ഇനി കൂളായി യാത്ര ചെയ്യാം: 66 ചെക്ക്-ഇൻ കൗണ്ടറുകൾ, സമ്മർദം കുറക്കാൻ കൂൾ സ്പേയ്സുകൾ; സ്മാർട്ടായി നവി മുംബൈ വിമാനത്താവളം
text_fieldsമുംബൈ മെട്രോപൊളിറ്റൻ മേഖലയെ ആഗോള മൾട്ടി എയർപോർട്ട് നഗരമാക്കി മാറ്റാൻ 19,650 കോടി രൂപയുടെ ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചറിൽ ‘നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം’ തയാറായിക്കഴിഞ്ഞു. മുംബൈയുടെ തലവര മാറ്റുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ടം ഒക്ടോബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിമാനത്താവളമാണിത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ 2025 ഡിസംബറിൽ ആരംഭിക്കും. ഒക്ടോബർ അവസാനത്തോടെ ടിക്കറ്റ് ആരംഭിക്കും.
കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെനിന്ന് യാത്ര ചെയ്യാം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുക. എൻ.എം.ഐ എന്നാണ് പുതിയ വിമാനത്താവളത്തിന്റെ കോഡ്. സമാന്തരമായി രണ്ട് റൺവേകളും നാലു ടെർമിനലുകളുമാണ് വിമാനത്താവളത്തിനുള്ളത്. പ്രാരംഭ ഘട്ടത്തിൽ ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണ് തുറക്കുന്നത്. 19,650 കോടി ചെലവിലാണ് വിമാനത്താവളം നിർമിച്ചിരിക്കുന്നത്.
പൂർണമായും ഡിജിറ്റലായാണ് യാത്രാ നടപടിക്രമങ്ങൾ. തടസ്സമില്ലാത്തതും പേപ്പർ രഹിതവുമായ പ്രവർത്തനത്തിന് ഓട്ടോമേറ്റഡ്, എ.ഐ പ്രാപ്തമാക്കിയ ടെർമിനൽ സംവിധാനങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്. എക്സ്പ്രസ് വേ, മെട്രോ ലൈനുകൾ, സബർബൻ റെയിൽ, വാട്ടർ ടാക്സി സർവീസ് എന്നിവയുൾപ്പെടെ ഒന്നിലധികം ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായിരിക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. കാത്തിരിപ്പ് സമയം കുറക്കുന്നതിന് ടെർമിനലിൽ 66 ചെക്ക്-ഇൻ കൗണ്ടറുകളും 22 സെൽഫ്-ബാഗേജ് ഡ്രോപ്പ് പോയിന്റുകളും ഉണ്ട്. ഭാവിയിലെ നാല് ടെർമിനലുകളെയും ബന്ധിപ്പിക്കുന്നതിന് ഒരു ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സംവിധാനവും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഡിജിറ്റൽ സവിശേഷതകളിൽ ഏറ്റവും പ്രധാനം ഉത്കണ്ഠ രഹിത വിമാനത്താവളമാണ്. യാത്രയുടെ ഓരോ ഘട്ടത്തിലുമുള്ള സമ്മർദം കുറക്കാൻ ലക്ഷ്യമിട്ടുള്ള അതിന്റെ നൂതനമായ ഡിസൈനും സാങ്കേതികവിദ്യയും ഇതിന് കാരണം. പേപ്പർ രഹിതവും കോൺടാക്റ്റ്‌ലെസ് ആയ യാത്രക്ക് സൗകര്യമൊരുക്കുന്ന ഡിജി യാത്ര പ്ലാറ്റ്‌ഫോം ഇവിടെ സജ്ജമാണ്. ഇത് ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, ബോർഡിങ് ഗേറ്റിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുകയും കാത്തിരിപ്പ് സമയം കുറക്കുകയും ചെയ്യുന്നു. യാത്രക്കാർക്ക് തങ്ങളുടെ ലഗേജ് എവിടെയെത്തി എന്ന് മൊബൈൽ ആപ്പ് വഴി തത്സമയം അറിയാൻ കഴിയും. ഇത് ലഗേജ് നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ഒഴിവാക്കാൻ സഹായിക്കും. വാഹന പാർക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.
കലാപരമായ ഇൻസ്റ്റലേഷനുകൾ, ഡിജിറ്റൽ പ്രദർശനങ്ങൾ, ശാന്തമായ ഇടങ്ങൾ എന്നിവ യാത്രക്കാർക്ക് സുരക്ഷാ പരിശോധനകൾക്ക് ശേഷമുള്ള സമ്മർദ്ദം കുറക്കുന്നതിനും വിരസത ഒഴിവാക്കുന്നതിനും വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL - അടൽ സേതു), മെട്രോ, റോഡ് ഗതാഗത സംവിധാനങ്ങൾ എന്നിവയുമായി എയർപോർട്ടിന് കണക്ഷനുണ്ട്. കൂടാതെ ഇന്ത്യയിൽ ആദ്യമായി വാട്ടർ ടാക്സി കണക്റ്റിവിറ്റിയും ഉണ്ട്. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളും, സൗന്ദര്യപരമായ രൂപകൽപ്പനയും, യാത്രാസൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ട് യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറക്കാനും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ലക്ഷ്യമിടുന്നതിനാലാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉത്കണ്ഠ രഹിത വിമാനത്താവളമായി വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

