‘തന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവ്’; നിയമന ഉത്തരവുകൾ കൈമാറുന്നതിനിടെ പൊട്ടിക്കരഞ്ഞ് കുടുംബാംഗങ്ങൾ, വികാരാധീനനായി വിജയും
text_fieldsചെന്നൈ: 2025 സെപ്റ്റംബറിൽ തമിഴക വെട്രി കഴകം (ടി.വി.കെ) സംഘടിപ്പിച്ച റാലിക്കിടെ കുഞ്ഞുങ്ങളടക്കം 41 പേർക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായത്. ‘തന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവ്’ എന്നാണ് കരൂർ ദുരന്തത്തെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശേഷിപ്പിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നിയമന ഉത്തരവുകൾ കൈമാറുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കുള്ള ആദരസൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് വിജയ് ചടങ്ങിനെത്തിയത്. മുഖ്യമന്ത്രിയായ ശേഷം കരൂരിലേക്കുള്ള വിജയിയുടെ ആദ്യ സന്ദർശനം വികാരനിർഭരമായ രംഗങ്ങൾക്ക് കൂടി സാക്ഷ്യം വഹിച്ചു. നിയമന ഉത്തരവുകൾ ഏറ്റുവാങ്ങുന്നതിനിടെ കുടുംബാംഗങ്ങൾ പൊട്ടിക്കരഞ്ഞു. വിജയ് മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. പ്രസംഗത്തിനിടെയും വിജയ് വികാരധീനനായി. ‘തന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവ്’ എന്നാണ് കരൂർ ദുരന്തത്തെ വിജയ് വിശേഷിപ്പിച്ചത്. ടി.വി.കെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.ദുരന്തത്തിൽ മരിച്ച 32 പേരുടെ കുടുംബങ്ങൾക്കാണ് സർക്കാർ ജോലി നിയമന ഉത്തരവുകൾ വിതരണം ചെയ്തത്. ബാക്കിയുള്ള അർഹരായ കുടുംബങ്ങൾക്കും നിയമന നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും വിജയ് അറിയിച്ചു. ദുരന്തത്തിൽ മരിച്ച 41 പേരുടെ സ്മരണയ്ക്കായി കരൂരിൽ ഒരു സ്മാരകം നിർമിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. വരുംതലമുറകൾക്ക് ഈ ദുരന്തം മറക്കാതിരിക്കാനും ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കാതിരിക്കാനും വേണ്ടിയാണ് സ്മാരകം നിർമിക്കുന്നതെന്നും വിജയ് പറഞ്ഞു.
പ്രസംഗത്തിനിടെ ദുരന്തത്തിന്റെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടും വിജയ് പ്രതികരിച്ചു. ജനക്കൂട്ടം നിയന്ത്രിക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്നും ഈ ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ ഡി.എം.കെ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.പൊലീസിനെ പൂർണമായി വിശ്വസിച്ചാണ് താൻ ആ റാലിയിലേക്ക് പോയത്. അന്ന് ജനക്കൂട്ടം നിയന്ത്രിക്കാനാവാത്തതാണെന്ന് തോന്നിയെങ്കിൽ പൊലീസിന് റാലി റദ്ദാക്കാമായിരുന്നു. അവർക്ക് അതിനുള്ള പൂർണ അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ അത് ചെയ്യുന്നതിന് പകരം തന്നെ വേദിയിലേക്ക് നയിക്കുകയാണ് ചെയ്തത്. താൻ പൊലീസിനെ വിശ്വസിച്ച് അവർക്ക് നന്ദി വരെ പറഞ്ഞിരുന്നു. എന്നാൽ ആ വിശ്വാസത്തിന് പകരം തന്‍റെ മേൽ കുറ്റം ആരോപിക്കാനാണ് അവർ ശ്രമിച്ചതെന്ന് വിജയ് കുറ്റപ്പെടുത്തി.
താൻ ദുരന്തത്തിന്‍റെ വേദനയിൽ കഴിയുമ്പോൾ ഒളിവിലാണെന്ന് പറഞ്ഞ് പരിഹസിക്കുകയും നിയമസഭയിൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയുമാണ് ഡി.എം.കെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പാർട്ടിയെയും ജനങ്ങളുടെ മുന്നേറ്റത്തെയും തകർക്കാൻ കരുതിക്കൂട്ടി ചെയ്ത ഒന്നാണ് ഈ ദുരന്തമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമനടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2025 സെപ്റ്റംബർ 27ന് കരൂരിൽ നടന്ന ടി.വി.കെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും കുഞ്ഞുങ്ങളടക്കം 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ആശ്രിതർക്ക് ജോലി നൽകാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതി തീർപ്പാക്കിയിരുന്നു. സർക്കാർ തീരുമാനിച്ചതുപ്രകാരം നിയമനപത്രങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങുമായി മുന്നോട്ട് പോകാമെന്നും എന്നാൽ ഈ നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

