Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനത്ത സുരക്ഷാ വലയത്തിൽ...

കനത്ത സുരക്ഷാ വലയത്തിൽ നാളെ നീറ്റ് പുനഃപരീക്ഷ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.ജെ.പി പ്രതിഷേധം ശക്തം

text_fields
bookmark_border
neet reexam
cancel

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി പുനഃപരീക്ഷ നാളെ നടക്കും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളം 551 നഗരങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.79 ലക്ഷം വിദ്യാർഥികളാണ് നാളെ പരീക്ഷയെഴുതുന്നത്.

മെയ് മാസത്തിൽ നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഈ പരീക്ഷക്ക് ഉപയോഗിക്കാൻ പാടില്ല. എൻ.ടി.എ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വിദ്യാർഥികൾ പുതിയ അഡ്മിറ്റ് കാർഡ് തന്നെ ഡൗൺലോഡ് ചെയ്യണം. എൻ.ടി.എയുമായുള്ള ആശയവിനിമയത്തിനായി 7827980287 എന്ന ബ്ലൂടിക് വെരിഫൈഡ് വാട്‌സ്ആപ്പ് നമ്പർ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുമെങ്കിലും വിദ്യാർഥികൾക്ക് തിരികെ സന്ദേശമയക്കാൻ കഴിയില്ല.

വ്യക്തിഗത വിവരങ്ങളോ ഒ.ടി.പിയോ പണമോ എൻ.ടി.എ ആവശ്യപ്പെടില്ല. ഇത്തരത്തിൽ എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ അത് തട്ടിപ്പാണ്. സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നാഷണൽ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറായ 1930ൽ അറിയിക്കുക. പരീക്ഷാ കേന്ദ്രങ്ങളിൽ പാലിക്കേണ്ട ഡ്രസ് കോഡ് സംബന്ധിച്ച നിർദേശങ്ങൾ അഡ്മിറ്റ് കാർഡിലുണ്ട്. സുതാര്യമായ വെള്ളക്കുപ്പി, അഡ്മിറ്റ് കാർഡ് എന്നിവ മാത്രമേ അനുവദിക്കൂ. ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.

പരീക്ഷാ നടത്തിപ്പിൽ ഒരു വീഴ്ചയും സംഭവിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗങ്ങൾ ചേർന്ന് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ സി.സി.ടി.വി നിരീക്ഷണത്തിലാണ്. ഇവ കേന്ദ്രീകൃത കൺട്രോൾ റൂമുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചുള്ള കർശന പരിശോധനയും ആൾമാറാട്ടം തടയുന്നതിനായി ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയും ഉണ്ടാകും.

ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് കേന്ദ്ര സേനകളുടെ സുരക്ഷയോടെയും ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളിലൂടെയുമാണ്. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി ടെലിഗ്രാം പ്ലാറ്റ്‌ഫോമിന് ജൂൺ 22 വരെ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദേശങ്ങൾ എഡിറ്റ് ചെയ്യുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ട്.

അതേസമയം, നീറ്റ് ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുകയാണ്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ഉൾപ്പെടെയുള്ള സംഘടനകൾ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം സഹായധനം നൽകണമെന്നാവശ്യപ്പെട്ട് കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദിപ്കെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

പരീക്ഷയുമായി ബന്ധപ്പെട്ട കിംവദന്തികൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാൻ എൻ.ടി.എ വിദ്യാർഥികളോട് അഭ്യർത്ഥിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും, ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET Ugpaper leakNTACockroach Janata Party
News Summary - NEET re-exam tomorrow amid tight security
Next Story