ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ നിരോധനത്തിൽ ഇളവ് അനുവദിച്ച് വിജയ് സർക്കാർ
text_fieldsവിജയ്
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാർ അഞ്ച് മാസത്തിനിടെ ആറാമത്തെ യു-ടേണും എടുത്തു. ഇത്തവണ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒരു മാസം മുൻപ് ഏർപ്പെടുത്തിയ മൊബൈൽ ഫോൺ നിരോധനത്തിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 52 ക്ഷേത്രങ്ങളിൽ സ്മാർട്ട്ഫോണുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ ഭക്തരിൽ നിന്ന് വലിയ വിമർശനം ഉയർന്നതിനെ തുടർന്നാണ് പുതിയ തീരുമാനം.
പുതിയ മാർഗനിർദേശം അനുസരിച്ച് ഭക്തർക്ക് ക്ഷേത്രപരിസരത്ത് ഫോൺ കൊണ്ടുപോകാം, എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കണം. ക്ഷേത്രങ്ങളിൽ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, സെൽഫി, സോഷ്യൽ മീഡിയ കണ്ടന്റ് നിർമാണം എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ 2026 സെപ്റ്റംബർ 1 മുതലാണ് നിരോധനം നടപ്പിലാക്കിയത്.
ആരാധനാലയങ്ങളുടെ പവിത്രതയും ശാന്തമായ അന്തരീക്ഷവും സംരക്ഷിക്കുന്നതിനും ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കുന്നതിനും വേണ്ടിയാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിൽ ദേവതകളെയും വിഗ്രഹങ്ങളെയും ഫോട്ടോ എടുക്കുന്നതും വിഡിയോ പകർത്തുന്നതും പോലുള്ള പ്രവർത്തനങ്ങൾ തടയുക എന്നതായിരുന്നു ഫോൺ നിരോധനത്തിന്റെ ലക്ഷ്യമെന്ന് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് മന്ത്രി എസ്. രമേഷ് പറഞ്ഞിരുന്നു.
ദേവതകളുടെയോ വിഗ്രഹങ്ങളുടെയോ ക്ഷേത്രപരിസരത്തിന്റെയോ അനധികൃത ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, സെൽഫി, സോഷ്യൽ മീഡിയ കണ്ടന്റ് എന്നിവ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായും പവിത്രമായ ഇടത്തെ വാണിജ്യവൽക്കരിക്കുന്നതായും കണ്ടാണ് സർക്കാർ നിരോധനം കൊണ്ടുവന്നത്. ക്ഷേത്രങ്ങളിൽ സ്മാർട്ട്ഫോൺ നിരോധനം നടപ്പിലാക്കിയപ്പോൾ, ഭക്തർ സ്മാർട്ട്ഫോണുകൾ പ്രവേശന കവാടത്തിനടുത്തുള്ള കൗണ്ടറുകളിൽ ഏൽപ്പിക്കണമായിരുന്നു. മിക്കവാറും ഓരോ ഉപകരണത്തിനും 5 രൂപ ഫീസ് നൽകി ടോക്കണോ രസീതോ വാങ്ങി ദർശനത്തിന് ശേഷം തിരികെ വാങ്ങുകയായിരുന്നു രീതി.
കാമറ ഇല്ലാത്ത സാധാരണ മൊബൈൽ ഫോണുകൾ ക്ഷേത്രങ്ങളിൽ അനുവദിച്ചിരുന്നു. 2022 ഡിസംബറിൽ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ഭക്തർ ദേവതകളുടെയും വിഗ്രഹങ്ങളുടെയും ഫോട്ടോ എടുക്കുന്നതിനും റെക്കോർഡ് ചെയ്യുന്നതിനും എതിരായി ഉത്തരവിട്ടതിന്റെ തുടർച്ചയായിട്ടായിരുന്നു ഈ നടപടി. പഴനി, തിരുച്ചെന്തൂർ, മധുര, രാമേശ്വരം തുടങ്ങിയ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണുകൾക്ക് നേരത്തെ തന്നെ നിയന്ത്രണമുണ്ടായിരുന്നു.
ഇതിന് മുമ്പും വിജയ് സർക്കാർ പ്രഖ്യാപിച്ച നിയമങ്ങൾ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ് ദിവസങ്ങൾക്കകം തന്നെയായിരുന്നു വിജയ്യുടെ ആദ്യ യു-ടേൺ. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്റെ സ്വകാര്യ ജ്യോതിഷിയെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ച ഉത്തരവ് പിൻവലിച്ചായിരുന്നു അത്. നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നപ്പോൾ ഇടതു വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നിയന്ത്രിക്കുന്ന സർക്കുലർ റദ്ദാക്കിയത് അടുത്ത മാറ്റമായിരുന്നു.
തിരുവണ്ണാമലൈയിലെ മേൽമ സിപ്കോട്ട് വ്യാവസായിക വിപുലീകരണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ കർഷകരുടെ ചെറുത്തുനിൽപ്പും നിയമപരമായ ആശങ്കകളും കാരണം ഉപേക്ഷിച്ചതാണ് മറ്റൊരു തീരുമാനം. ദിണ്ടിഗലിൽ നിന്നുള്ള വിവാദ സർക്കുലറും പിൻവലിച്ചിരുന്നു. ആഗസ്റ്റ് 18ന് ഗുസിലിയമ്പാറ താലൂക്കിലെ തഹസിൽദാർ, നേതാക്കളുടെയും പ്രവർത്തകരുടെയും പേരുവിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. പ്രാദേശിക ഭൂമിത്തർക്കത്തിന്റെ പേരിലായിരുന്നു നടപടി. രാഷ്ട്രീയ നിരീക്ഷണമാണെന്ന വിമർശനം ഉയർന്നതോടെ സർക്കുലർ പിൻവലിക്കുകയായിരുന്നു.
സെപ്റ്റംബർ 21ന് ക്രമസമാധാനം വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു രഹസ്യാന്വേഷണ വിഭാഗമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. സഖ്യകക്ഷികളിൽ നിന്നും പ്രതിപക്ഷത്തിൽ നിന്നും പ്രവർത്തകരിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് വെറും ആറ് ദിവസത്തിനുള്ളിൽ ഉത്തരവ് പിൻവലിച്ചു. ഈ തുടർച്ചയായ തീരുമാനമാറ്റങ്ങൾ പ്രതികരണശേഷിയുള്ള ഭരണത്തിന്റെ പേരിൽ പ്രശംസ നേടിയപ്പോഴും തിടുക്കത്തിലുള്ള തീരുമാനമെടുപ്പിന്റെ പേരിൽ വിമർശനവും ഏറ്റുവാങ്ങിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

