വയോജനമുറി, നായകൾക്ക് റീഹാബിലിറ്റേഷൻ സെന്റർ; തലസ്ഥാനം എങ്ങനെ ദുബൈ ആക്കാം
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ വികസന സദസ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: പുതുതായി നിർമിക്കുന്ന എല്ലാ വീടുകളിലും വയോജന സൗഹൃദമുറികൾ, തെരുവ് നായ്കൾക്ക് റീഹാബിലിറ്റേഷൻ സെന്റർ, ടൗൺ ഹാൾ, ആർട്ട് ഗ്യാലറി തുടങ്ങി തലസ്ഥാനത്തെ ദുബൈ പോലെ കാണാൻ എന്താണ് ചെയ്യേണ്ടതെന്നുവരെയുള്ള നിർദ്ദേശങ്ങളും ആശയങ്ങളുമായി സജീവമായി കോർപറേഷന്റെ വികസനസദസ് ഓപൺ ഫോറം. വികസനസദസിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനെത്തുടർന്ന് നിശാഗന്ധിയിൽ നടന്ന ഓപൺ ഫോറമാണ് ഒട്ടേറെ വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾകൊണ്ട് ശ്രദ്ധേയമായത്.
നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനം, വയോജന സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സൗന്ദര്യവത്കരണം, മാലിന്യനിർമാർജനം തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ഉയർന്നത്. ജില്ലയിലെ സാംസ്കാരിക, സാമൂഹിക, കലാ-കായിക സിനിമാമേഖലകളിലെ വ്യക്തിത്വങ്ങൾ ഓപൺ ഫോറത്തിൽ പങ്കെടുത്ത് ആശയങ്ങൾ പങ്കുവെച്ചു. വയോജന സൗഹൃദ പദ്ധതികൾ നഗരസഭ കൂടുതലായി ആരംഭിക്കേണ്ടതുണ്ടെന്നും പുതുതായി നിർമിക്കുന്ന എല്ലാ വീടുകളിലും ഒരു വയോജന മുറി നിർബന്ധമായും ഉണ്ടാകണമെന്നും ട്രിവാൻഡ്രം ഡവലപ്മെന്റ് ഫോറം കൺവീനർ എം. വിജയകുമാരൻ പൂജപ്പുര അഭിപ്രായപ്പെട്ടു.
പഴയ വീടുകളിൽ വയോജനങ്ങൾക്കായി ഒരു മുറികൂടി കൂട്ടിചേർക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകണമെന്നും പാതയോരങ്ങളിലും മറ്റും ചത്തുകിടക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ ശാന്തികവാടം പോലെ ഒരു മൃഗകവാടം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടൂരിലെ ആന റീഹാബിലിറ്റേഷൻ സെന്റർപോലെ നഗരാതിർത്തിയിൽ എവിടെയെങ്കിലും സ്ഥലം കണ്ടെത്തി നായ്ക്കൾക്ക് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. ഡൊമസ്റ്റിക് എയർപോർട്ടിന് പുറത്തുള്ള ഫുട്പാത്തിലും മറ്റുമുള്ള മാലിന്യം നീക്കം ചെയ്യുക, നഗരത്തിന്റെ സൗന്ദര്യം കൂടുതൽ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സന്ദീപാനന്ദഗിരി മുന്നോട്ടുവെച്ച മറ്റു നിർദേശങ്ങൾ.
മേയർ ആര്യ രാജേന്ദ്രൻ, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് പാസ്റ്ററൽ ബോർഡ് സെക്രട്ടറി ഡോ. ജയരാജ്, കോസ്റ്റ്ഫോർഡ് ജോയന്റ് ഡയറക്ടർ പി.ബി. സാജൻ, എഴുത്തുകാരനായ വിനോദ് വൈശാഖി, പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ, മാനവീയം സ്ട്രീറ്റ് ലൈബ്രറി സെക്രട്ടറി കെ.ജി. സൂരജ്, എഴുത്തുകാരനായ സി.പി. അരവിന്ദാക്ഷൻ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ക്ലൈനസ് റൊസാരിയോ, സുര കുമാരി, ഷാജിദ നാസർ, സുജാദേവി, മേടയിൽ വിക്രമൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

