കൊച്ചി: രാജ്യംകണ്ട കരുത്തുറ്റ സ്വാതന്ത്ര്യസമര പോരാളിയായിരുന്നു സവർക്കറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര വിവരാവകാശ കമീഷണർ ഉദയ് മാഹുർക്കർ രചിച്ച 'വീർസവർക്കർ -ദ മാൻ ഹു കുഡ് ഹാവ് പ്രിവൻറഡ് പാർട്ടീഷൻ' പുസ്തകത്തെ സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജാതിക്കും മതത്തിനും അപ്പുറം എല്ലാവിഭാഗം ജനങ്ങൾക്കുംവേണ്ടി സവർക്കർ പോരാടി. ഹിന്ദുവും മുസൽമാനും ചേർന്നുനിന്ന് പ്രവർത്തിക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ സവർക്കർക്ക് നേരിടേണ്ടിവന്നത് വലിയ പീഡനങ്ങളാണെന്നും ഗവർണർ പറഞ്ഞു.
കുരുക്ഷേത്ര പ്രകാശൻ ചെയർമാൻ സി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊച്ചി കപ്പൽശാല ചെയർമാൻ മധു എസ്. നായർ, രാഷ്ട്രഗാഥ ചെയർമാൻ ഭരത് ഭൂഷൻ, വിവേകാനന്ദ പൈ എന്നിവർ പെങ്കടുത്തു.