വന്ദേഭാരത് ഉദ്ഘാടനയാത്രയിൽ ആർ.എസ്.എസ് ഗണഗീതം; വിഡിയോ പോസ്റ്റ് ചെയ്ത് റെയിൽവേ, വിവാദമായപ്പോൾ പിൻവലിച്ചു
text_fieldsകൊച്ചി: ഇന്ന് സർവീസ് തുടങ്ങിയ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
ദേശഭക്തിഗാനമെന്ന നിലയിലാണ് എക്സ് പോസ്റ്റിൽ ഗണഗീതത്തെ റെയിൽവേ വിശേഷിപ്പിച്ചിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഗണഗീതം പാടിയത്. സംഭവത്തിൽ പ്രതിഷേധവുമായി രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് റെയിൽവേ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാരാണസിയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മലയാളികൾ ഏറെ കാലമായി കാത്തിരുന്ന വന്ദേഭാരതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു കേരളത്തിലെ ഉദ്ഘാടന ചടങ്ങ്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി.രാജീവ് എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിനു ശേഷം, ശനിയാഴ്ച രാവിലെ 8.41ഓടെ ട്രെയിൻ ഉദ്ഘാടന യാത്ര ആരംഭിച്ചു.
8.40 മണിക്കൂറിൽ എറണാകുളം-ബംഗളുരു; ഏഴ് സ്റ്റോപ്പ്
26652 നമ്പർ ട്രെയിനാണ് എറണാകുളം-ബംഗളൂരു സർവീസ് നടത്തുന്നത്. ഉച്ച 2.20ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി 11ന് ബംഗളൂരുവിൽ എത്തിച്ചേരും. ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും. നിലവിലെ യാത്രാ സമയതതിൽ നിന്നും രണ്ട് മണിക്കൂർ സമയലാഭത്തോടെ 8.40 മണിക്കൂറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണരാജപുരം എന്നിവടങ്ങളിലാണ് സ്റ്റോപ്പ്.
26651 നമ്പർ ട്രെയിനാണ് ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്നത്. പുലർച്ചെ 5.10ന് ബംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ച 1.50ന് എറണാകുളത്തെത്തും. ശതാബ്ദി നിരക്കിലായിരിക്കും ടിക്കറ്റ്. എറണാകുളം -ബംഗളൂരു എ.സി ചെയർ കാറിന് 1500 രൂപവരെയാകം. എ.സി എക്സിക്യൂട്ടീവ് ചെയർ കാറിന് 2400 വരെയുമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

