മലികുൽ മുളഫർ അവാർഡ് കാന്തപുരത്തിന്; 11 ലക്ഷം രൂപയും പ്രശസ്‌തി പത്രവും 19ന് സമ്മാനിക്കും
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ
കോഴിക്കോട്: പൊന്നാനി കേന്ദ്രമായി പ്രവർത്തിക്കുന്ന അസ്സുഹ ദർസ് ഏർപ്പെടുത്തിയ ഈ വർഷത്തെ മലിക്കുൽ മുളഫർ അവാർഡിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ തെരഞ്ഞെടുത്തതായി സംഘാടകർ അറിയിച്ചു. വിദ്യാഭ്യാസ ജീവകാരുണ്യ നവോത്ഥാന രംഗങ്ങളിലെ മാതൃകാ പ്രവർത്തനങ്ങളും പ്രവാചക പ്രകീർത്തന വ്യാപനത്തിന് നടത്തിയ സേവനങ്ങളും മുൻനിർത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. 11 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ 19ന് പൊന്നാനിയിൽ നടക്കുന്ന മലികുൽ മുളഫർ വാർഷിക മജ്‌ലിസിൽ സമ്മാനിക്കും.
യു.എ.ഇ ഭരണാധികാരിയുടെ മതകാര്യ ഉപദേഷ്ടാവ് അലിയ്യുൽ ഹാഷിമി, മുഫ്‌തി മുഹാഫളത് മആൻ ശൈഖ് അബ്‌ദുറഊഫ് അശ്ശാവീൽ, ഡോ. കെ.കെ.എൻ കുറുപ്പ്, ഡോ. ഹുസൈൻ രണ്ടത്താണി എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
പാർശ്വവൽകൃതർക്ക് അതിനൂതനവും വ്യത്യസ്‌തവുമായ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുകയും വ്യവസ്ഥാപിത മൗലിദ് സദസ്സുകൾ നടത്തുകയും ചെയ്‌ത ഇർബൽ പ്രവിശ്യയിലെ ഗവർണറായിരുന്ന മലികുൽ മുളഫർ രാജാവിന്റെ ഓർമക്കായാണ് അവാർഡ് ഏർപ്പെടുത്തിയതെന്ന് സംഘാടകർ പറഞ്ഞു. ലോക ശ്രദ്ധ നേടിയ അനേകം മനുഷ്യാവകാശ ഇടപെടലുകൾ, രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള നിരന്തര പ്രവർത്തനങ്ങൾ, നിരാശ്രയരായ അനേകായിരം വരുന്ന അനാഥ അഗതികളുടെ സംരക്ഷണം, എട്ട് പതിറ്റാണ്ട് പിന്നിട്ട മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക നവജാഗരണ രംഗങ്ങളിലെ സ്‌തുത്യർഹമായ സേവന പ്രവർത്തനങ്ങൾ, വിവിധ പ്രഭാഷണങ്ങൾ, ഗ്രന്ഥങ്ങൾ, ദേശീയ -അന്തർദേശീയ വേദികളിലെ ഉന്നത പങ്കാളിത്തം തുടങ്ങിയ ബഹുമുഖ പ്രവർത്തനങ്ങളും പ്രവാചക പ്രകീർത്തന പ്രഭാഷണം, ഗ്രന്ഥരചന, ക്ലാസുകൾ, പ്രബന്ധവതരണം, ദേശീയ-അന്തർദേശീയ സമ്മേളനങ്ങൾ തുടങ്ങിയവയുമാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുക്കാനുള്ള ഘടകങ്ങളായി ജൂറി വിലയിരുത്തിയത്. വാർത്താ സമ്മേളനത്തിൽ എൻ. അലി അബ്ദുല്ല, ഹാജി മുഹമ്മദ് കാസിം കോയ, ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം, സക്കീർ ഹുസൈൻ, കാസിം അസ്‌ഹരി, യു.എ. റഷീദ് അസ്ഹരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

