മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു; ഇ.ഡിക്കെതിരെ സന്ദീപിൻെറ മൊഴി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അഞ്ചുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പരാതിയിൽ സന്ദീപ് ഉറച്ച് നിൽക്കുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പൂജപ്പുര സെൻട്രൽ ജയിലിൽ വെള്ളിയാഴ്ച രാവിലെയോടെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിെൻറ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി കെ.ടി. ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ കസ്റ്റഡിയിലും ജയിലിലും ചോദ്യംചെയ്തപ്പോൾ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിെച്ചന്ന് സന്ദീപ് പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. സന്ദീപിെൻറ മൊഴി ക്രൈംബ്രാഞ്ച് വിഡിയോയിൽ പകർത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിെച്ചന്ന പരാതിയിൽ രണ്ട് കേസുകളാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. സ്വപ്നയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിലാണ് ആദ്യ കേസ്. രണ്ടാമത്തേത് സന്ദീപ് ജില്ല ജഡ്ജിക്ക് നൽകിയ കത്ത് അടിസ്ഥാനപ്പെടുത്തി ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുനിൽകുമാർ നൽകിയ പരാതിയിലാണ്. രണ്ടാമത്തെ കേസിലാണ് വെള്ളിയാഴ്ച സന്ദീപിനെ ചോദ്യം ചെയ്തത്. എറണാകുളം സെഷൻസ് കോടതിയുടെ ഉത്തരവുമായാണ് സന്ദീപിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് എത്തിയത്.
എന്നാൽ ക്രൈംബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എൻഫോഴ്സ്മെൻറ് വൃത്തങ്ങൾ ആരോപിച്ചു. ഇ.ഡിയെ അറിയിക്കാതെയാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ഇ.ഡിക്ക് നൽകിയിട്ടില്ല. ഇ.ഡിയുടെ വിശദീകരണം കേൾക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് വാങ്ങിയത്. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്‌സ്മെൻറ് വൃത്തങ്ങൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.