Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

SIR: വോട്ടുവെട്ടുന്നത് ഗുരുതര കുറ്റകൃത്യമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി; ‘ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കണം, ബോസിന്റെ നിർദേശമനുസരിച്ചാണോ പ്രവർത്തനം?’

text_fields
bookmark_border
rk singh Gyanesh Kumar
cancel
camera_alt

ആർ.കെ. സിങ്, ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: എസ്.ഐ.ആറിന്റെ മറവിൽ വോട്ടർമാരെ പരിശോധന പോലുമില്ലാതെ വെട്ടിമാറ്റുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കുറ്റക്കാരനാണെന്നും മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ബി.ജെ.പി നേതാവുമായിരുന്ന ആർ.കെ. സിങ്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ‘ബോസു’മാരുടെ നിർദേശപ്രകാരമാണോ ഇത്തരം നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചതെന്നും തുറന്നടിച്ചു.

2011 മുതൽ 2013 വരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായും മോദി സർക്കാരിൽ 2019 മുതൽ 2024 വരെ കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനായ ആർ.കെ. സിങ്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്.

രാജ്യത്തുടനീളം എസ്.ഐ.ആർ നടപ്പാക്കാനുള്ള ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ആർ.കെ. സിങ് ചൂണ്ടിക്കാട്ടി. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ, ഓരോ കേസിനും രേഖാമൂലമുള്ള കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഏതെങ്കിലും പ്രത്യേക മണ്ഡലത്തിലോ മണ്ഡലത്തിന്റെ ഭാഗത്തോ മാത്രമേ ഇത്തരം തിരുത്തലുകൾ നടപ്പാക്കാൻ പാടുള്ളൂ. പ്രത്യേക സാഹചര്യങ്ങൾക്കുള്ള ഇളവുകളെ പൊതുനിയമമാക്കാൻ കഴിയില്ലെന്നും, എസ്.ഐ.ആർ ശരിവെച്ച സുപ്രീം കോടതി ഉത്തരവ് തെറ്റായിരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് അർഹരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും, എന്നാൽ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കാൻ ഒരു ദൗത്യം നടപ്പാക്കുന്നതെന്നും അദ്ദേഹം തുറന്നകത്തിൽ ആരോപിച്ചു.

പുതിയ വോട്ടർമാരെ രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന ഫോം 6-ൽ ചട്ടങ്ങൾ ലംഘിച്ച് ഗ്യാനേഷ് കുമാർ പുതിയ അനുബന്ധം കൂട്ടിച്ചേർത്തതായി ആർ.കെ. സിങ് ആരോപിച്ചു. മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരുടെയും അഭിപ്രായങ്ങൾക്ക് വിരുദ്ധമായിട്ടാണ് അദ്ദേഹം ഇത് ചെയ്തത്. കൂടാതെ ഫോം 7 ഉപയോഗിച്ച് വോട്ടർമാരെ ഒഴിവാക്കാൻ കൂട്ടത്തോടെ അപേക്ഷകൾ സമർപ്പിച്ചത് ആരാണെന്നും, ഒപ്പിട്ടവർ നേരിട്ട് ഹാജരാകാതിരുന്നിട്ടും ഈ അപേക്ഷകൾ എങ്ങനെ സ്വീകരിച്ചു നടപടിയെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.

വ്യാജ ഫോം 7 അപേക്ഷകൾ നൽകി ആളുകളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇലക്ഷൻ കമ്മീഷനും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിലെ ചിലരും ഗൂഢാലോചന നടത്തിയോ എന്നും അന്വേഷിക്കണം. ഇന്ത്യയിലെ പാവപ്പെട്ടവർ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഗ്യാനേഷ് കുമാറിന് യാതൊരു ധാരണയുമില്ല. വോട്ടർമാരുടെ മാതാപിതാക്കളുടെ പേരിന്റെ അക്ഷരത്തെറ്റ്, പ്രായവ്യത്യാസത്തിലെ പൊരുത്തക്കേടുകൾ, ആറിൽ കൂടുതൽ മക്കളുണ്ടാവുക തുടങ്ങിയ കാര്യങ്ങൾ യുക്തിപരമായ പൊരുത്തക്കേടുകളായി ഉയർത്തിക്കാട്ടിയതിനെ പരിഹസിച്ചു. വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനും പേരുകൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും നിയമപരമായി അധികാരമുള്ള ഏക ഉദ്യോഗസ്ഥൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ) ആണെന്നിരിക്കെ, വോട്ടർപട്ടിക കേന്ദ്രീകരിക്കുകയും പരിഷ്കരണം കേന്ദ്രീകൃതമായി നടത്തുകയും ചെയ്തത് തികച്ചും നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

യാതൊരു അടിസ്ഥാനമോ അന്വേഷണമോ കാരണം കാണിക്കൽ നോട്ടീസോ ഇല്ലാതെ, 2003-ന് ശേഷം ഇ.ആർ.ഒമാർ ഉൾപ്പെടുത്തിയ എല്ലാ വോട്ടർമാരുടെയും പേരുകൾ ഗ്യാനേഷ് കുമാർ നീക്കം ചെയ്തതായി ആർ.കെ. സിങ് ആരോപിച്ചു. ഒഴിവാക്കപ്പെട്ടവർ വീണ്ടും പുതിയ വോട്ടർമാരായി അപേക്ഷിച്ച് യോഗ്യത തെളിയിക്കണമെന്ന് പറയുന്നത് 1995-ലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. എൻറോൾ ചെയ്ത വോട്ടറെ അയോഗ്യനാക്കാൻ ആവശ്യപ്പെടുന്ന പരാതിക്കാരനോ അന്വേഷണ ഉദ്യോഗസ്ഥനോ ആണ് തെളിവുകൾ ഹാജരാക്കേണ്ടതെന്ന് 1995-ലെ വിധി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സെപ്റ്റംബർ 23-ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിന് പിന്നാലെയാണ് ആർ.കെ. സിങ്ങിന്റെ വെളിപ്പെടുത്തലുകൾ വരുന്നത്. മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ എസ്.ഐ.ആർ സംബന്ധിച്ച തീരുമാനങ്ങളിൽ ഔദ്യോഗികമായി എതിർപ്പ് ഉന്നയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ അറിവില്ലാതെയാണ് പല തീരുമാനങ്ങളും എടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, ഫോം 6-ലെ മാറ്റങ്ങൾ, പശ്ചിമ ബംഗാളിലെ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനെതിരെയുള്ള അപ്പീലുകൾ, ഗോവയിലെ വോട്ടർ ഡാറ്റ കൈകാര്യം ചെയ്യൽ എന്നിവയിലായിരുന്നു എതിർപ്പുകൾ. ഇരു കമ്മീഷണർമാരുടെയും ഉപദേശം തള്ളിയാണ് തെരഞ്ഞെടുപ്പ് പാനൽ പ്രവർത്തിച്ചതെന്നും ഈ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്നും സുഖ്ബീർ സിങ് സന്ധുവും രേഖാമൂലം കുറിച്ചിരുന്നു.

ഡിജിറ്റൽ വോട്ടർപട്ടിക ഡാറ്റാബേസിന്റെ കേന്ദ്രീകരണത്തെക്കുറിച്ച് മേയിൽ വിവേക് ജോഷിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമപരമായ അധികാരികൾക്ക് മാത്രമാണ് ഡാറ്റാബേസിൽ മാറ്റം വരുത്താൻ അധികാരമുള്ളതെന്ന് ഉറപ്പാക്കാൻ ഓഡിറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

'ഇന്ത്യൻ എക്സ്പ്രസ്' വാർത്തയ്ക്ക് ശേഷം ശനിയാഴ്ച ചേർന്ന ആദ്യ യോഗത്തിൽ, എസ്.ഐ.ആർ നടക്കാത്ത സമയങ്ങളിൽ ഫോം 6-ന്റെ പഴയ പതിപ്പ് ഉപയോഗിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. എന്നാൽ എസ്.ഐ.ആറിനായി ഫോം 6-ൽ ചേർത്ത സത്യവാങ്മൂലം സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെന്ന് കമ്മീഷൻ അവകാശപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ സാധാരണ ഭരണഘടനാപരമായ പ്രക്രിയ മാത്രമാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഇത്തരം ചർച്ചകളെന്നും ബുധനാഴ്ച കമ്മീഷൻ വിശദീകരിച്ചു.

2025 ജൂണിൽ ആരംഭിച്ച എസ്.ഐ.ആർ പ്രക്രിയ യഥാർത്ഥ വോട്ടർമാരുടെ അവകാശം കവരുന്നതാണെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. മെയ് മാസത്തിൽ സുപ്രീം കോടതി ഇതിന്റെ നിയമസാധുത ശരിവെച്ചെങ്കിലും, ഒരാൾ ഇന്ത്യൻ പൗരനാണോ എന്ന് തീരുമാനിക്കാൻ ഇലക്ഷൻ കമ്മീഷന് അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ബി.ജെ.പി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളിലും എസ്.ഐ.ആറിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് റേഷൻ കാർഡുകൾ നിഷേധിക്കുകയും പാസ്പോർട്ട് പുതുക്കുന്നതിന് പൊലീസ് അനുമതി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIR violates law, alleges ex-Modi minister; asks if CEC Gyanesh Kumar was directed by his bosses
Next Story