അങ്കം അവസാന ലാപ്പിൽ; നഗരസഭകളിൽ കനത്ത പോരാട്ടം
text_fieldsപാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ ബാക്കി. കൂട്ടിയും കിഴിച്ചും ആവേശ പ്രചാരണത്തിന്‍റെ അവസാന ലാപ്പിലാണ് മുന്നണികൾ. ചൊവ്വാഴ്ച പ്രചാരണം കൊട്ടിക്കലാശിക്കുമ്പോൾ പാലക്കാടൻ രാഷ്ട്രീയ കാറ്റ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ.
ജില്ലയിലെ ഏഴ് നഗരസഭകളിലേക്കായി 783 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ എല്ലാവരും ഉറ്റുനോക്കുന്നത് പാലക്കാട് നഗരസഭയിലേക്കാണ്. കഴിഞ്ഞ രണ്ട് തവണയും ഭരണത്തിലേറിയ ബി.ജെ.പി ഇത്തവണ ഹാട്രിക് അടിക്കുമോ എന്നതാണ് അറിയേണ്ടത്. ആകെയുള്ള 52 സീറ്റുകളിൽ 28 എണ്ണവും നേടിയാണ് കഴിഞ്ഞ തവണ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. വാർഡ് വിഭജനത്തിനുശേഷം ഇത്തവണ 53 വാർഡുകളാണുള്ളത്. 27 സീറ്റാണ് ഭൂരിപക്ഷം വേണ്ടത്. 51 സീറ്റുകളിലേക്ക് ബി.ജെ.പിയും രണ്ട് സീറ്റുകളിൽ ബി.ഡി.ജെ.എസും മത്സരിക്കുന്നു. യു.ഡി.എഫിൽ ഒമ്പത് സീറ്റുകളിലാണ് മുസ്‍ലിം ലീഗ് സ്ഥാനാർഥികളുള്ളത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും ബാക്കി കോൺഗ്രസുമാണ്.
ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കങ്ങൾ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് കണ്ടറിയണം. ഏത് വിധേനയും ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. രണ്ടിടത്ത് പത്രിക തള്ളിയെങ്കിലും പ്രചാരണത്തിൽ എൽ.ഡി.എഫും പിന്നിലല്ല. പി.കെ. ശശിയെ അനുകൂലിക്കുന്ന പാർട്ടിയിലെ ഒരു വിഭാഗം മത്സരരംഗത്ത് ഇറങ്ങിയതാണ് മണ്ണാർക്കാട് നഗരസഭയിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നത്. വിമതനീക്കം ഇടതുമുന്നണിയുടെ വിജയസാധ്യതകൾക്ക് മേൽ ചോദ്യ ചിഹ്നമാകുന്നുണ്ടെങ്കിലും ഭീഷണി മണ്ണാർക്കാട്ട് തന്നെ ഒതുങ്ങാനാണ് സാധ്യത. മറ്റു പഞ്ചായത്തുകളിൽ വിമതർക്ക് ശക്തമായ സാന്നിധ്യമില്ല. കാരാകുറുശ്ശി ഉൾപ്പെടെ വിമതർ രംഗത്തുവന്നെങ്കിലും പിന്നീട് പിൻവലിഞ്ഞു. വീ ഫോർ പട്ടാമ്പിയോടൊപ്പം ചേർന്നാണ് കഴിഞ്ഞ തവണ പട്ടാമ്പി നഗരസഭ എൽ.ഡി.എഫ് ഭരിച്ചത്. എന്നാൽ, ഇത്തവണ വീ ഫോർ പട്ടാമ്പി കോൺഗ്രസിൽ ലയിച്ചതോടെ ഭരണമാറ്റം സംഭവിച്ചേക്കാം. ആകെ 77 സ്ഥാനാർഥികളാണ് പട്ടാമ്പി നഗരസഭയിലേക്ക് ജനവിധി തേടുന്നത്.
ഒറ്റപ്പാലം നഗരസഭയിൽ ജനകീയ വികസന സമിതി നാല് സീറ്റുകളിലേക്ക് മത്സരിക്കുന്നുണ്ട്. യു.ഡി.എഫ് പിന്തുണയോടെ രണ്ട് സ്വതന്ത്രരും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഒരു സീറ്റിലേക്കും മത്സരിക്കുന്നു. കാലങ്ങളോളം യു.ഡി.എഫ് കൈയടക്കിവെച്ചിരുന്ന ചിറ്റൂർ-തത്തമംഗലം നഗരസഭ കഴിഞ്ഞതവണ എൽ.ഡി.എഫ് പിടിച്ചെടുത്തത് ചരിത്രമായിരുന്നു. ഇത്തവണ ആകെയുള്ള 30 വാർഡുകളിൽ 28 സീറ്റുകളിലാണ് എൽ.ഡി.എഫും കോൺഗ്രസും മത്സരിക്കുന്നത്. രണ്ട് സീറ്റുകളിൽ ഘടകകക്ഷികളായ ജെ.ഡി.എസും മുസ്‍ലിം ലീഗും മത്സരിക്കുന്നു. എൽ.ഡി.എഫിൽ 17 സീറ്റുകളിൽ സ്വതന്ത്രരാണ്. എസ്.ഡി.പി.ഐ നാലു സീറ്റുകളിൽ മത്സരരംഗത്തുണ്ട്. എൻ.ഡി.എ 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. അഞ്ച് സീറ്റുകളിൽ അവർക്ക് സ്ഥാനാർഥികളില്ല. ആകെ 35 വാർഡുകളുള്ള ഷൊർണൂർ നഗരസഭയിൽ ഇക്കുറി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. മിക്ക വാർഡുകളിലും ത്രികോണ മത്സരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

