‘മോദിയുടെ രാജി ആവശ്യപ്പെടൂ, എല്ലാം ബോസിന്റെ നിർദേശപ്രകാരം’; സി.ജെ.പിക്ക് ഉപദേശവുമായി അരവിന്ദ് കെജ്‌രിവാൾ
text_fieldsഅരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനത പാർട്ടിക്ക് ഉപദേശവുമായി മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടാനാണ് കെജ്‌രിവാളിന്റെ ഉപദേശം. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന പ്രതിദിൻ കോൺക്ലേവ് 2026ൽ ഒരു വാർത്താ ചാനലിന്റെ അഭിമുഖ പരിപാടിയിൽ സംസാരിക്കവെയാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്.
ഇതിന്റെ വിഡിയോ ക്ലിപ്പ് അദ്ദേഹം തന്നെ തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ചെയ്യുന്നതെല്ലാം ബോസിന്റെ നിർദേശപ്രകാരമാണ് എന്ന് പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. ‘ആദ്യം നിങ്ങൾ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു. ഇപ്പോൾ നിങ്ങൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നു. ഞാൻ പറയുന്നു, നേരിട്ട് ബോസിന്റെ രാജി ആവശ്യപ്പെടൂ. എല്ലാം നടക്കുന്നത് അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ്. ഇനി പ്രസ്ഥാനം നരേന്ദ്ര മോദിയുടെ രാജിക്ക് വേണ്ടിയാകണം’ കെജ്‌രിവാൾ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സെപ്റ്റംബർ 26നകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2ന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം വന്നത്. മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്നാണ് സി.ജെ.പി അറിയിച്ചിരുന്നത്. എന്നാൽ ഒക്ടോബർ 2ന് മുംബൈയിൽ പ്രതിഷേധം നടത്താൻ മുംബൈ പൊലീസ് അനുമതി നിഷേധിച്ചതായി ദീപ്‌കെ പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ ജയിൽ ഭരോ ആന്ദോളൻ നടത്തുമെന്ന് സി.ജെ.പി മുന്നറിയിപ്പ് നൽകി. ‘ഒക്ടോബർ 2ന് നടത്താനിരുന്ന ഞങ്ങളുടെ പ്രതിഷേധത്തിന് മുംബൈ പൊലീസും അനുമതി നിഷേധിച്ചു. പൗരന്മാരുടെ ശബ്ദത്തെ അടിച്ചമർത്താനുള്ള ഇത്തരം തന്ത്രങ്ങൾ അംഗീകരിക്കാനാവില്ല’ ദീപ്‌കെ എക്‌സിൽ കുറിച്ചു.
‘48 മണിക്കൂർ പന്ത് കുമാറിന്റെ കോർട്ടിലായിരുന്നു. ഇപ്പോൾ അത് സി.ജെ.പിയുടെ കോർട്ടിലാണ്. ഒക്ടോബർ 2ന് ഞങ്ങൾ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. അദ്ദേഹം രാജിവെക്കുന്നതുവരെ ഞങ്ങൾ പിന്നോട്ട് പോകില്ല. സി.ജെ.പി ഒരു വിഷയത്തിൽ ഇടപെട്ടാൽ വിജയിക്കുന്നതുവരെ അത് വിട്ടുകളയാത്ത ഒരു പ്ലാറ്റ്‌ഫോമാണ് സി.ജെ.പി നേതാവ് അഷുതോഷ് റാങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

