‘മോദിയുടെ പിടിവാശിക്കേറ്റ തിരിച്ചടി, ഇത് സത്യത്തിന്റെ വിജയം’ -മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: സി.ജെ.പി സമരം വിജയം കണ്ട് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ പ്രതികരണവുമായി കോൺഗ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിദ്യാഭ്യാസ മന്ത്രിയുടെ രാജി കേന്ദ്ര സർക്കാറിന്റെ പിടിവാശിക്ക് ഏറ്റ തിരിച്ചടിയാണെന്നും സത്യത്തിന്റെ വിജയമാണെന്നും ഖാർഗെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ തെരുവിലിറങ്ങി പോരാടിയ കോടിക്കണക്കിന് യുവാക്കളുടെ ശബ്ദം ഒടുവിൽ കേന്ദ്ര ഭരണകൂടത്തിന്റെ പടിവാതിൽക്കലെത്തിയെന്നും ഇത് പ്രക്ഷോഭകരുടെയും സംയുക്ത പ്രതിപക്ഷത്തിന്റെയും ചരിത്രവിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് മുതൽ തെരുവ് വരെ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി ഒന്നിച്ചുനിന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കിയെന്നും കേന്ദ്ര സർക്കാറിന്റെ അഴിമതി ഭരണത്തിന് ഇരയായി സ്വന്തം മക്കളെയും രക്തബന്ധങ്ങളെയും നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് ഈ വിജയം സമർപ്പിക്കുന്നത്. സമരത്തെ അടിച്ചമർത്താൻ ക്രൂരമായ ലാത്തിച്ചാർജിനും പെല്ലറ്റ് തോക്കുകൾക്കും ഉത്തരവിട്ടവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും, രാജ്യത്തെ യുവതലമുറയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പുപറയണമെന്നും ഖാർഗെ പോസ്റ്റിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ രൂപം: ഭാരതത്തിലെ വിദ്യാർത്ഥികളുടെ ശബ്ദം ഒടുവിൽ ആ അഹങ്കാരികളായ ഭരണാധികാരികളുടെ പടിവാതിൽക്കൽ വരെയെത്തി. രാജ്യത്തുടനീളം വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കുന്നതിനായി തെരുവിലിറങ്ങി ശബ്ദമുയർത്തിയ നമ്മുടെ കോടിക്കണക്കിന് യുവാക്കളുടെ വിജയമാണിത്. ഇത് സത്യത്തിന്റെ വിജയമാണ്, മോദിയുടെ പിടിവാശിക്ക് ഏറ്റ തിരിച്ചടിയുമാണ്. അഴിമതി നിറഞ്ഞ ഈ ഭരണകൂടം കാരണം തങ്ങളുടെ രക്തവും സ്വന്തം മക്കളെയും നഷ്ടപ്പെട്ട ആ കുടുംബങ്ങളുടെ വിജയമാണിത്. വിദ്യാർത്ഥികളുടെ നന്മയ്ക്കായി പാർലമെന്റ് മുതൽ തെരുവ് വരെ പോരാടിയ സംയുക്ത പ്രതിപക്ഷത്തിന്റെ വിജയമാണിത്. ഇനി മോദിജി നമ്മുടെ യുവതലമുറയോട് മാപ്പ് പറയേണ്ട സമയമാണ്. കൂടാതെ, അവരുടെ നേർക്ക് ലാത്തിച്ചാർജ്ജും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.
നീറ്റ് പരീക്ഷ പേപ്പർ ചോർച്ച അടക്കം വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നടത്തിയ പ്രതിഷേധമാണ് ഇന്ന് ഫലം കണ്ടത്. നിരന്തരമായ സമ്മർദത്തിനും വിദ്യാർഥികളുടെ കടുത്ത നിലപാടുകൾക്കും മുന്നിൽ കീഴടങ്ങി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

