പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഇന്നും അനുമതിയില്ല
text_fieldsകൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി ഇന്നും അനുമതി നൽകിയില്ല. നേരത്തെ ടോൾപിരിവിന് വ്യവസ്ഥകളോടെ തിങ്കളാഴ്ച മുതൽ അനുമതി നൽകാമെന്നായിരുന്നു ഹൈകോടതി അറിയിച്ചത്. എന്നാൽ, മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് കോടതി അനുമതി നിഷേധിച്ചത്. കേസ് പരിഗണിച്ചപ്പോൾ തന്നെ മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞ സംഭവം ഹൈകോടതി ഉന്നയിച്ചു.
മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. തുടർന്ന് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയ കോടതി മുരിങ്ങൂരിലെ പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്വീകരിച്ച നടപടി ജില്ലാ കലക്ടറെ അറിയിക്കണമെന്ന് നിർദേശിച്ചു. ഇതു കൂടി പരിഗണിച്ചാവും ടോൾ പിരിവിന് കോടതി അന്തിമ അനുമതി നൽകുക.
തിങ്കളാഴ്ചയെങ്കിലും ടോൾ പിരിവിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൈകോടതി നിർദേശ പ്രകാരം രൂപവത്കരിച്ച ജില്ല കലക്ടറുടെ നേതൃത്വത്തിലെ സമിതി ദേശീയപാത പരിശോധിച്ച ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് വ്യക്തമല്ലെന്ന് പറഞ്ഞ ഹൈകോടതി ഇക്കാര്യത്തിൽ വ്യക്തയുള്ള റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് മുറുകിയതോടെ ആഗസ്റ്റ് ആറിനാണ് പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ച് കോടതി വിധി പുറപ്പെടുവിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവരുടെ ഹരജികളിലാണ് ടോൾ പിരിവ് നിർത്തിവെപ്പിച്ചത്. തുടർന്ന് ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. സുപ്രീംകോടതിയും ടോൾ പിരിവ് നിർത്തിവെച്ചത് ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

