വിദേശത്ത് ഓരോ ദിവസവും മരിക്കുന്നത് 20 ഇന്ത്യക്കാർ; അഞ്ച് വർഷത്തിനിടെ നഷ്ടമായത് 37,000ത്തിലധികം ജീവനുകൾ
text_fieldsന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ തൊഴിൽ തേടിപ്പോകുന്ന ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തുന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് ഓരോ ദിവസവും ശരാശരി 20ലധികം ഇന്ത്യൻ തൊഴിലാളികൾ മരണപ്പെടുന്നതായാണ് സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 86 ശതമാനം മരണങ്ങളും ഗൾഫ് രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യസഭയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
2021 മുതൽ 2025 വരെയുള്ള കാലയളവിൽ ആകെ 37,740 ഇന്ത്യൻ തൊഴിലാളികളാണ് വിദേശത്ത് ജീവൻ വെടിഞ്ഞത്. 2021ൽ 8,234 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, തുടർന്നുള്ള വർഷങ്ങളിൽ ചെറിയ കുറവുണ്ടായെങ്കിലും 2023 മുതൽ മരണസംഖ്യ വീണ്ടും ഉയരുകയായിരുന്നു. 2023ൽ 7,291 പേരും, 2024ൽ 7,747 പേരും, 2025ൽ 7,854 പേരും വിദേശത്ത് മരണപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്.
യു.എ.ഇയിൽ 12,380 മരണങ്ങൾ, സൗദി അറേബ്യയിൽ 11,757 മരണങ്ങൾ, കൂവൈത്തിൽ 3,890 മരണങ്ങൾ, ഒമാനിൽ 2,821 മരണങ്ങൾ എന്നിങ്ങനെയാണ് കണക്കുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗൾഫിലെ പ്രതിദിന മരണനിരക്ക് 10ൽ നിന്നും 18ലേക്ക് ഉയർന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മരണങ്ങൾക്കൊപ്പം തന്നെ പ്രവാസികൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചുള്ള പരാതികളും വർധിച്ചുവരികയാണ്. അഞ്ച് വർഷത്തിനിടെ 80,985 പരാതികളാണ് ഇന്ത്യൻ മിഷനുകൾക്ക് ലഭിച്ചത്. യു.എ.ഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ (16,965) റിപ്പോർട്ട് ചെയ്തത്. കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
കൃത്യസമയത്ത് ശമ്പളം നൽകാതിരിക്കുകയോ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുകയോ ചെയ്യുക, തൊഴിലുടമകൾ പാസ്‌പോർട്ടുകൾ അനധികൃതമായി കൈവശം വെക്കുന്നത്, നിയമപരമായ അവധി നൽകാതിരിക്കുകയും നിശ്ചിത സമയത്തിൽ കൂടുതൽ പണിയെടുപ്പിക്കുകയും ചെയ്യുക, കരാർ കാലാവധി കഴിഞ്ഞിട്ടും എക്സിറ്റ് വിസ നൽകാൻ വിസമ്മതിക്കുന്നത്, മടക്കയാത്ര തടയൽ തുടങ്ങിയവയാണ് തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് മന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് നിയമസഹായവും കോൺസുലർ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി പ്രത്യേക ധാരണാപത്രങ്ങളിൽ (MoU) ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

