‘ദേശീയഗാനം മുഴങ്ങേണ്ട വേദിയിൽ ഗണഗീതം; വന്ദേഭാരതിൽ കണ്ടത് കുട്ടികളുടെ തലച്ചോറിൽ വർഗീയവിഷം കുത്തിവെക്കുന്ന ആർ.എസ്.എസിനെ’ -രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
text_fieldsകോഴിക്കോട്: എറണാകുളം -ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ സ്കൂൾ വിദ്യാർഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിച്ചതിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി രംഗത്ത്.
ഫേസ് ബുക്കിലെ കുറിപ്പിലൂടെയാണ് കെ.സി വേണുഗോപാൽ പ്രതിഷേധം പങ്കുവെച്ചത്.
പൊതുസംവിധാനത്തെയാകെ കാവി വൽകരിക്കാനുള്ള ശ്രമമാണിതെന്നും, കുട്ടികളുടെ തലച്ചോറിൽ വർഗീയ വിഷം കുത്തിവെക്കുന്ന ആർ.എസ്.എസിനെയാണ് വന്ദേഭാരതിലെ ഗണഗീതത്തിലൂടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗാനം ഉയരേണ്ട വേദിയിലാണ് ആർ.എസ്.എസിന്റെ ഗാനം കേൽപിച്ചത്. അതിനായി, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കുട്ടികളുടെ തലച്ചോറിലും മനസ്സിലും വർഗീയവിഷം കുത്തിവെയ്ക്കുന്ന ആർ.എസ്.എസിന്റെ ദംഷ്ട്രകൾ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം നിർവഹിച്ചത്. പ്രധാനമന്ത്രി വീഡിയോ കോൺഫറസൻസിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം ആരംഭിച്ച കന്നിയാത്രയിലായിരുന്നു സ്കൂൾ യൂണിഫോം അണിഞ്ഞ വിദ്യാർഥിനികളും രണ്ട് അധ്യാപികമാരും ചേർന്ന് ട്രെയിനിനുള്ളിൽ ഗണഗീതം പാടിയത്.
വീഡിയോ ദക്ഷിണ റെയിൽവേ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിവാദത്തിനും തിരികൊളുത്തി. മാധ്യമങ്ങളിൽ വാർത്തയാവുകയും, രാഷ്ട്രീയ നേതാക്കൾ വിമർശനമുയർത്തുകയും ചെയ്തതിനു പിന്നാലെ ദക്ഷിണ റെയിൽവേ വീഡിയോ പിൻവലിച്ചിരുന്നു.
കെ.സി വേണുഗോപാലിന്റെ ഫേസ് ബുക് പോസ്റ്റ്...
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടൊരു സർക്കാർ, അതിന്റെ സംവിധാനത്തെയൊട്ടാകെ അങ്ങേയറ്റം സംഘിവത്കരിച്ചുകഴിഞ്ഞു. എറണാകുളത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിൽ കണ്ട കാഴ്ച അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ്. സ്കൂൾ കുട്ടികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച്, അത് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇവിടെ റെയിൽവേ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?
രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമമാണ് ഇവിടെ അരങ്ങേറുന്നത്. അതിനായി, പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കുട്ടികളുടെ തലച്ചോറിലും മനസ്സിലും വർഗീയവിഷം കുത്തിവെയ്ക്കുന്ന ആർഎസ്എസിന്റെ ദംഷ്ട്രകൾ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു.
കപട ദേശീയതയുടെ വക്താക്കളായ ആർഎസ്എസും അവരുടെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയും നമ്മുടെ ദേശീയ സങ്കൽപ്പങ്ങളെക്കൂടിയാണ് ഇവിടെ അപമാനിക്കുന്നത്. ദേശീയഗാനം മുഴങ്ങിക്കേൾക്കേണ്ട വേദികളിൽ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്, പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്.
ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയർന്നുവരണം. രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടേണ്ടതുമുണ്ട്. കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ഏത് വിധേനയും ചെറുത്തുതോൽപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

