ചാൽ മാത്രം മതി'' എന്നാണ്. ''നിെൻറ വയറ്റിൽ കിടക്കുന്നത് മാംസപിണ്ഡമല്ലേ, പിന്നെന്താ കളഞ്ഞാൽ'' എന്നായിരുന്നു ചേച്ചിയുടെ ചോദ്യം. ഗർഭിണിയായ സമയത്ത് അനുഭവിച്ച പീഡനങ്ങൾ ഓർത്തു പറയുേമ്പാൾ പോലും ഭയംതോന്നുന്നു.
കുഞ്ഞിനെ കൊണ്ടുപോയിട്ട് ഒരുവർഷം കഴിഞ്ഞു
2020 ഒക്ടോബർ 19നാണ് ഞാൻ ആൺകുഞ്ഞിനെ പ്രസവിച്ചത്. കോവിഡ് ബാധിച്ചതിനാൽ സിസേറിയനായിരുന്നു. 22ന് വീട്ടിലേക്ക് മടങ്ങവേ മാതാപിതാക്കൾ കുഞ്ഞുമായി പോയി. വീട്ടിലെത്തി കുഞ്ഞിനെ ചോദിച്ച് ഞാൻ ബഹളം വെച്ചപ്പോഴാണ് അവർ പറഞ്ഞത് കുഞ്ഞിനെ ഒരിടത്ത് ഏൽപിച്ചിരിക്കുകയാണെന്ന്. മൂത്ത സഹോദരിയുടെ വിവാഹം കഴിയുന്നതുവരെ സംഭവം ആരുമറിേയണ്ടെന്നും അതിനുശേഷം കുഞ്ഞിനെ കൊണ്ടുവരാമെന്നും പറഞ്ഞപ്പോൾ സമ്മതിച്ചു. തുടർന്ന് പുറത്തിറങ്ങാൻപോലും അനുവാദമില്ലാത്ത വിധം വീട്ടുതടങ്കലിലാക്കി. പിന്നീട് സഹോദരിയുടെ വിവാഹ ആവശ്യത്തിന് സ്ഥലം വിൽക്കാനാണെന്നുപറഞ്ഞ് ഒന്നും എഴുതാത്ത മുദ്രപ്പത്രത്തിൽ ഒപ്പുവെപ്പിച്ചു. കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാൽ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ എനിക്ക് സമ്മതമാണെന്ന് അവർ അതിൽ എഴുതിച്ചേർത്തു.
ആ മുദ്രപ്പത്രം കാണിച്ചാണ് എെൻറ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്ന് ശിശുക്ഷേമ സമിതി അവകാശപ്പെടുന്നത്. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുനൽകാൻ നീക്കമില്ലെന്നു മനസ്സിലായതോടെ 2021 മാർച്ച് 19ന് വീടുവിട്ടിറങ്ങി അജിത്തിെനാപ്പം താമസം തുടങ്ങി. കുഞ്ഞിനെ ദത്തുനൽകാൻ ശ്രമമുണ്ടെന്നറിഞ്ഞതോടെയാണ് ഏപ്രിലിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയത്. അവർ കേസെടുത്തില്ല. ഇത്രനാൾ ക്ഷമിച്ചിരുന്നത് കുഞ്ഞിനെ തിരിച്ചുതരുമെന്നു കരുതിയാണ്. അവർക്കതിനുള്ള ഉദ്ദേശ്യമില്ലെന്ന് അറിഞ്ഞപ്പോഴാണ് മാധ്യമങ്ങൾക്കുമുന്നിലെത്തിയത്. പാർട്ടിയിൽ ആരും കൂടെ നിന്നില്ല. എല്ലാവരും മാതാപിതാക്കൾക്കൊപ്പമായിരുന്നു. ഒരു മനുഷ്യജീവി പോലും കൂടെനിന്നില്ലെങ്കിലും കുഞ്ഞിനെ വീണ്ടെടുക്കാൻ നിയമത്തിെൻറ ഏതറ്റം വരെയും ഞാൻ പോകും.
നേതാക്കളേ, ചരിത്രം നിങ്ങളെ കുറ്റക്കാരെന്നു വിധിക്കും
അജിത്തിനൊപ്പം താമസം തുടങ്ങിയശേഷം, പാർട്ടി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അജിത്തിെൻറ പിതാവിനെ വിളിച്ചുവരുത്തി, അനുപമയെ തിരിച്ചുെകാണ്ടാക്കിയില്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോഴദ്ദേഹം അത് മാറ്റിപ്പറയുന്നു. പ്രസവത്തിന് കുറച്ചുനാൾ മുമ്പ് പബ്ലിക് പ്രോസിക്യൂട്ടറും പഴയ തീപ്പൊരി യുവനേതാവുമായ അഡ്വ. ഗീനാകുമാരി പിതാവിെൻറ ഫോണിൽ വിഡിയോകാൾ ചെയ്തു. അജിത്തിന് അനുപമയെ വേണ്ടെന്നും ആദ്യ ഭാര്യക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും ഗർഭച്ഛിദ്രത്തിന് സമ്മതിക്കണമെന്നും പറഞ്ഞു. അജിത്തിനെ എനിക്കറിയാമെന്നും അങ്ങനെ പറയില്ലെന്നും പ്രതികരിച്ചതോടെ ''നീ വേണമെങ്കിൽ വിശ്വസിച്ചാൽ മതി. നിന്നെ വിശ്വസിപ്പിക്കേണ്ട ആവശ്യം എനിക്കില്ല'' എന്ന് ദേഷ്യപ്പെട്ടു.
അതിനുശേഷം അജിത്തിനെ വിളിച്ചു. അനുപമക്ക് കുഞ്ഞിെനയും അജിത്തിനെയും വേണ്ട. ബന്ധത്തിൽനിന്ന് ഒഴിവായില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും പുറത്തിറങ്ങാത്ത വിധത്തിൽ കേസിലുൾപ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. കുഞ്ഞിനെക്കുറിച്ച് അേന്വഷിക്കുേമ്പാഴൊക്കെ അച്ഛൻ ആവശ്യപ്പെട്ടതനുസരിച്ച് അജിത്തിനെ അഞ്ചാറുതവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. പരാതി നൽകിയിട്ടും ആരും ഞങ്ങളെ സഹായിച്ചില്ല. വൃന്ദ കാരാട്ട് മാത്രമാണ് നന്നായി പെരുമാറിയത്. എന്നെ ആശ്വസിപ്പിച്ചു. പരാതി പി.കെ. ശ്രീമതിക്ക് അയച്ചുകൊടുത്തു. വൃന്ദ കാരാട്ടിെൻറ നിർേദശപ്രകാരം പി.കെ. ശ്രീമതി വിളിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്നു ചെയ്യാം, നാെള ചെയ്യാം എന്നൊക്കെ പറഞ്ഞ് അവർ കാര്യങ്ങൾ വൈകിപ്പിക്കുകയാണ് ചെയ്തത്.
ഡി.എൻ.എ ടെസ്റ്റ് മറ്റൊരു കുഞ്ഞിനെ കാണിച്ച്
ഡി.എൻ.എ ടെസ്റ്റ് ആവശ്യപ്പെട്ടത് ഞാൻ തന്നെയായിരുന്നു. ശിശുക്ഷേമ സമിതിയിൽ ചെന്നപ്പോൾ ഒരുദിവസംതന്നെ കിട്ടിയ രണ്ടു കുട്ടികൾ അവിടെയുണ്ടെന്നു പറഞ്ഞു. മൂന്നുദിവസം മാത്രം എനിക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അതുെകാണ്ടാണ് ഡി.എൻ.എ പരിശോധനക്ക് നൽകിയത്. ഫലം നെഗറ്റിവായിരുന്നു. മറ്റൊരു കുഞ്ഞിനെ കാണിച്ചാണ് അവർ ടെസ്റ്റ് നടത്തിയത്. അവർ അതൊക്കെ നേരേത്ത ആസൂത്രണം ചെയ്തിരുന്നു.
പാർട്ടി ആദ്യം കൈയൊഴിഞ്ഞു, പിന്നെ പുറത്താക്കി
ഡി.വൈ.എഫ്.ഐ പേരൂർക്കട മേഖല സെക്രട്ടറിയായിരുന്ന അജിത്തിനെ ഞങ്ങൾ തമ്മിലെ ബന്ധം അറിഞ്ഞപ്പോൾതന്നെ വിശദീകരണംപോലും ചോദിക്കാതെ പുറത്താക്കിയിരുന്നു. പിതാവിെൻറ സ്വാധീനത്താലാവണം അന്ന് എന്നെ പുറത്താക്കിയില്ല. ഈ സെപ്റ്റംബറിലാണ് എന്നെ നാടകീയമായി പുറത്താക്കിയത്. ബ്രാഞ്ച് സമ്മേളനം നടക്കുേമ്പാൾ അറിയിച്ചിരുന്നില്ല. അതിൽ പങ്കെടുത്തില്ലെന്നും അംഗത്വം പുതുക്കിയില്ലെന്നുമാണ് കാരണം പറഞ്ഞത്.
അവർക്ക് പ്രശ്നം എെൻറ ജാതി–അജിത്ത്
ഞാൻ നേരേത്ത വിവാഹിതനായിരുന്നു. മുസ്ലിം സമുദായത്തിൽനിന്നുള്ള യുവതിയെ. 2011ൽ നിയമപരമായാണ് വിവാഹം ചെയ്തത്. എന്നാൽ, കുറച്ചുകാലം മുമ്പ് അവർ തന്നെ ഇങ്ങോട്ട് ആവശ്യപ്പെട്ടു, പിരിയാമെന്ന്. മതം മാറി വിവാഹിതയായതുകൊണ്ട് അവരുടെ വീട്ടുകാർക്കുണ്ടാകുന്ന പ്രശ്നങ്ങളായിരുന്നു അവരെ അലട്ടിയിരുന്നത്. മൂന്നുവർഷം ഒരു വീട്ടിൽ മുകളിലും താഴെയുമായി കഴിഞ്ഞു.
ജനുവരിയിലാണ് വിവാഹമോചനം നേടിയത്. ഡിവോഴ്സ് നൽകരുതെന്നുപറഞ്ഞ് പാർട്ടിക്കാർ ആ യുവതിയെ കാണുകയും ജോലി വാഗ്ദാനം നൽകുകയും ചെയ്തു. അതിന് വഴങ്ങാതെ അവർ വിവാഹമോചനത്തിന് തയാറായി. ഈ ബന്ധത്തിൽ കുട്ടികളില്ല. ബി.എസ്സി നഴ്സിങ് കഴിഞ്ഞ് വീട്ടിനടുത്ത ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്നു ഞാൻ. ഈ പ്രശ്നം വന്നതോെട പൊലീസ് നിരന്തരം ആശുപത്രിയിൽ കയറിയിറങ്ങി. അവർക്ക് ശല്യമായതോടെ പിന്നീട് ജോലിക്ക് പോയിട്ടില്ല.
Read More:
കുഞ്ഞിനെ വേണം; അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങി
എെൻറ കുഞ്ഞിനെ പിടിച്ചുപറിക്കാൻ അവർക്കെന്തവകാശം? -അനുപമ ചോദിക്കുന്നു
ഷിജുഖാനും ശിശുക്ഷേമ സമിതിയും സംശയ നിഴലിൽ; തുടക്കം മുതൽ ഒടുക്കം വരെ നടത്തിയ നിയമലംഘനങ്ങൾ ഇങ്ങനെ