ആറന്മുള വിമാനത്താവള പദ്ധതി: സർവേ നടത്താൻ അധികാരം നൽകിയത് ആര്, ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും മൗനം ദുരൂഹമെന്ന് പി. പ്രസാദ്
text_fieldsപി. പ്രസാദ്
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി നീക്കങ്ങൾക്കെതിരെ വിമർശനവുമായി മുൻമന്ത്രി പി. പ്രസാദ്. അനധികൃത സർവേ നടത്താനും അവിടെ ആറന്മുള വിമാനത്താവള പദ്ധതി വരുമെന്ന് പ്രഖ്യാപിക്കാനും എബ്രഹാം കലമണ്ണിലിന് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ജില്ല ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും മൗനം ദുരൂഹമാണ്. ആറന്മുളയിലേത് സർക്കാർ ഭൂമിയാണ്. കോടതിയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അത് മിച്ചഭൂമിയാണെന്നും നിയമവിരുദ്ധമായുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും പി. പ്രസാദ് പറഞ്ഞു.
എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഇലക്ട്രോണിക് പാർക്ക് പദ്ധതിയുമായി ഇവർ എത്തിയെങ്കിലും സമ്മർദങ്ങൾ ചെലുത്തിയെങ്കിലും ഒരു അനുമതിയും നൽകിയില്ല. കഴിഞ്ഞ 10 വർഷമായി കച്ചവടത്തിന്റെ ഒരു സാധ്യതയും അനുവദിച്ചു കൊടുത്തിരുന്നില്ല. 10 കൊല്ലം കഴിഞ്ഞപ്പോൾ വിഷയം വീണ്ടും പൊടിതട്ടിയെടുക്കുകയാണെന്നും ഇതിനെതിരെ ആറന്മുളയിൽ ശക്തമായ സമരം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നാട്ടുകാർ ജയിപ്പിച്ചത് കച്ചവടക്കാരൻ ആകാൻ അല്ലെന്നും ആറന്മുള എം.എൽ.എ അബിൻ വർക്കിയെ പി. പ്രസാദ് പരിഹസിച്ചു.
ന്യൂഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ച് ഇന്നലെ ഭൂവുടമ എബ്രഹാം കലമണ്ണിൽ ആറന്മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും ഡ്രോൺ സർവേ നടത്തിയതോടെയാണ് വിഷയം വിവാദമായത്. ആറന്മുള എം.എൽ.എ അബിൻ വർക്കിയും ആന്റോ ആൻറണി ഉൾപ്പെടെ പുതിയ യു.ഡി.എഫ് സർക്കാർ പദ്ധതിക്ക് അനുകൂലമാണെന്നും എബ്രഹാം കലമണ്ണിൽ അവകാശപ്പെട്ടു. രണ്ടാംഘട്ട സർവേക്കായി കമ്പനി വീണ്ടും എത്തുമെന്നും നിലവിൽ പദ്ധതി മേഖലയിൽ തന്റെ 400 ഏക്കർ ഭൂമിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി ആയിരം ഏക്കർ കൂടി കണ്ടെത്തണം.
ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയും പദ്ധതി യാഥാർഥ്യമാക്കണം. ഇക്കാര്യങ്ങൾ സർക്കാറിനെ ബോധ്യപ്പെടുത്താനാണ് സർവേ നടത്തിയതെന്നും അദ്ദേഹം വിവരിച്ചു. 2004ലാണ് എബ്രഹാം കലമണ്ണിൽ വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. വി.എസ് സർക്കാറിന്റെ കാലത്ത് തത്വത്തിൽ അനുമതി ലഭിച്ചു. 2011ൽ ഉമ്മൻചാണ്ടി സർക്കാർ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. പിന്നീട് ആറന്മുളയിൽ ജനകീയ പ്രക്ഷോഭങ്ങൾ നടന്നു. 2014 മെയിൽ ഹരിത ട്രിബ്യൂണൽ പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കി. സുപ്രീംകോടതി ഹരിത ട്രിബ്യൂണലിന്റെ നിലപാട് ശരിവെച്ചതോടെ നടപടികൾ മുടങ്ങുകയായിരുന്നു.
ഭൂവുടമ എബ്രഹാം കലമണ്ണിലിന്റെ കൈയിലുള്ള ഭൂമിയടക്കം മിച്ച ഭൂമിയായി പ്രഖ്യാപിച്ചു. ഇതിനെതിരായ കേസുകൾ ഹൈകോടതിയിൽ നടക്കുകയാണ്. ഈ മാസം 16ന് കേസ് പരിഗണിക്കും. സർക്കാർ അംഗീകൃത ഏജൻസി എത്തിച്ച് വീണ്ടും പാരിസ്ഥിതിക സർവേ നടത്താനുള്ള നീക്കം റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയിൽ നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

