ആഗോള റാങ്കിൽ ഇന്ത്യൻ പാസ്‌പോർട്ട് താഴേക്ക് പോകുന്നതിന്റെ കാരണങ്ങൾ അറിയാം
text_fieldsവാഷിങ്ടൺ: ഈ വർഷം ആദ്യം ഇന്ത്യയുടെ ദുർബലമായ പാസ്‌പോർട്ടിനെക്കുറിച്ച് പരാതിപ്പെടുന്ന ഒരു ഇന്ത്യൻ യാത്രാ േവ്ലാഗറുടെവിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയുണ്ടായി. ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങൾ ഇന്ത്യൻ വിനോദസഞ്ചാരികളെ കൂടുതൽ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മിക്ക പാശ്ചാത്യ, യൂറോപ്യൻ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ വിസ ലഭിക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പാസ്‌പോർട്ടിന്റെ മോശം അവസഥയോടുള്ള േവ്ലാഗറുടെ അതൃപ്തി ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചികയിലും പ്രതിഫലിക്കുന്നു. വിസ രഹിത യാത്രയെ അടിസ്ഥാനമാക്കിയുള്ള ലോക പാസ്‌പോർട്ടുകളുടെ റാങ്കിംഗ് സംവിധാനമാണ് ഹെൻലി. ഇത് ഇന്ത്യയെ 199 രാജ്യങ്ങളിൽ 85-ാം സ്ഥാനത്തേക്ക് എത്തിക്കുകയുണ്ടായി. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് സ്ഥാനങ്ങൾ താഴെയാണിപ്പോൾ. എന്നാൽ, ഇന്ത്യാ സർക്കാർ ഇതുവരെ റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ല.
ഇന്ത്യയേക്കാൾ വളരെ ചെറിയ സമ്പദ്‌വ്യവസ്ഥകൾ ആയ റുവാണ്ട, ഘാന, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾ പോലും സൂചികയിൽ യഥാക്രമം 78, 74, 72 എന്നീ സ്ഥാനങ്ങളുമായി ഉയർന്ന റാങ്കിലാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ റാങ്ക് 80കൾക്കുള്ളിൽ നിലയുറപ്പിച്ച് താരതമ്യേന മികവ് പുലർത്തിയിരുന്നു. എന്നാൽ, 2021ൽ 90-ാം സ്ഥാനത്തേക്ക് പോലും താഴ്ന്നു. തുടർച്ചയായി ഒന്നാം സ്ഥാനങ്ങൾ വഹിക്കുന്ന ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നില വളരെ ദയനീയമാണ്.
കഴിഞ്ഞ വർഷത്തെപ്പോലെ, ഈ വർഷവും 193 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രയുമായി സിംഗപ്പൂർ സൂചികയിൽ ഒന്നാമതെത്തി. 190 വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും 189 രാജ്യങ്ങളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ്.
ദുർബലമായ പാസ്‌പോർട്ടിന്റെ പ്രശ്നങ്ങൾ
പാസ്‌പോർട്ടിന്റെ ശക്തി ഒരു രാജ്യത്തിന്റെ ശക്തിയെയും ആഗോള സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് അവിടുത്തെ പൗരന്മാർക്ക് മികച്ച രാജ്യാന്തര ചലനാത്മകത നൽകുന്നു. ബിസിനസ്സിനും പഠനത്തിനുമുള്ള അവസരങ്ങൾ വർധിപ്പിക്കുന്നു. ദുർബലമായ പാസ്‌പോർട്ട് എന്നാൽ കൂടുതൽ പേപ്പർവർക്കുകൾ, ഉയർന്ന വിസ ചെലവുകൾ, കുറഞ്ഞ യാത്രാ ആനുകൂല്യങ്ങൾ, യാത്രക്കുള്ള കൂടുതൽ കാത്തിരിപ്പ് സമയം എന്നിവയാണ്.
എന്നാൽ, റാങ്കിൽ ഇടിവ് ഉണ്ടായിട്ടും ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം കഴിഞ്ഞ ദശകത്തിൽ വർധിച്ചു. ഇന്ത്യക്കാർക്കുള്ള വിസ രഹിത ലക്ഷ്യസ്ഥാനങ്ങൾ 2015ൽ 52 ആയിരുന്നത് 2023ൽ 60 ആയും 2024ൽ 62 ആയും ഉയർന്നു. എന്നിട്ടും റാങ്കിങ്ങിൽ ഇന്ത്യയുടെ നില താഴെയാണ്.
പാസ്പോർട്ടുകൾ ദുർബലമാവുന്നതിന്റെ കാരണങ്ങൾ
ആഗോള മൊബിലിറ്റിക്കായി വർധിച്ചുവരുന്ന മത്സരാധിഷ്ഠിത സമീപനമാണ് ഒരു പ്രധാന കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. അതായത്, രാജ്യങ്ങൾ അവരുടെ പൗരന്മാർക്കും സമ്പദ്‌വ്യവസ്ഥകൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ കൂടുതൽ യാത്രാ പങ്കാളിത്തങ്ങളെ പരിപോഷിപ്പിക്കുന്നു.
ഹെൻലി & പാർട്‌ണേഴ്‌സിന്റെ 2025ലെ റിപ്പോർട്ട് അനുസരിച്ച്, യാത്രക്കാർക്ക് വിസയില്ലാതെ എത്താൻ കഴിയുന്ന ആഗോള ലക്ഷ്യസ്ഥാനങ്ങളുടെ ശരാശരി എണ്ണം 2006ലെ 58ൽ നിന്ന് 2025ൽ 109 ആയി ഉയർന്നു. അഥവാ ഇരട്ടിയായി. ഉദാഹരണത്തിന്, കഴിഞ്ഞ ദശകത്തിൽ ചൈന തങ്ങളുടെ പൗരന്മാർക്ക് സഞ്ചരിക്കാവുന്ന വിസ രഹിത സ്ഥലങ്ങളുടെ എണ്ണം 50ൽ നിന്ന് 82 ആയി ഉയർത്തി. തൽഫലമായി, ഇതേ കാലയളവിൽ സൂചികയിലെ അവരുടെ റാങ്ക് 94 ൽ നിന്ന് 60 ആയും ഉയർന്നു.
അതേസമയം, 2025ൽ ഇന്ത്യയുടെ വിസരഹിത ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം പത്തു വർഷം മുമ്പുള്ളതിനേക്കാൾ കൂടുതലാണ്. എന്നിട്ടും ഈ രണ്ട് വർഷങ്ങളിലും ഇന്ത്യയുടെ റാങ്ക് 85 ആണ്. ആഗോള വിസ നയങ്ങളിലെ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ഹെൻലി പാസ്‌പോർട്ട് സൂചിക മൂന്നു മസത്തിനിടെ അപ്‌ഡേറ്റ് ചെയ്യും. ഇതനുസരിച്ച് ജൂലൈയിൽ 59 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിച്ചപ്പോൾ സൂചികയിൽ 77-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒക്ടോബറിൽ രണ്ട് രാജ്യങ്ങളിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടതിനെത്തുടർന്ന് 85-ാം സ്ഥാനത്തേക്ക് താഴ്ന്നു.
ഒരു രാജ്യത്തിന്റെ പാസ്‌പോർട്ടിന്റെ ശക്തിയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളും ഉണ്ട്. സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരത, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ സ്വാഗതം ചെയ്യുന്നതിനുള്ള തുറന്ന മനസ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ലോക രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന ഒറ്റപ്പെട്ട നിലപാട് കാരണം യു.എസ് പാസ്‌പോർട്ട് ആദ്യ പത്തിൽ നിന്ന് പുറത്തായി. ഇപ്പോൾ പന്ത്രണ്ടാം സ്ഥാനത്താണ്.
1970കളിൽ ഇന്ത്യക്കാർ പല പാശ്ചാത്യ, യൂറോപ്യൻ രാജ്യങ്ങളിലേക്കും വിസ രഹിത യാത്ര ആസ്വദിച്ചിരുന്നു. എന്നാൽ 1980കളിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിനുശേഷം അവസ്ഥ മാറി. ഖാലിസ്ഥാൻ പ്രസ്ഥാനം ഇന്ത്യയിൽ സിഖുകാർക്ക് ഒരു സ്വതന്ത്ര മാതൃരാജ്യം വേണമെന്ന് ആവശ്യപ്പെടുകയും ആഭ്യന്തര കലഹങ്ങൾക്ക് കാരണമാവുകയും ചെയ്തു. തുടർന്നുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങൾ ഇന്ത്യയുടെ സ്ഥിരതയുള്ള ജനാധിപത്യ രാജ്യമെന്ന പ്രതിച്ഛായയെ കൂടുതലായി തകർത്തു.
ഇന്ത്യയിൽ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെയോ വിസ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നവരുടെയോ എണ്ണം കൂടുതലാണ്. ഇത് രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതായും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ പാസ്‌പോർട്ട് സുരക്ഷാ ഭീഷണികൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2024ൽ ഡൽഹി പൊലീസ് 203 പേരെ വിസ, പാസ്‌പോർട്ട് തട്ടിപ്പ് ആരോപിച്ച് അറസ്റ്റ് ചെയ്തു. ബുദ്ധിമുട്ടുള്ള ഇമിഗ്രേഷൻ നടപടിക്രമങ്ങൾക്കും വിസ പ്രോസസിങ്ങിന്റെ വേഗത കുറക്കുന്നതിലും ഇന്ത്യ കുപ്രസിദ്ധമാണ്.
ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ ഇലക്ട്രോണിക് പാസ്‌പോർട്ട് സാങ്കേതിക മുന്നേറ്റങ്ങൾക്ക് സുരക്ഷ മെച്ചപ്പെടുത്താനും ഇമിഗ്രേഷൻ പ്രക്രിയ എളുപ്പമാക്കാനും കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കുന്ന ഒരു ചെറിയ ചിപ്പ് ഇ-പാസ്‌പോർട്ടിൽ ഉൾപ്പെടുന്നു. ഇത് പ്രമാണത്തിൽ വ്യാജമായി എഴുതുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും അവർ നിരീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

