പൊലീസ് വിമർശനത്തിന് നടപടി; സീനിയർ സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു
text_fieldsഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: പൊലീസ് സേനയിലെ അച്ചടക്കം തുടർച്ചയായി ലംഘിച്ചുവെന്നാരോപിച്ച് സീനിയർ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് ആർ ഐ.പി.എസാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. നിലവിൽ പത്തനംതിട്ട ആറൻമുള സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഉമേഷ്.
പൊലീസിലെ നെറികേടുകൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുകയും, ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ട് ഉദ്യോഗസ്ഥർക്ക് തലവേദനയായ കോഴിക്കോട് സ്വദേശി ഉമേഷ് വള്ളിക്കുന്നിനെതിരെ നവംബർ അവസാന വാരത്തിൽ പത്തനംതിട്ട എസ്.പി പിരിച്ചുവിടാൻ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സർവീസ് കാലയളവിൽ ഉടനീളം 11 തവണ വകുപ്പുതല അച്ചടക്ക നടപടികൾക്ക് ഉമേഷ് വിധേയനായിട്ടുണ്ടെന്ന് പിരിച്ചുവിടലിന് കാരണമായി വിശദീകരിച്ചു. തുടർച്ചയായി പൊലീസ് സേനക്ക് നടപടി ക്രമങ്ങളും, പെരുമാറ്റവും കണ്ടെത്തിയെന്നും വ്യക്തമാക്കി. സർവീസിലിരിക്കുമ്പോഴും സസ്പെൻഷനിലായപ്പോഴും ഉമേഷ് വള്ളിക്കുന്നിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ഉണ്ടായെന്ന് ഉത്തരവിൽ പറയുന്നു.
മേലുദ്യോഗസ്ഥരെയും പൊലീസ് സേനയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എട്ട് തവണ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടു, അച്ചടക്ക ലംഘനത്തിന് വിശദീകരണം ചോദിച്ചപ്പോൾ, മേലുദ്യോഗസ്ഥരെ പരിഹസിക്കുന്ന രീതിയിലുള്ള മറുപടികൾ നൽകുകയും അവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നും പിരിച്ചുവിടാനുള്ള കാരണങ്ങളായി ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ 18 മാസമായി സസ്പെൻഷനിലായിരുന്നു ഇദ്ദേഹം. നടപടിക്കെതിരെ ഡി.ഐ.ജിക്ക് അപ്പീൽ നൽകുമെന്നും ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഉമേഷ് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിലെ തെറ്റായ പ്രവണതകളുടെ പേരിൽ മുഖ്യമന്ത്രി മുതൽ ഡി.ജി.പിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വരെ ഉമേഷിന്റെ വിമർശനങ്ങുടെ ചൂടറിഞ്ഞിരുന്നു. പൊലീസിലെ നെറികേടുകൾ മുതൽ, സാമൂഹിക വിമർശനങ്ങളുമായും സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു. പൊലീസ് നടപടികളെ ചോദ്യം ചെയ്തതിന്റെയും വിമർശിച്ചതിന്റെയും പേരിൽ നിരവധി തവണ കാരണ കാണിക്കൽ നോട്ടീസും നടപടികളും നേരിട്ടും. എല്ലാത്തിനും തുടർച്ചയായാണ് ഇപ്പോൾ പിരിച്ചുവിടാൻ തീരുമാനിച്ചത്.
2019ൽ ശബരിമല കർമസമിതി ഹർത്താൽ നേരിടുന്നതിൽ സിറ്റി പൊലീസ് മേധാവിക്ക് വീഴ്ചയുണ്ടായെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു പിന്നാലെ സസ്പെൻഷനിലായിരുന്നു. 2017 ൽ ഡി.ജി.പിക്കും മറ്റ് ഉദ്യോഗസ്ഥർക്കും കുട പിടിച്ചു കൊടുത്ത പൊലീസുകാരെ പരിഹസിച്ചതും, പന്തീരാംകാവ് യു.എ.പി.എ കേസിലെ പ്രതികൾക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതുമെല്ലാം തെറ്റായ നടപടിയാണെന്ന് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

