അച്ഛൻ പ്രമോട്ട് ചെയ്യില്ല, എന്‍റെ സിനിമക്ക് സ്വന്തം ഐഡന്റിറ്റി വേണമെന്ന് വിജയ്‌യുടെ മകൻ; ‘പ്രമോഷൻ സിനിമയെക്കുറിച്ചാകണം, അച്ഛനെ കുറിച്ചല്ല’
text_fieldsവിജയ്, ജേസൺ
തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അരങ്ങേറ്റങ്ങളിലൊന്നാണ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയുടേത്. നടനായും പിന്നീട് രാഷ്ട്രീയ നേതാവായും തമിഴ്നാടിന്റെ മനസ്സ് കീഴടക്കിയ വിജയ്‌യുടെ മകൻ ഇപ്പോൾ കാമറക്ക് പിന്നിൽ നിന്നാണ് തന്റെ കരിയർ ആരംഭിക്കുന്നത്. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ' ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹൈദരാബാദിൽ നടന്ന പ്രസ് മീറ്റിൽ പങ്കെടുത്ത ജേസൺ, സിനിമയെക്കുറിച്ചും തന്റെ തീരുമാനങ്ങളെക്കുറിച്ചും അച്ഛനെക്കുറിച്ചും മനസ്സ് തുറന്നു. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ അച്ഛൻ വിജയ് പങ്കെടുക്കില്ലെന്ന് ജേസൺ സഞ്ജയ് വ്യക്തമാക്കി. ഇത് മനഃപൂർവ്വം എടുത്ത തീരുമാനമാണെന്നും ജേസൺ പറഞ്ഞു.
‘എന്റെ അച്ഛൻ സിഗ്മയുടെ റിലീസിനായി കാത്തിരിക്കുകയാണ്. അദ്ദേഹം എന്റെ സിനിമ പ്രമോട്ട് ചെയ്യില്ല. പ്രമോഷൻ സിനിമയെക്കുറിച്ചാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അദ്ദേഹത്തെ കുറിച്ചാകരുത്. അത് ഓവർലാപ്പ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ജേസൺ പറഞ്ഞു. തന്റെ സിനിമക്ക് സ്വന്തമായ ഒരു ഐഡന്റിറ്റി ഉണ്ടാകണമെന്നാണ് ജേസന്റെ ആഗ്രഹം.
അച്ഛന്റെ രാഷ്ട്രീയ പദവിയുടെയും സൂപ്പർതാര പരിവേഷത്തിന്റെയും നിഴലിൽ നിന്ന് മാറി, ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ സൃഷ്ടി സംസാരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി, അതുകൊണ്ട് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഞാൻ എന്താണ് ചെയ്തതെന്ന് കാണാൻ അദ്ദേഹം കാത്തിരിക്കുകയാണ്, വളരെ ആവേശത്തിലാണ് ജേസൺ കൂട്ടിച്ചേർത്തു.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും ജേസൺ പ്രതികരിച്ചു. ‘അച്ഛൻ മുഖ്യമന്ത്രിയായപ്പോൾ എനിക്ക് സന്തോഷം തോന്നി. അദ്ദേഹത്തിന് ചുറ്റുമുള്ള എല്ലാവർക്കും അത് സന്തോഷകരമായ നിമിഷമായിരുന്നു," ജേസൺ പറഞ്ഞു. താരപുത്രൻ എന്ന ലേബലിൽ നിന്ന് മാറി സ്വന്തം കഴിവ് തെളിയിക്കാനുള്ള ജേസൺ സഞ്ജയ്യുടെ ശ്രമമായാണ് സിനിമാ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നത്.
അച്ഛന്റെ പിന്തുണ പ്രമോഷന് വലിയ ബൂസ്റ്റാകുമെന്ന് ഉറപ്പുള്ളപ്പോഴും, സിനിമയുടെ ഉള്ളടക്കത്തിന് പ്രാധാന്യം നൽകാനുള്ള സംവിധായകന്റെ തീരുമാനം ശ്രദ്ധേയമാണ്. ഒക്ടോബർ 2ന് റിലീസ് ചെയ്യുന്ന 'സിഗ്മ' എങ്ങനെയായിരിക്കുമെന്ന് അറിയാൻ ആരാധകർക്കൊപ്പം വിജയ് യും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

