Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരൂർ ദുരന്തം:...

കരൂർ ദുരന്തം: ആശ്രിതർക്കുള്ള നിയമനം താൽക്കാലികം; സുതാര്യത ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതി

text_fields
bookmark_border
കരൂർ ദുരന്തം: ആശ്രിതർക്കുള്ള നിയമനം താൽക്കാലികം; സുതാര്യത ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതി
cancel

മധുര: കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിന് മദ്രാസ് ഹൈകോടതിയുടെ അനുമതി നൽകി. ജസ്റ്റിസുമാരായ സി.വി. കാർത്തികേയൻ, ആർ. ശക്തിവേൽ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ തീരുമാനിച്ചതുപ്രകാരം നിയമനപത്രങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങുമായി മുന്നോട്ട് പോകാമെന്നും എന്നാൽ ഈ നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമനം ലഭിക്കുന്നവരുടെ ആദ്യ ശമ്പളം ലഭിക്കുന്നതിന് മുമ്പായി, ഈ മാസം അവസാനത്തോടെ കേസ് വീണ്ടും പരിഗണിക്കുമെന്നും അതിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോടതി അറിയിച്ചു. നിയമനം ലഭിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ബെഞ്ച് കർശനമായി ഓർമിപ്പിച്ചു. അനുകമ്പാടിസ്ഥാനത്തിലുള്ള നിയമനങ്ങൾ നടത്തുമ്പോൾ സർക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പബ്ലിക് സർവീസ് കമ്മീഷൻ മെമ്പർ സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് മധുരയിലെ അഭിഭാഷകനായ ധീരൻ തിരുമുരുകനാണ് കോടതിയെ സമീപിച്ചത്. ദുരന്തങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് സ്ഥിരം സർക്കാർ ജോലി നൽകുന്നതിന് കൃത്യമായ ഏകീകൃത നയമില്ലെന്നും, ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവസരങ്ങൾക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നുമാണ് ഹരജിക്കാരന്റെ പ്രധാന വാദം.

യോഗ്യതയുള്ള നിരവധി ഉദ്യോഗാർഥികൾ അവസരത്തിനായി കാത്തിരിക്കുമ്പോൾ, വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ ഇത്തരത്തിൽ നിയമനങ്ങൾ നടത്തുന്നത് അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നിരിക്കെ, ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് നിയമപരമായ സങ്കീർണ്ണതകൾക്ക് വഴിവെക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഈ വാദങ്ങളെ എതിർത്തു. തൂത്തുക്കുടി പൊലീസ് വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുമ്പ് സർക്കാർ ജോലി നൽകിയിട്ടുണ്ടെന്ന കീഴ്വഴക്കം സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, തൂത്തുക്കുടി സംഭവം സ്റ്റേറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പൊലീസ് അതിക്രമമായതുകൊണ്ട് അതിനെ കരൂർ ദുരന്തവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാനുഷിക പരിഗണനയും ഭരണഘടനാപരമായ തുല്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പുവരുത്താൻ ശ്രമിക്കുന്നതാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്. ദുരന്തബാധിത കുടുംബങ്ങളുടെ അതിജീവനത്തിന് സർക്കാർ നൽകുന്ന പിന്തുണയെ കോടതി തടയുന്നില്ലെങ്കിലും, നിയമനടപടികൾ സുതാര്യവും നീതിയുക്തവുമാകണമെന്ന് കോടതി വ്യക്തമാക്കി.

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യമായി കരൂർ സന്ദർശിച്ചു. 2025 സെപ്റ്റംബറിൽ ടി.വി.കെ. റാലിക്കിടെയുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ഈ പ്രദേശം സന്ദർശിക്കുന്നത്. തിരുച്ചിറപ്പള്ളിയിൽ ചാർട്ടേഡ് വിമാനത്തിലെത്തിയ മുഖ്യമന്ത്രി റോഡ് മാർഗമാണ് കരുരിലെത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പത്ത് കിലോമീറ്റർ നീളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras high courtIndiaTVK VijayKarur Stampede
News Summary - Madras High Court Permits TVK Govt To Give Jobs To Victims' Kin
Next Story