ഒഡിഷ പാഠപുസ്തകങ്ങളിലെ 1,678 പിഴവുകൾ; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsഭുവനേശ്വർ: ഒഡിഷയിലെ സർക്കാർ സ്കൂൾ പാഠപുസ്തകങ്ങളിൽ കണ്ടെത്തിയ വ്യാപകമായ ഭാഷാ-വസ്തുതാ പിഴവുകൾ വിവാദമായതോടെ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ തീരുമാനം. അന്വേഷണത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉത്തരവിട്ടു. എസ്.സി.ഇ.ആർ.ടി ഡയറക്ടറോട് ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന് പരാതി നൽകാനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും മുഖ്യമന്ത്രി നിർദേശിച്ചു.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലാണ് നൂറുകണക്കിന് ഗുരുതര പിഴവുകൾ കണ്ടെത്തിയത്. അന്വേഷണത്തിൽ ഏകദേശം 2,000ത്തോളം പിഴവുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. പാഠപുസ്തകങ്ങളിലെ പിഴവുകൾ സംസ്ഥാന സർക്കാറിനെതിരെ വ്യാപക വിമർശനത്തിന് കാരണമായിരുന്നു.
പാഠപുസ്തകങ്ങളിലെ പിഴവുകൾ എങ്ങനെ സംഭവിച്ചുവെന്നും തയാറാക്കൽ, എഡിറ്റിങ്, അച്ചടി, പ്രസിദ്ധീകരണം എന്നിവയുടെ വിവിധ ഘട്ടങ്ങളിൽ വീഴ്ച സംഭവിച്ചോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രിമിനൽ നടപടിയോ മനപൂർവമായ വീഴ്ചയോ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
നേരത്തേ, സംഭവത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ എസ്.സി.ഇ.ആർ.ടി ഡയറക്ടറെയും മൂന്ന് അസിസ്റ്റന്റ് ഡയറക്ടർമാരെയും സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ മറ്റ് ആറ് അസിസ്റ്റന്റ് ഡയറക്ടർമാർക്കെതിരെയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചു.
2026-27 അധ്യയന വർഷത്തിനായി പുറത്തിറക്കിയ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ 1,678 പിഴവുകൾ കണ്ടെത്തിയിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിരുന്നു. അക്ഷരത്തെറ്റുകൾ, വസ്തുതാപരമായ തെറ്റുകൾ, തെറ്റായ ചിത്രങ്ങൾ, ഭൗമശാസ്ത്രപരമായ പിഴവുകൾ, അച്ചടി പിശകുകൾ എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്. പാഠപുസ്തകങ്ങളിലെ പിഴവുകളിൽ ഐസക് ന്യൂട്ടനെ മഹാനായ പൈലറ്റ് എന്ന് വിശേഷിപ്പിച്ചതും, കർണാടക നിയമസഭയുടെ ചിത്രം ഒഡിഷ നിയമസഭയുടേതായി നൽകിയതും, നിയംഗിരി മലനിരകൾ ഝാർഖണ്ഡിലാണെന്ന് രേഖപ്പെടുത്തിയതും ഉൾപ്പെടെയുള്ള ഗുരുതരമായ വസ്തുതാപരമായ തെറ്റുകൾ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
പാഠപുസ്തക വിവാദം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചക്കും കാരണമായിരുന്നു. പ്രതിപക്ഷ പാർട്ടികൾ വിദ്യാഭ്യാസ വകുപ്പിനെ രൂക്ഷമായി വിമർശിക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, പാഠപുസ്തകങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഒഡീഷ സർക്കാർ ഉറപ്പുനൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

