Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമേഷ് വള്ളിക്കുന്നിനെ...

ഉമേഷ് വള്ളിക്കുന്നിനെ പൊലീസിൽനിന്ന് പിരിച്ചുവിടാൻ തീരുമാനം; ‘ഈ ധനുമാസക്കുളിരിൽ ഇവിടെയാണ് സുഖം; തിരിച്ചെടുക്കുന്നതാണ് എനിക്കും കുടുംബത്തിനും ബുദ്ധിമുട്ട്’

text_fields
bookmark_border
ഉമേഷ് വള്ളിക്കുന്നിനെ പൊലീസിൽനിന്ന് പിരിച്ചുവിടാൻ തീരുമാനം; ‘ഈ ധനുമാസക്കുളിരിൽ ഇവിടെയാണ് സുഖം; തിരിച്ചെടുക്കുന്നതാണ് എനിക്കും കുടുംബത്തിനും ബുദ്ധിമുട്ട്’
cancel

കോഴിക്കോട്: പൊലീസിലെ നെറികേടുകൾക്കെതി​രെ പരസ്യമായി പ്രതികരിച്ച സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്നിനെ സർവിസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം. പത്തനംതിട്ട എസ്.പിയാണ് പിരിച്ചു​വിടൽ നോട്ടീസ് പുറപ്പെടുവിച്ചത്. പിരിച്ചു വിടുന്നതിലല്ല, തിരിച്ചെടുക്കുകയാണെങ്കിലാണ് എനിക്കും കുടുംബത്തിനും ഇപ്പോൾ ബുദ്ധിമുട്ടെന്ന് ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു.

‘ഉത്തരയുടെ പരീക്ഷാ സീസണും ആതിരയുടെ പ്രോഗ്രാം സീസണും ആണ്. ആ സമയത്ത് പത്തനംതിട്ടയിൽ വന്നു കിടക്കുന്നത് സുഖമുള്ള ഏർപ്പാടല്ല. അല്ലെങ്കിൽത്തന്നെ ഈ വൃശ്ചികരാത്രികളിൽ, ധനുമാസകുളിരിൽ, മകരമഞ്ഞിൽ ഇവിടെയാണ് സുഖം. അതോണ്ട് സസ്പെൻഷൻ പിൻവലിക്കുന്ന ഉത്തരവായിരുന്നെങ്കിൽ ബേജാറായേനെ. അപ്പോൾ, പത്തനംതിട്ടയിൽ നിന്ന് ഇനിയും നോട്ടീസുകളുമായി വരേണ്ടി വന്നാൽ പ്രിയപ്പെട്ട പോലീസ് സുഹൃത്തുക്കളേ, പുറപ്പെടും മുൻപ്‌ ഒരൊറ്റ വിളി വിളിക്കുക’ -അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

"പിരിച്ചുവിടാനുള്ള നോട്ടീസുമായി പോയ പോലീസുകാരൻ വിളിച്ചിട്ട് ഉമേഷ്‌ വാതിൽ തുറക്കുന്നില്ല "

വാതിൽ തുറപ്പിക്കാൻ സഹായം ചോദിച്ച് ഒരു മേധാവി മറ്റൊരു മേധാവിയെ വിളിച്ചതാണ്!

രണ്ടു മേധാവിമാരും അറിയാൻ പറയുകയാണ്:

ഒരു നോട്ടീസ് പേടിച്ച് വാതിലടച്ച് ഇരിക്കുന്നവരല്ല കേരളത്തിലെ പോലീസുകാർ. ഞാനും.

ഒരു ഐ.പി.എസ്സുകാരൻ ഒരു എംഎൽഎയുടെ കാലുപിടിച്ച് യാചിക്കുന്നത് കേട്ടവരാണ് ലോകത്തുള്ള എല്ലാ മലയാളികളും. അത്ര ദയനീയമായി കേരളത്തിലെ ഒരു സാധാരണ പോലീസുകാരനും യാചിക്കുന്നത് നമ്മളാരും കേട്ടിട്ടില്ല.

അതുകൊണ്ട് ആ ഐ. പി. എസ്സുകാരന്റെ നിലവാരം വെച്ച് എന്നെയോ ഞങ്ങളെയോ അന്തസുള്ള IPS/IAS കാരെയോ അളക്കരുത്.

മെമ്മോയോ നോട്ടീസോ പണിഷ്മെന്റ് ഉത്തരവുകളോ പത്തനംതിട്ടയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരും മുമ്പ് പോലീസുകാർ വിളിക്കും. അവരുടെ സമയം പാഴാക്കാതെ, 10 കിലോമീറ്റർ ദൂരത്തേക്ക് അവരുടെ കയ്യിൽ നിന്ന് ബസിനും ഓട്ടോയ്ക്കുമായി പൈസ കളയിക്കാതെ, അലഞ്ഞു തിരിയേണ്ടി വരുത്താതെ ഏതു പാതിരാത്രിയാണെങ്കിലും അവർ എത്തുന്ന റെയിൽവേ സ്റ്റേഷനിലോ ബസ്റ്റാന്റിലോ എത്തി വാറോല ഒപ്പിട്ട് വാങ്ങുകയാണ് പതിവ്.

ചിലപ്പോൾ അടിയന്തര സാഹചര്യങ്ങളിൽ പെട്ട് അവർ എത്തുന്ന സമയത്ത് ഞാൻ കോഴിക്കോട് ടൗണിൽ ഇല്ലാതായാൽ മാത്രം അവർക്ക് അല്പം ബുദ്ധിമുട്ടുണ്ടാവും. കാത്തിരിക്കേണ്ടിവരും. ( ഞാൻ Pradeep Gopal ന്റെ വീട്ടിൽ നിന്ന് വരുന്നത് വരെ കേരളത്തിലെ ഏറ്റവും കൂതറ ബസ് സ്റ്റാൻഡിൽ രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കേണ്ടി വന്ന സുജിത്തിനെ ഓർക്കുന്നു.)

നമ്മൾ കോഴിക്കോട് ഇല്ലാതെ, വയനാടും എറണാകുളത്തും കണ്ണൂരും ഒക്കെയായിരുന്ന സന്ദർഭങ്ങളിൽ തിരിച്ചു കോഴിക്കോട് എത്തുന്ന ദിവസം പറയും. അത് കണക്കാക്കി പിറ്റേന്നോ അതിനടുത്ത ദിവസമോ അവർ നോട്ടീസുമായി വരും, ഞാൻ കൈപ്പറ്റും.

ഇത് വരെ വന്നിട്ടുള്ള ആഗേഷും സുജിത്തും വിപിനും രമേഷും അടക്കം എല്ലാവർക്കും ഇത് തന്നെയായിരിക്കും അനുഭവം. (ഒരിക്കൽ ഒരു SI അനിൽ മാത്രം മിണ്ടാതെ വന്ന് ഫ്ലാറ്റിന്റെ വാതിലിൽ നോട്ടിസ് ഒട്ടിച്ചിട്ട്, തിരിച്ചു ബസ് കയറിയിട്ട് മിസ് അടിച്ചു.

തിരിച്ചു വിളിച്ചപ്പോൾ മാത്രം നോട്ടിസ് ഒട്ടിച്ച വിവരം പറഞ്ഞു.)

ഇപ്പോൾ സംഭവിച്ചത് പറയാം. മിനിഞ്ഞാന്ന് കൊയിലാണ്ടിയിൽ കലോത്സവത്തിന്റെ ആഘോഷങ്ങൾക്കിടയിൽ എപ്പോഴോ ഫോൺ നോക്കുമ്പോൾ താജുസാറിന്റെയും അഗേഷിന്റെയും മിസ്സ്ഡ് കാൾ കണ്ടത്. ഉടനെ തിരിച്ചു വിളിച്ചു. തപാലുമായി ആളെ വിട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ സ്ഥലത്തില്ല എന്നും കലോത്സവപരിപാടി രാത്രി കഴിഞ്ഞാലും ഒരു യാത്രയുണ്ടെന്നും നാളെ ആളെ വിട്ടാൽ മതി, മറ്റന്നാൾ ഞാൻ ഫ്രീയാകും എന്നും പറഞ്ഞു. എസ്.പി ഇന്ന് തന്നെ വിടണം എന്ന് പറഞ്ഞതായി അവർ പറഞ്ഞു. മൂന്ന് മാസത്തിലധികം വൈകി നോട്ടീസ് തന്ന അനുഭവം ഉള്ളത് കൊണ്ട് ഒരു ദിവസം വൈകിയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നറിയാം.

രാത്രി 11 മണി കഴിഞ്ഞ് വന്ന കോൾ അറ്റൻഡ് ചെയ്തപ്പോൾ പോലീസുകാരൻ ആയിരുന്നു. അദ്ദേഹം ഷൊർണുർ എത്തിയിട്ടേ ഉള്ളൂ എന്ന് പറഞ്ഞു. ഞാൻ ഓട്ടത്തിൽ ആണെന്നും മറ്റന്നാളേ ഫ്രീയാകുകയുള്ളു എന്നും എസ്പി പറഞ്ഞ സ്ഥിതിക്ക് വന്നോളൂ, ഞാൻ എത്തുന്ന സമയത്ത് കാണാം എന്നും പറഞ്ഞു ഞാൻ തിരക്കിലേക്ക് പോയി. പിന്നെ എപ്പോഴോ ഫോൺ, ചാർജ് തീർന്ന് ഓഫായിരുന്നു.

രാവിലെ വീട്ടിലെത്തി കുറച്ചു നേരം വീണുറങ്ങിപ്പോയി. പിന്നെ ഞെട്ടിയെഴുന്നേറ്റ് കുറേ ദിവസത്തെ തുണികൾ കൂടിക്കിടന്നത് അലക്കാൻ ഞാനും ദോശയുണ്ടാക്കാൻ അതിരയും തുടങ്ങി. പെട്ടെന്ന് പണി തീർത്ത് ഒരു ചെറിയ യാത്ര പോകേണ്ടതുണ്ടായിരുന്നു.

അലക്കിനിടയിൽ ഗെയ്റ്റിനടുത്തു നിന്ന് "ഹോയ് " എന്ന വിളിയൊച്ച കേട്ട് നോക്കിയപ്പോൾ പോലീസുകാരനാണെന്ന് മനസ്സിലായി. ഓടിച്ചെന്നു കൂട്ടിക്കൊണ്ട് വന്നു. നോട്ടീസുകൾ ഒപ്പിട്ടുവാങ്ങി.

മൂന്ന് നോട്ടീസുകൾ ഉണ്ടായിരുന്നു. ഒന്ന് എട്ടാം മാസത്തിലും രണ്ടാമത്തേത് ഒൻപതാം മാസത്തിലും ഒപ്പിട്ടവ! മൂന്നാമത്തേത് പുതിയത്. 27-11- 25 ന് ഒപ്പിട്ടത്.

ഒന്ന് മൂന്ന് ഇൻക്രിമെന്റും മറ്റൊന്ന് ഒരു ഇൻക്രിമെന്റും വെട്ടുന്നതിനുള്ള നോട്ടീസുകൾ ആയിരുന്നു. മൂന്നാമത്തേത് പിരിച്ചു വിടാനുള്ളതും.

കാരണം കാണിക്കാൻ 15 ദിവസം സമയമുണ്ട്.

സസ്പെന്ഷനിൽ നിന്ന് തിരിച്ചെടുക്കുന്നതിന്റെ ഭാഗമായുള്ള നോട്ടീസ് 3 മാസത്തിലധികം വൈകിക്കുകയും, അതിന് മറുപടി കൊടുത്തിട്ടും അനക്കമില്ലാതിരിക്കുകയും ചെയ്യുന്നു. പിരിച്ചു വിടാനുള്ള നോട്ടീസ് ജഗപൊകയാക്കി സെർവ് ചെയ്യിക്കുന്നു. ആ ഗതികേട് മനസ്സിലാകും. അതുകൊണ്ട് സാരമില്ല. പക്ഷേ, വെപ്രാളപ്പെട്ട് ഞാൻ വാതിൽ തുറക്കുന്നില്ല എന്നൊക്കെ മേധാവിമാർ വേവലാതിപ്പെടുന്നത് മണ്ടത്തരമാണ്.

ഒരു കാര്യം കൂടി മനസ്സിലാക്കുക. പിരിച്ചു വിടുന്നതിലല്ല, തിരിച്ചെടുക്കുകയാണെങ്കിലാണ് എനിക്കും കുടുംബത്തിനും ഇപ്പോൾ ബുദ്ധിമുട്ട്. ഉത്തരയുടെ പരീക്ഷാ സീസണും ആതിരയുടെ പ്രോഗ്രാം സീസണും ആണ്. ആ സമയത്ത് പത്തനംതിട്ടയിൽ വന്നു കിടക്കുന്നത് സുഖമുള്ള ഏർപ്പാടല്ല. അല്ലെങ്കിൽത്തന്നെ ഈ വൃശ്ചികരാത്രികളിൽ, ധനുമാസകുളിരിൽ, മകരമഞ്ഞിൽ ഇവിടെയാണ് സുഖം. അതോണ്ട് സസ്പെൻഷൻ പിൻവലിക്കുന്ന ഉത്തരവായിരുന്നെങ്കിൽ ബേജാറായേനെ.

അപ്പോൾ, പത്തനംതിട്ടയിൽ നിന്ന് ഇനിയും നോട്ടീസുകളുമായി വരേണ്ടി വന്നാൽ പ്രിയപ്പെട്ട പോലീസ് സുഹൃത്തുക്കളേ, പുറപ്പെടും മുൻപ്‌ ഒരൊറ്റ വിളി വിളിക്കുക.

ഇവിടെ നമ്മൾ റെഡിയായിരിക്കും.

വെൽകം ടു കോഴിക്കോട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicedismissalUmesh VallikkunnuKerala News
News Summary - Decision to dismiss Umesh Vallikkunnu from police
Next Story