പാലിയേക്കര ടോൾപിരിവ്; കെ.എസ്.ആർ.ടി.സിയുടെ ലാഭം ഒരു കോടിയിലേക്ക്
text_fieldsതൃശൂർ: പാലിയേക്കര ടോൾപിരിവ് വിലക്കിൽ കെ.എസ്.ആർ.ടി.സിയുടെ ലാഭം ഒരു കോടിയിലേക്ക്. ടോൾ നൽകാതെ പ്രതിദിനം ശരാശരി 800 ബസുകൾവീതം കടന്നുപോകാൻ തുടങ്ങിയിട്ട് 50 ദിവസങ്ങളാകുകയാണ്. ഒക്ടോബർ ആറിന് തുടങ്ങിയ പാലിയേക്കര ടോൾപിരിവ് വിലക്കിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സിയുടെ ലാഭം ഒരു കോടിയിലേക്കെത്തുന്നത്.
പാലിയേക്കര വഴി കടന്നുപോകണമെങ്കിൽ ഒരു ബസിന് മാസം 7310 രൂപ ടോൾ അടക്കണം. പ്രതിദിനം കടന്നുപോകുന്ന ബസുകളിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് ഒന്നിലേറെ തവണ ടോൾഗേറ്റ് കടക്കുക. ഒന്നിലേറെ തവണ കടക്കുകയാണെങ്കിൽ രണ്ടാം പ്രവേശനം മുതൽ പാതിയാണ് ടോൾനിരക്ക്. ഇങ്ങനെ നോക്കുമ്പോൾ 800 ബസ് 7310 രൂപ വീതം ഒരു മാസം ലാഭിക്കുന്നയിനത്തിൽ മാത്രം കെ.എസ്.ആർ.ടി.സിക്ക് 55.5 ലക്ഷം ലാഭമുണ്ട്. ഇത് 50 ദിവസത്തിലേക്കെത്തുമ്പോൾ 90 ലക്ഷത്തിനടുത്തെത്തും.
ദേശീയപാതയിൽ മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് പാലിയേക്കരയിൽ കോടതി ഏർപ്പെടുത്തിയ ടോൾ വിലക്ക് തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിലക്ക് നീക്കുന്ന കാര്യത്തിൽ ഉപാധികളോടെ തിങ്കളാഴ്ച ഉത്തരവുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഹൈകോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ തുടങ്ങിയവരുടെ ഡിവിഷൻബെഞ്ച് ഇത് നീട്ടിവെക്കുകയായിരുന്നു.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് മുറുകിയതോടെ ആഗസ്റ്റ് ആറിനാണ് പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ച് കോടതി വിധി പുറപ്പെടുവിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവരുടെ ഹരജികളിലാണ് ടോൾ പിരിവ് നിർത്തിവെപ്പിച്ചത്. തുടർന്ന് ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. സുപ്രീംകോടതിയും ടോൾ പിരിവ് നിർത്തിവെച്ചത് ശരിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

