Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്ത്യാനികളല്ലാത്ത കുട്ടികൾക്ക് പ്രവേശനമില്ല: മഹാരാഷ്ട്രയിൽ ബൈബിൾ ക്യാമ്പുകൾക്ക് നിയന്ത്രണം

text_fields
bookmark_border
Maharashtra churches
cancel
camera_alt

മഹാരാഷ്ട്രയിലെ പള്ളി

മുംബൈ: മഹാരാഷ്ട്രയിൽ പ്രൊട്ടസ്റ്റന്റ്, സ്വതന്ത്ര സഭകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ (വിബിഎസ്) പരിപാടികൾ ചുരുക്കാനും റദ്ദാക്കാനും ക്രിസ്ത്യൻ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്താനും തീരുമാനം. വലതുപക്ഷ സംഘടനകൾ പരിപാടി തടസ്സപ്പെടുത്തി മതപരിവർത്തനം ആരോപിക്കുമെന്ന ഭയവും സംസ്ഥാനത്ത് നടപ്പിലായ പുതിയ മതപരിവർത്തന വിരുദ്ധ നിയമവുമാണ് ഇതിന് കാരണം.

മുംബൈ മെട്രോപൊളിറ്റൻ മേഖല, വസായ്-വിരാർ, പാൽഘർ, പുണെ എന്നിവിടങ്ങളിലെ സഭകൾ വേനൽക്കാല, ദീപാവലി അവധിക്കാലങ്ങളിലെ വിബിഎസ് പരിപാടികൾ വലിയ ജാഗ്രതയോടെയാണ് സമീപിക്കുന്നത്. പരമ്പരാഗതമായി വിബിഎസ് എന്നത് കുട്ടികൾക്ക് രസകരമായ പഠനത്തിന്റെയും കളികളുടെയും സമയമാണ്. 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി പാട്ടുകൾ, കളികൾ, ക്രാഫ്റ്റ്, ബൈബിൾ കഥകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പരിപാടി.

ഇതുവരെ ക്രിസ്ത്യൻ കുട്ടികൾക്കൊപ്പം മറ്റ് മതങ്ങളിൽപ്പെട്ട അവരുടെ സുഹൃത്തുക്കളും ഈ പരിപാടികളിൽ പങ്കെടുത്തിരുന്നു. മതഭേദമില്ലാതെ കുട്ടികൾ ഒരുമിച്ചിരുന്ന് പഠിക്കുകയും കളിക്കുകയും ചെയ്യുന്ന ഒരു സൗഹൃദ വേദിയായിരുന്നു വിബിഎസ്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. മതപരിവർത്തന ആരോപണം ഉണ്ടാകാതിരിക്കാൻ ചില സഭകൾ പരിപാടികൾ പൂർണ്ണമായും ഒഴിവാക്കുകയോ, ക്രിസ്ത്യൻ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്.

മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം നിലവിൽ വന്നതിന് പിന്നാലെയാണ് ഈ മാറ്റം. ബലപ്രയോഗത്തിലൂടെയോ, വഞ്ചനയിലൂടെയോ, പ്രലോഭനത്തിലൂടെയോ ഉള്ള മതപരിവർത്തനം ഈ നിയമം കുറ്റകരമാക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ പ്രാർത്ഥനാ യോഗങ്ങളും മറ്റ് മതപരമായ ഒത്തുചേരലുകളും വലതുപക്ഷ സംഘടനകൾ തടസ്സപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിയമവിരുദ്ധ മതപരിവർത്തനം ആരോപിച്ചായിരുന്നു ഈ തടസ്സപ്പെടുത്തലുകൾ.

വാടകക്ക് എടുത്ത വാണിജ്യ ഇടങ്ങളിലും ബാങ്ക്വറ്റ് ഹാളുകളിലും സ്വകാര്യ വീടുകളിലും നടന്ന ഒത്തുചേരലുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് പൊലീസ് പരാതികളും എഫ്.ഐ.ആറുകളും ഉണ്ടായി. ഇത് കുട്ടികളുടെ ക്യാമ്പുകളുടെ സംഘാടകരിലും വലിയ ഭയം സൃഷ്ടിച്ചിരിക്കുന്നു. മുംബൈയിലും മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ മറ്റ് ഭാഗങ്ങളിലുമുള്ള സഭകൾ, മതപരിവർത്തന വിരുദ്ധ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി, വിശ്വാസികളോട് സ്വയം സാക്ഷ്യപത്രം ഒപ്പിട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. പ്രാർത്ഥനാ യോഗങ്ങളിൽ ഇടപെടലുണ്ടാകുമെന്നും നിർബന്ധിത മതപരിവർത്തന ആരോപണം ഉയരുമെന്നുമുള്ള ആശങ്കയെ തുടർന്നുള്ള മുൻകരുതലായിരുന്നു ഇത്.

വിബിഎസ് പരിപാടികൾ സംഘടിപ്പിക്കുന്ന പാസ്റ്റർമാരും ഇപ്പോൾ കർശന മുൻകരുതലുകളാണ് സ്വീകരിക്കുന്നത്. പരിപാടി നടക്കുന്ന സ്ഥലത്ത് ബാനറുകൾ സ്ഥാപിക്കുന്നു, ഫീസ് ഈടാക്കി, ഒരു കുട്ടിയെയും പ്രലോഭിപ്പിച്ച് കൊണ്ടുവന്നതല്ലെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു,സിസിടിവി കാമറകൾ സ്ഥാപിക്കുന്നു, പരിചയമില്ലാത്ത സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നു, ഒരു കുട്ടിയെ പോലും പ്രലോഭിപ്പിച്ചാണ് ക്യാമ്പിൽ എത്തിച്ചതെന്ന് ആരോപിക്കാൻ കഴിയാത്ത വിധത്തിലാണ് ഈ ക്രമീകരണങ്ങളെല്ലാം.

മഹാരാഷ്ട്രയുടെ മതപരിവർത്തന വിരുദ്ധ നിയമം വന്നതിന് ശേഷം സഭകൾ വിബിഎസ് നടത്തുന്ന രീതിയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. കുട്ടികളുടെ അവധിക്കാല പരിപാടി പോലും നിയമപരമായ ആരോപണങ്ങളുടെ നിഴലിൽ നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നാണ് സഭാ നേതാക്കൾ പറയുന്നത്. മതസ്വാതന്ത്ര്യം ഉറപ്പാക്കാനെന്ന് പറഞ്ഞ് കൊണ്ടുവന്ന നിയമം, മതപരമായ പ്രവർത്തനങ്ങൾക്ക് തന്നെ തടസ്സമാകുന്നുണ്ടെന്ന വിമർശനവും ഇതിനിടെ ഉയരുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maharashtra churches are restricting Bible camps
Next Story