പൊന്നാനിയും തവനൂരും നിലനിർത്തുമെന്ന് സി.പി.എം വിലയിരുത്തൽ
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എൽ.ഡി.എഫ് സീറ്റുകളുടെ എണ്ണം രണ്ടായി ചുരുങ്ങുമെന്ന് സി.പി.എം വിലയിരുത്തൽ. സിറ്റിങ് സീറ്റുകളായ പൊന്നാനിയും തവനൂരും നിലനിർത്തുമെന്നും താനൂർ കൈവിടുമെന്നും കീഴ് ഘടകങ്ങളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാർട്ടി കണക്കുകൂട്ടുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളാണ് ജില്ലയിൽ ഇടതിനെ തുണച്ചത്. പൊന്നാനി, തവനൂർ, താനൂർ എന്നിവക്ക് പുറമെ നിലമ്പൂരിലും ചെങ്കൊടി പാറിയിരുന്നു. എന്നാൽ, സി.പി.എമ്മുമായി ഇടഞ്ഞ് പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതിനെ തുടർന്ന് 2025 മേയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിലൂടെ യു.ഡി.എഫ് നിലമ്പൂർ തിരിച്ചുപിടിച്ചിരുന്നു. ശക്തമായ മത്സരം നടന്ന പൊന്നാനിയിൽ 5000 മുതൽ 7000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അഡ്വ. എം.കെ. സക്കീർ വിജയിക്കുമെന്നാണ് സി.പി.എം നിഗമനം. യു.ഡി.എഫിന്റെ കെ.പി. നൗഷാദലി എൽ.ഡി.എഫിനെതിരെ ശക്തമായ മത്സരം മണ്ഡലത്തിൽ കാഴ്ചവെച്ചിരുന്നു. തവനൂരിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഡോ. കെ.ടി. ജലീൽ ജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തൽ. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ജോയ് ശക്തമായ വെല്ലുവിളിയാണ് ജലീലിന് ഉയർത്തിയത്.
അതേസമയം, തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടേക്കുമെന്ന് സി.പി.എമ്മിന്റെ കീഴ് ഘടകങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ പോരാട്ടം നടന്നെങ്കിലും തിരൂരിൽ വിജയം ഉറപ്പില്ല എന്നാണ് വിലയിരുത്തൽ. ഇവിടെ യു.ഡി.എഫിന്റെ കുറുക്കോളി മൊയ്തീൻ വിജയിക്കുകയാണെങ്കിൽ ചെറിയ മാർജിനിലായിരിക്കുമെന്നും കണക്കുകൂട്ടുന്നു. എന്നാൽ, വി. അബ്ദുറഹ്മാൻ രണ്ടു തവണ വിജയിച്ച താനൂരിൽ ഇത്തവണ ജയിക്കാനാകില്ല എന്നാണ് സി.പി.എം വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി താനൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി വി. അബ്ദുറഹ്മാന്റെ പേര് പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം പ്രചാരണത്തിനിറങ്ങിയിരുന്നില്ല.
താനൂരിൽ മത്സരിക്കാനില്ലെന്നും സ്വന്തം നാടായ തിരൂരിൽ മത്സരിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്നാണ് അബ്ദുറഹ്മാൻ തിരൂരിൽ ജനവിധി തേടിയത്. വി. അബ്ദുറഹ്മാൻ പിന്മാറിയതോടെ താനൂരിൽ സ്ഥാനാർഥിയെ കണ്ടെത്താനാകാതെ സി.പി.എം ആദ്യം കുഴങ്ങിയിരുന്നെങ്കിലും പിന്നീട് സ്വതന്ത്ര സ്ഥാനാർഥിയായി മുഹമ്മദ് സമീറിനെ മത്സരിപ്പിച്ചു. എങ്കിലും 10 വർഷത്തിന് ശേഷം താനൂർ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ.
വേങ്ങര, മങ്കട, ഏറനാട്, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ വോട്ട് വർധിപ്പിക്കാൻ സാധിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. വേങ്ങരയിൽ മികച്ച മത്സരം കാഴ്ചവെച്ച എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കലിന് യു.ഡി.എഫ് സ്ഥാനാർഥി കെ.എം. ഷാജിയുടെ ഭൂരിപക്ഷം കുറക്കാൻ സാധിക്കുമെന്നാണ് നിഗമനം. സി.പി.എം-എസ്.ഡി.പി.ഐ ഡീൽ ആരോപണത്തിലൂടെ സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട മത്സരമാണ് വേങ്ങരയിൽ നടന്നത്. മങ്കടയിൽ മുസ്ലിം ലീഗുമായി ഇടഞ്ഞ് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച കുന്നത്ത് മുഹമ്മദിന് ലീഗ് വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞെന്ന് സി.പി.എം വിലയിരുത്തുന്നു. ഏറനാട് മണ്ഡലത്തിൽ സി.പി.ഐയുടെ അഡ്വ. ഷഫീർ കിഴിശ്ശേരിക്കും പെരിന്തൽമണ്ണയിൽ വി.പി. മുഹമ്മദ് ഹനീഫക്കും വോട്ട് ഉയർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

