Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കാരണം അറിയിച്ചില്ല,...

‘കാരണം അറിയിച്ചില്ല, നിരാശ മാത്രം’: മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി മുൻ മന്ത്രി, കർണാടക കോൺഗ്രസിൽ അതൃപ്തി

text_fields
bookmark_border
Dinesh Gundu Rao
cancel

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മന്ത്രിസഭാ വികസനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ നിരാശയുണ്ടെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടു റാവു. പാർട്ടിക്കും സംസ്ഥാനത്തിനും വേണ്ടി ദീർഘകാലം സേവനം ചെയ്തിട്ടും തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ വികസനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു ദിനേശ് ഗുണ്ടു റാവുവിന്റെ പ്രതികരണം.

രണ്ടുമാസത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചത്. അവസാന നിമിഷത്തിലെ മാറ്റങ്ങൾ ഭരണകക്ഷിയായ കോൺഗ്രസിൽ കടുത്ത അതൃപ്തിക്ക് വഴിവെച്ചു​. മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന മുതിർന്ന നേതാവ് ദിനേഷ് ഗുണ്ടു റാവു പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്ന ഏക വനിതാ മന്ത്രി ഗായത്രി ശാന്തേഗൗഡയുടെ സത്യപ്രതിജ്ഞയും അപ്രതീക്ഷിതമായി മാറ്റിവെച്ചിരുന്നു.

ആറ് തവണ എം.എൽ.എയായ താൻ, തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കോൺഗ്രസിനോടും കർണാടകയിലെ ജനങ്ങളോടും പ്രതിജ്ഞാബദ്ധനാണെന്ന് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ നിരാശയുണ്ടെന്നും അ​ദ്ദേഹം തുറന്നുപറഞ്ഞു. ‘ഇതിന് പിന്നിൽ പ്രത്യേക കാരണമൊന്നുമില്ല; നിരാശ മാത്രമാണ് ഉള്ളത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിനും പാർട്ടിക്കും വേണ്ടി ഇത്രയും വർഷത്തെ സേവനത്തിനു ശേഷം, ഈ മന്ത്രിസഭയിൽ സർക്കാരിനെ സേവിക്കാൻ എന്നെ പരിഗണിക്കാത്തത് നിരാശാജനകമാണ്. എന്നെ ഒഴിവാക്കുന്നതിന് ഒരു കാരണവും നൽകാതെ എടുത്ത തീരുമാനങ്ങളിൽ ഞാൻ നിരാശനാണ്. ഒഴിവാക്കപ്പെട്ടെങ്കിലും, ജനങ്ങളുടെ ക്ഷേമത്തിനും കർണാടകയുടെ വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

അവർ എന്നോട് കാരണം പറയണമായിരുന്നു എന്നതാണ് ഏക കാര്യം. എന്നെ എന്തിനാണ് പുറത്താക്കിയതെന്ന് എനിക്കറിയില്ല. ഒരു മന്ത്രി എന്ന നിലയിൽ ഞാൻ മോശം പ്രകടനം കാഴ്ചവെച്ചിരുന്നോ? എനിക്ക് എന്തെങ്കിലും അഴിമതി ആരോപണങ്ങളുണ്ടോ? പാർട്ടിക്ക് വേണ്ടി ഞാൻ നന്നായി പ്രവർത്തിച്ചില്ലേ? -അദ്ദേഹം ചോദിച്ചു.

മുൻ സർക്കാരിൽ പോലും, സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിച്ചതിനാൽ മറ്റൊരാളെ മന്ത്രിയാക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. മന്ത്രിയാകുന്നത് എനിക്ക് അവസാനമല്ല. പക്ഷേ എന്നെ പുറത്താക്കിയതിന് അവർ എനിക്ക് ശരിയായ കാരണം നൽകിയിട്ടില്ല എന്നതാണ് നിരാശ. കുറഞ്ഞത് ഭാവിയിലെങ്കിലും എന്നെ എന്തിനാണ് പുറത്താക്കിയതെന്ന് അവർ എന്നോട് പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉചിതമായ ഒരു കാരണം നൽകണം. അതാണ് ഞാൻ പ്രതീക്ഷിക്കുന്നത് -ദിനേശ് ഗുണ്ടു റാവു വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

മന്ത്രിസഭ വികസനത്തിനായി ആദ്യം തയാറാക്കിയ പട്ടികയിൽ ദിനേഷ് ഗുണ്ടു റാവുവിന്റെ പേര് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അവസാന ഘട്ടത്തിൽ പട്ടികയിൽ മാറ്റം വരുത്തി അദ്ദേഹത്തെ ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുകയായിരുന്നു. മന്ത്രിസ്ഥാനമില്ലാത്തതിൽ പ്രതിഷേധിച്ച് ഇൻഡി എം.എൽ.എ യശവന്തരായഗൗഡ വി. പാട്ടീൽ രാജിവെച്ചതായാണ് വിവരം. കൂടാതെ നിരവധി നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

മുൻ സിദ്ധരാമയ്യ സർക്കാരിലെ നിരവധി മുതിർന്ന നേതാക്കളെയാണ് പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്. എച്ച്.സി. മഹാദേവപ്പ, എച്ച്.കെ. പാട്ടീൽ, കെ. വെങ്കിടേഷ്, എം.സി. സുധാകർ, ലക്ഷ്മി ഹെബ്ബാൾക്കർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka congressDK ShivakumarDinesh Gundu Raokarnataka cabinet expansioncongress mla resigns
News Summary - Karnataka Cabinet Snub Leaves Ex Minister Disappointed
Next Story