Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിലെ...

മുംബൈയിലെ കൂട്ടമരണത്തിന് പിന്നിൽ കീടനാശിനിയോ? വിശദീകരണവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, റിപ്പോർട്ട് ഉടൻ

text_fields
bookmark_border
മുംബൈയിലെ കൂട്ടമരണത്തിന് പിന്നിൽ കീടനാശിനിയോ? വിശദീകരണവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, റിപ്പോർട്ട് ഉടൻ
cancel

മുംബൈ: തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ മുംബൈ പൈധുനിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരണപ്പെട്ടത് നഗരത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഇവരുടെ വീട്ടിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും.

ശനിയാഴ്ച രാത്രി ബന്ധുക്കളോടൊപ്പം ബിരിയാണി കഴിച്ച കുടുംബം, അവർ പോയതിന് ശേഷം പുലർച്ചെ 1:30 ഓടെയാണ് തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ നാലുപേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും മരണത്തിന് കീഴടങ്ങി. കൂടെ ബിരിയാണി കഴിച്ച ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് തണ്ണിമത്തനെ സംശയനിഴലിലാക്കിയത്.

പഴങ്ങളിൽ തളിക്കുന്ന കീടനാശിനികളുടെ അവശിഷ്ടം (Pesticide Residue) ഇത്തരമൊരു ദുരന്തത്തിന് കാരണമാകില്ലെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമീഷണർ ശ്രീധർ ഡുബെ-പാട്ടീൽ പറഞ്ഞു. തണ്ണിമത്തൻ വിളവെടുപ്പിന് മുമ്പ് പലതരം കീടനാശിനികൾ ഉപയോഗിക്കാറുണ്ടെന്നും എന്നാൽ അത് മരണത്തിന് കാരണമാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

തണ്ണിമത്തന്റെ അവശിഷ്ടങ്ങൾ, ബിരിയാണി, പുലാവ്, അടുക്കളയിലെ മസാലപ്പൊടികൾ, വെള്ളം, ഈന്തപ്പഴം എന്നിവയുടെ സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. തണ്ണിമത്തൻ വാങ്ങിയ കട കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ബില്ലുകളോ മറ്റ് വിവരങ്ങളോ ലഭ്യമല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. മാമ്പഴം പഴുപ്പിക്കാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് തടയാൻ പ്രത്യേക പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും, തണ്ണിമത്തന്റെ കാര്യത്തിൽ നിലവിൽ നഗരവ്യാപകമായ പരിശോധനകൾ ആരംഭിച്ചിട്ടില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും പുറത്തുവന്നാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. ഇത് സാധാരണ ഭക്ഷ്യവിഷബാധയല്ലെന്നും മറ്റെന്തോ വിഷാംശം ഉള്ളിൽ ചെന്നതാകാമെന്നുമാണ് പ്രാഥമിക നിഗമനം. വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് തകരാറിലായതാണ് മരണകാരണമെന്നും സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PESTICIDESWatermelonFood safety departmentmass deathMumbai
News Summary - Pesticide residue behind watermelon deaths? What food safety watchdog said
Next Story