കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ കൈമാറി ടി.വി.കെ
text_fieldsചെന്നൈ: കരൂർ ടി.വി.കെ നേതാവ് വിജയിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ കൈമാറി ടി.വി.കെ. പണം അക്കൗണ്ടുകളിലൂടെയാണ് കൈമാറിയത്. 39 പേരുടെ കുടുംബങ്ങൾക്കും പണം നൽകിയെന്ന് പാർട്ടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ദുരന്തത്തിൽ പരിക്ക് പറ്റിയവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകി.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ഓർമക്കായി ഈ വർഷം ദീപാവലി ആഘോഷത്തിൽനിന്ന് വിട്ട് നിൽക്കുമെന്നും പാർട്ടി അറിയിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ആഘോഷ പരിപാടികളുണ്ടാകില്ല. ടി.വി.കെ ജനറൽ സെക്രട്ടറി എൻ.ആനന്ദ് ആണ് ഇത് സംബന്ധിച്ച നിർദേശം അണികൾക്ക് നൽകിയത്.
സംഭവം നടന്ന ഇത്ര ദിവസമായിട്ടും ദുരന്ത ബാധിതരുടെ കുടുംബങ്ങളെ വിജയ് സന്ദർശിക്കാത്തതിൽ സംസ്ഥാനത്തുടനീളം പാർട്ടിക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പണം കൈമാറിയത്. കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷവുമാണ് നേരത്തെ പാർട്ടി പ്രഖ്യാപിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തെ പാർട്ടി ഏറ്റെടുക്കുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു. എല്ലാ മാസവും ധനസഹായവും കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പെടെ ഏറ്റെടുക്കുമെന്നുമായിരുന്നു പാർട്ടി അറിയിച്ചത്.
ടി.വി.കെ നേതാവ് വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരം പേരെ ഉൾക്കൊള്ളുന്ന സ്ഥലത്ത് കൂടുതൽ പേർ തിങ്ങിനിറഞ്ഞതും വിജയ് പരിപാടിക്ക് ആറ് മണിക്കൂർ വൈകി എത്തിയതുമെല്ലാം ദുരന്തത്തിന് കാരണമായി. എന്നാൽ സംഭവം നടന്ന ഉടൻ വിജയ് ചെന്നൈയിലേക്ക് പോയത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് പാർട്ടി റാലി ഉൾപ്പെടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. കരൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം സുപ്രീംകോടതി നിർദേശിച്ചു. ഉത്തരവിനെ ടി.വി.കെ സ്വാഗതം ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

