Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈ വിമാനത്താവളം ഓപറേറ്ററെ മാറ്റണം; പ്രധാനമന്ത്രിക്ക് വിജയ്‌യുടെ കത്ത്

text_fields
bookmark_border
vijay
cancel
camera_alt

വിജയ്

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുകാരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) കീഴിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം. വിമാനത്താവളത്തിന്റെ ചില കാര്യങ്ങളിൽ സംസ്ഥാനം അതൃപ്തരാണെന്നും, അതിനാൽ എ.എ.ഐ അല്ലാത്ത മറ്റൊരു ഓപ്പറേറ്ററെ കൊണ്ടുവരണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് കത്ത് അയച്ചതെന്നാണ് വിവരം. തമിഴ്നാട് എപ്പോഴും വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും, ബിസിനസുകളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിനായി സ്ഥിരമായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ വിമാനത്താവളത്തിന്റെ മികച്ച നടത്തിപ്പ് അതീവ പ്രാധാന്യമുള്ളതാണെന്നും കത്തിൽ പറയുന്നു.

രാജ്യത്തെ പ്രധാന മെട്രോ വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവയെല്ലാം സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. ഡൽഹി ജി.എം.ആർ ഗ്രൂപ്പും, മുംബൈ അദാനി ഗ്രൂപ്പും ഏറ്റെടുത്തതോടെ ഈ വിമാനത്താവളങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നു. എന്നാൽ ദക്ഷിണേന്ത്യയിലെ പ്രധാന വ്യോമയാന ഹബ്ബുകളിൽ ഒന്നായ ചെന്നൈ മാത്രം ഇപ്പോഴും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള നടത്തിപ്പിൽ തുടരുകയാണ്.

നേരത്തെ 2018ലും 2021ലും ചെന്നൈ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നെങ്കിലും, തമിഴ്നാട്ടിൽ നിന്നുണ്ടായ രാഷ്ട്രീയ എതിർപ്പും ജീവനക്കാരുടെ പ്രതിഷേധവും കാരണം തീരുമാനം മാറ്റിവെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ നിക്ഷേപകരെ ആകർഷിക്കുന്നതിൽ ചെന്നൈ പിന്നോട്ട് പോകുന്നുവെന്നും, സ്വകാര്യ മാനേജ്മെന്റ് വന്നാൽ മാത്രമേ യാത്രക്കാരുടെ എണ്ണത്തിലും കാർഗോ നീക്കത്തിലും വലിയ കുതിച്ചുചാട്ടം ഉണ്ടാകൂ എന്നുമാണ് ടി.വി.കെ സർക്കാരിന്റെ വിലയിരുത്തൽ.

‘യാത്രക്കാരുടെ എണ്ണമായാലും, വിമാനങ്ങളുടെ വരവ് പോക്കായാലും, ചരക്ക് നീക്കമായാലും ചെന്നൈ വിമാനത്താവളത്തിന് വലിയ പുരോഗതി ആവശ്യമാണ്. ഇത്രയും ബിസിനസ് സൗഹൃദമായ ഒരു സംസ്ഥാനത്തിന് മികച്ച ഒരു വിമാനത്താവളം തന്നെ വേണം. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഓപ്പറേറ്ററിൽ മാറ്റം ആവശ്യപ്പെടുന്നത്’ എന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ചെന്നൈ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യ പദ്ധതികളിൽ പലതും വൈകിയാണ് തുറന്നുകൊടുത്തത്. ക്യാബ് പിക്ക്-അപ്പ് പോയിന്റ് ഇതിന് ഉദാഹരണമാണ്. യാത്രക്കാർ വർഷങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകൾക്കൊപ്പം, വിമാനത്താവളത്തിന്റെ ശുചിത്വം, തിരക്ക് നിയന്ത്രണം എന്നിവയിലും പരാതികൾ ഉയർന്നിരുന്നു. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചക്ക് ചെന്നൈ വിമാനത്താവളം നിർണായക പങ്ക് വഹിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. സ്വകാര്യ ഓപ്പറേറ്റർമാർ എത്തിയാൽ മറ്റ് മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളെ പോലെ ചെന്നൈയിലും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu Wants Private Operator For Chennai Airport
Next Story