ഹയ്‍ലി ഗുബ്ബി അഗ്നിപർവത സ്ഫോടന പുകപടലം; ഇന്ത്യയിൽ നിരവധി വിമാനസർവീസുകൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: ഇത്യോപ്യയിലെ ഹയ്‍ലി ഗുബ്ബി അഗ്നിപർവത സ്ഫോടന പുകപടലം ഇന്ത്യയിലെ നിരവധി വിമാനസർവീസുകളെ ബാധിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് പുകപടലം ഡൽഹിയിലെത്തിയത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങി. എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങളാണ് സർവീസ് നിർത്തിവെച്ചത്.
തിങ്കളാഴ്ച മുതൽ 11 വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ഞായറാഴ്ചയാണ് ഇത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. അതിനുപിന്നാലെ 14 കിലോമീറ്റർ ഉയരത്തിൽ ചാരനിറത്തിലുള്ള പുക ഉയർന്നു. യമനും ഒമാനും കടന്ന്
ചൊവ്വാഴ്ച പാകിസ്താന്റെ ഭാഗങ്ങളിലും ഉത്തരേന്ത്യയിലുമാണ് പുകപടലം എത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ പുകപടലം ചൈനയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. രാത്രി 7.30ഓടെ പുകമേഘം പൂർണമായി ഇന്ത്യയിൽ നിന്ന് നീങ്ങും. ഗുജറാത്ത്, ഡൽഹി എൻ.സി.ആർ, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ പുകമേഘം വ്യാപിക്കാൻ സാധ്യതയുണ്ട്.
തുടർന്നുള്ള പുകപടലം ഇന്ത്യൻ മേഖലയ്ക്കു നേരെ സഞ്ചരിക്കുന്നത് മണിക്കൂറിൽ 100 മുതൽ 120 വരെ കി.മീ വേഗത്തിൽ. 15,000നും 45,000നും അടി ഉയരത്തിലുമാണ് ചാരവും സൾഫർ ഡയോക്സൈഡും പൊടിയും ഉൾപ്പെടുന്ന പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതേത്തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനങ്ങൾക്കു മുന്നറിയിപ്പു നൽകിയത്. സർവിസുകൾ തടസ്സപ്പെടുന്ന സാഹചര്യം കൈകാര്യം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. അന്തരീക്ഷത്തിൽ ചാരത്തിന്റെ അളവ് വർധിക്കുന്നത് വിമാന എൻജിനുകളുടെ പ്രവർത്തനത്തെ വരെ ബാധിക്കുമെന്നതിനാലാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി സർവീസുകൾ റദ്ദാക്കിയത്.
റൺവേകളിലും ടാക്സിവേകളിലും നിരന്തര നിരീക്ഷണം നടത്താനും അമിതമായ ചാരത്തിന്റെ അളവ് കണ്ടാൽ ഉടൻ വൃത്തിയാക്കാനും വിമാനത്താവളങ്ങൾക്കു നിർദേശമുണ്ട്. ഇന്നലെ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം അഹ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. വൈകീട്ട് 6.25ന് ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയർ വിമാനം, 6.30ന് കൊച്ചിയിലെത്തേണ്ട ഇൻഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കി. ദുബൈ–കൊച്ചി ഇൻഡിഗോ വിമാനം, കൊച്ചി–ദുബൈ ഇൻഡിഗോ വിമാനം, കൊച്ചി–ജിദ്ദ ആകാശ എയർ വിമാനം എന്നിവ റദ്ദാക്കിയവയിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

