മതസ്വാതന്ത്ര്യം സർക്കാറിന്റെ ഔദാര്യമല്ലെന്ന് അസദുദ്ദീൻ ഉവൈസി; സഹാറൻപൂർ പള്ളി പൊളിക്കൽ സംഭവത്തിലാണ് പ്രതികരണം
text_fieldsഅസദുദ്ദീൻ ഉവൈസി
ഹൈദരാബാദ്: ഉത്തർപ്രദേശിലെ സഹാറൻപൂർ കലക്ടറേറ്റ് വളപ്പിലെ പള്ളി ജില്ലാ ഭരണകൂടം പുലർച്ചെ പൊളിച്ചുനീക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. രാജ്യത്ത് മുസ്ലിംകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഇല്ലാതായോ എന്നും നിസ്സാര കാരണങ്ങൾ പറഞ്ഞ് ആരാധനാലയങ്ങൾ നിരന്തരം ബുൾഡോസർ കയറ്റി തകർക്കുന്നത് എന്തിനാണെന്നും അദ്ദേഹം 'എക്സി'ലൂടെ ചോദിച്ചു.
"പള്ളിക്ക് 1911 മുതലുള്ള രേഖകൾ നിലവിലുണ്ടെന്ന് പള്ളി കമ്മിറ്റി വ്യക്തമാക്കിയതാണ്. നൂറ്റാണ്ടിലേറെയായി അവിടെ ആളുകൾ നിസ്കാരം നിർവഹിക്കുന്നുണ്ട്. ഇത് വഖഫ് നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന 'വഖഫ് ബൈ യൂസർ' പരിധിയിലാണ് വരുന്നത്. ഒരു സുപ്രഭാതത്തിൽ ഭരണകൂടം ഉണർന്നെണീറ്റ് സ്വത്തിൽ അനിയന്ത്രിതമായ അവകാശം ഉന്നയിക്കാൻ ലിമിറ്റേഷൻ ആക്ട് പ്രകാരം സർക്കാരിന് അവകാശമില്ല," ഉവൈസി ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടിലേറെയായി പള്ളി ആ സ്ഥലത്ത് പരസ്യമായും തുടർച്ചയായും സ്ഥിതി ചെയ്യുന്നതിനാൽ സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചാൽ പോലും 'അഡ്വേഴ്സ് പൊസഷൻ' തത്വം ഇവിടെ ബാധകമാകുമെന്ന് അദ്ദേഹം പറഞ്ഞു. "കലക്ടറേറ്റിനും മുൻപേ വന്നതാണ് ഈ പള്ളി. ചിലർക്ക് പള്ളി കാണുന്നത് തന്നെ വലിയ വേദനയായിരിക്കും. അത് അവരുടെ പ്രശ്നമാണ്, ഞങ്ങളുടെയല്ല. കാണാൻ ബുദ്ധിമുട്ടാണെങ്കിൽ അവർ മുഖം തിരിച്ചുനടക്കട്ടെ. നിങ്ങൾക്ക് എവിടെയെങ്കിലും ചൊറിച്ചിൽ ഉണ്ടെന്നുവെച്ച് ഞങ്ങളുടെ പള്ളികൾക്ക് നേരെ ബുൾഡോസർ കയറ്റിവിടാൻ കഴിയില്ല. എന്റെ മതസ്വാതന്ത്ര്യം നിങ്ങളുടെ ഔദാര്യമല്ല," ഉവൈസി തുറന്നടിച്ചു.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വൻ പോലീസ് സന്നാഹത്തോടെ ഭരണകൂടം പള്ളി പൊളിച്ചുനീക്കിയത്. സംഭവത്തിൽ സമാജ്വാദി പാർട്ടി എം.പി ഇഖ്റ ഹസൻ, കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് എന്നിവരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

