‘നിംബുഡ നിംബുഡ’... ബോളിവുഡിലെ ഹിറ്റ് ഗാനം ഒഡീഷ അഞ്ചാം ക്ലാസ് പാഠപുസ്തകത്തിൽ; വിമർശനം
text_fieldsഭുവനേശ്വർ: ഒഡീഷയിലെ അഞ്ചാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിൽ 1999ലെ ഹം ദിൽ ദേ ചുകെ സനം എന്ന ബോളിവുഡ് ചിത്രത്തിലെ ജനപ്രിയ ഗാനമായ ‘നിംബുഡ നിംബുഡ’യുടെ വരികൾ അച്ചടിച്ച സംഭവം വിവാദത്തിൽ. വിദ്യാർഥികൾക്കായി ഉൾപ്പെടുത്തേണ്ട പാഠഭാഗത്തിന് പകരമാണ് ഗാനത്തിന്റെ വരികൾ പുസ്തകത്തിൽ വന്നതെന്നാണ് റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ എഡിറ്റിങ്, ഗുണനിലവാര പരിശോധന എന്നിവക്കെതിരെ വ്യാപക വിമർശനം ഉയർന്നു. വരികൾ അച്ചടിച്ച പാഠപുസ്തകത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും ഇത് ഗുരുതരമായ അച്ചടി-പരിശോധനാ വീഴ്ചയാണെന്ന് ആരോപിച്ചു. പ്രാഥമിക ക്ലാസ് വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിൽ ഇത്തരമൊരു പിഴവ് എങ്ങനെ കടന്നുകൂടിയെന്ന ചോദ്യവും ഉയരുന്നുണ്ട്.
സംഭവം വിവാദമായതോടെ പാഠപുസ്തകങ്ങൾ തയാറാക്കൽ, എഡിറ്റിങ്, പ്രൂഫ് റീഡിങ്, അച്ചടി എന്നിവയുടെ നടപടി ക്രമങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി. വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിഴവ് സ്ഥിരീകരിക്കപ്പെട്ടാൽ പാഠപുസ്തക അച്ചടി നടപടികൾ പുനഃപരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സൽമാൻ ഖാനും ഐശ്വര്യ റായ് ബച്ചനും അഭിനയിച്ച 1999ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ ജനപ്രിയ ബോളിവുഡ് ഗാനമാണ് നിംബുഡ നിംബുഡ.
നേരത്തേ, ഒഡീഷയിലെ സർക്കാർ സ്‌കൂളുകൾക്ക് വേണ്ടി തയാറാക്കിയ പാഠപുസ്തകങ്ങളിൽ 1600 ലധികം തെറ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽ അക്ഷരത്തെറ്റുകൾ, പ്രമുഖ വ്യക്തികളുടെ പേരുകളിലെ തെറ്റുകൾ, ചിത്രങ്ങളിലെ പിശകുകൾ ഉൾപ്പെടെ 1678 തെറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. കർണാടക നിയമസഭയുടെ ചിത്രം കാണിച്ച് ഒഡീഷാ നിയമസഭയെന്നും ഹംപിയിലെ ക്ഷേത്രസമുച്ചയം കാണിച്ച് അത് കൊണാർക്കിലെ സൂര്യക്ഷേത്രമാണെന്നും പുസ്‌തകത്തിൽ പറയുന്നു. ഒഡീഷയിലെ നിയംഗിരി മലനിരകൾ ജാർഖണ്ഡിലാണ് എന്നും പുസ്തകത്തിൽ കാണാം. ഗഞ്ജം ജില്ലയിലെ നഗരമായ ബെർഹാംപുറിനെ ജില്ലയായാണ് കാണിച്ചിരിക്കുന്നത്.
ഭൗതികശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ മഹാനായ പൈലറ്റാണ് എന്നാണ് പാഠപുസ്‌തകം പറയുന്നത്. ഇക്വിനോക്സ് അഥവാ വിഷുവത്തെ ഇക്വേറ്റർ അഥവാ ഭൂമധ്യരേഖ എന്നാണ് പാഠപുസ്‌തകത്തിലുള്ളത്. താപനിലയെ തെറ്റായി മർദം എന്നാണ് രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്‌തകങ്ങൾ സ്കൂളുകളിലെത്തിയതിന് പിന്നാലെ അധ്യാപകർ വ്യാപകമായി തെറ്റുകൾ ചൂണ്ടിക്കാട്ടുകയായിരുന്നു. ഡയറക്‌ടറേറ്റ് ഓഫ് ടീച്ചർ എജൂക്കേഷന്റെയും എസ്.സി.ഇ.ആർ.ടിയുടേയും മേൽനോട്ടത്തിലായിരുന്നു പാഠപുസ്‌തകങ്ങൾ തയാറാക്കിയത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ഉത്തരവിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

