ഇത്യോപ്യ അഗ്നിപർവത സ്ഫോടനം: ഇന്ത്യൻ വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും ഡി.ജി.സി.എ ജാഗ്രതാ നിർദേശം
text_fieldsന്യൂഡൽഹി: ഇത്യോപയിൽ അഗ്നിപർവതം പൊട്ടിയതിനെ തുടർന്ന് രാജ്യത്തെ വ്യോമയാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡി.ജി.സി.എ) നിർദേശിച്ചു. അഗ്നിപർവത ചാരങ്ങൾ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് കണക്കിലെടുത്താണ് ഈ സുരക്ഷാ നിർദേശം പുറപ്പെടുവിച്ചത്. വിമാന സമയം, റൂട്ടിങ്, ഇന്ധനം എന്നിവ അതിനനുസരിച്ച് ക്രമീകരിക്കാനും സംശയാസ്പദമായ ചാരം കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാനും ഇന്ത്യയിലെ എല്ലാ വിമാനക്കമ്പനികൾക്കും ഡി.ജി.സി.എ നിർദേശം നൽകിയിട്ടുണ്ട്.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിൽ 12,000 വർഷത്തിനിടെ ആദ്യമായാണ് അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സർവിസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയും നെടുമ്പാശ്ശേരിയിൽനിന്നുള്ള രണ്ട് വിമാന സർവിസുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകളോടൊപ്പം ആഭ്യന്തര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
അഗ്നിപർവത ചാരം വിമാന എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുകയും അപകടത്തിന് കാരണമാവുകയും ചെയ്യും. വിമാനത്തിന്റെ ഫ്യൂസ്‌ലേജിനും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ വരുത്തുകയും സെൻസറുകൾ തകരാറിലാക്കുകയും ചെയ്യുന്ന അപകടകരമായ കണികകൾ ചാരത്തിലടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദുരിതബാധിത പ്രദേശങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന വിമാനങ്ങളുടെ പോസ്റ്റ് ഫ്ലൈറ്റ് എഞ്ചിൻ, എയർഫ്രെയിം എന്നിവയിൽ പരിശോധിക്കാനും സ്ഥിതിഗതികൾ വഷളായാൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവക്കുകയോ വൈകിപ്പിക്കുകയോ ചെയ്യണമെന്ന് ഡി.ജി.സി.എ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എൻജിൻ പ്രവർത്തനത്തിൽ വ്യത്യാസം, ക്യാബിനിൽ പുകയും ദുർഗന്ധവും, തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുകയും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) ശിപാർശകളും അഗ്നിപർവ്വത മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
അഗ്നിപർവ്വത ചാരം വിമാനത്താവളങ്ങളെ ബാധിക്കുകയാണെങ്കിൽ റൺവേകൾ, ടാക്സിവേകൾ, ആപ്രണുകൾ എന്നിവ ഉടനടി പരിശോധിക്കണം. മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയോ താൽക്കാലികമായി നിർത്തിവക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

