സദാചാര ഗുണ്ടായിസം: ജയ്‌സൽ താനൂർ ഒളിവിൽ, പണം തട്ടിയതിന് കേസ്
text_fieldsതാനൂർ: 2018ലെ പ്രളയകാലത്ത് വീട്ടിലകപ്പെട്ടവരെ സ്വന്തം മുതുകിൽ ചവിട്ടി തോണിയിൽ കയറ്റിയതിലൂടെ ശ്രദ്ധേയനായ ജയ്‌സൽ താനൂരിനെതിരെ കേസ്. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്.
ജയ്‌സൽ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 5000 രൂപ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. മറ്റൊരാൾ കൂടി പ്രതിയാണ്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ പതിനഞ്ചിനാണ് സംഭവം.
ബീച്ചിലെത്തിയ യുവതിയുടെയും യുവാവിെൻറയും ചിത്രങ്ങൾ പകർത്തിയ ജയ്‌സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. അതോടെ യുവാവ് ഗൂഗിൾ പേ വഴി 5000 രൂപ നൽകി.
ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെട്ട ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോട്ടോ കാണിച്ചപ്പോൾ പരാതിക്കാരൻ ജയ്സലിനെ തിരിച്ചറിഞ്ഞതായി താനൂർ സി.ഐ ജീവൻ ജോർജ് പറഞ്ഞു.