ബിരിയാണിയുടെ കൂടെ സാലഡ് വിളമ്പിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ അടിയോടടി
text_fieldsകൊല്ലം: ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി വിവാഹ ഹാളിൽ കൂട്ടത്തല്ല്. കൊല്ലത്ത് കാറ്ററിങ് തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത്. തിങ്കളാഴ്ച തട്ടാമലക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്റിങ് തൊഴിലാളികൾ പാത്രങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് തലക്ക് പരുക്കേറ്റു.
വിഷയത്തില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്.എച്ച്.ഒ ആർ. രാജീവ് പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയക്കുകയും ചെയ്തു. കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവം ഈയടുത്താണ് നടന്നത്.
കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കിലായിരുന്നു ഈ സംഭവം. നിസാര കാര്യത്തിന് യുവാക്കൾ തമ്മിലടിക്കുന്ന സംഭവം സമീപകാലത്ത് വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

