ഹയ്‍ലി ഗുബ്ബി അഗ്നിപർവത സ്ഫോടന പുകപടലം എപ്പോഴാണ് ഇന്ത്യയിൽ നിന്ന് ഒഴിവാകുക? കൂടുതൽ ഭാഗങ്ങളിലേക്ക് പടരുമോ?
text_fieldsന്യൂഡൽഹി: ഇത്യോപ്യയിലെ ഹയ്‍ലി ഗുബ്ബി അഗ്നി പർവത സ്ഫോടനത്തെ തുടർന്നുണ്ടായ പുകപടലം ഇന്ത്യയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ചെങ്കടലിൽ വഴി യമനിലേക്കും ഒമാനിലേക്ക് പുകപടലം എത്തിയിട്ടുണ്ട്.തിങ്കളാഴ്ച വൈകീട്ടോടെയാണ് പുകപടലം ഇന്ത്യയിലേക്ക് പടർന്നത്. രാത്രി 11 മണിയോടെ ഡൽഹിയിലേക്കും പുകപടലം എത്തി. കടുത്ത വായുമലിനീകരണത്താൽ വലയുന്ന ഡൽഹിയിൽ പുകപടലം എത്തിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.
ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലേക്കും പുക വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. പുക ഹിമാലയൻ മേഖലയിലേക്കും ഉത്തർപ്രദേശിലെ തെരായ് ബെൽറ്റിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. ചാരവും സൾഫർ ഡൈഓക്ശെസഡ്, പാറപ്പൊടിയും അടങ്ങിയതാണ് പുകപടലമെന്ന് കാലാവസ്ഥ ഏജൻസിയായ ഇന്ത്യമെറ്റ് സ്കൈ വെതർ മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യയിൽ ചാരമേഘം മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിലും 15,000-25,000 അടി ഉയരത്തിലുമാണ് സഞ്ചരിക്കുന്നത്. ഇത് 45,000 അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ത്യയിൽ നിന്ന് ഇനി ചൈനയിലേക്കാണ് ഈ പുകപടലം നീങ്ങുകയെന്ന് ഇന്ത്യൻ കാലാവസ്ഥ വിഭാഗം ഡയറക്ടർ ജനറൽ മൃത്യഞ്ജയ മൊഹപത്ര പറഞ്ഞു. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 7.30 ഓടെ പുകപടലം ചൈനയിലേക്ക് നീങ്ങാനാണ് സാധ്യതയുള്ളത്. പുകപടലത്തെ കാലാവസ്ഥ വിഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പുകപടലത്തെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് റദ്ദാക്കിയത്. അന്തരീക്ഷത്തിൽ ചാരത്തിന്റെ അളവ് വർധിക്കുന്നത് വിമാന എൻജിനുകളുടെ പ്രവർത്തനത്തെ വരെ ബാധിക്കുമെന്നതിനാലാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി സർവീസുകൾ റദ്ദാക്കിയത്.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിൽ 12,000 വർഷത്തിനിടെ ആദ്യമായാണ് അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സർവിസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയും നെടുമ്പാശ്ശേരിയിൽനിന്നുള്ള രണ്ട് വിമാന സർവിസുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകളോടൊപ്പം ആഭ്യന്തര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

