‘കോൺഗ്രസിൽ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്കേ വിലയുള്ളൂ...’-കർണാടകയിൽ മന്ത്രിസ്ഥാനം കിട്ടാതിരുന്ന രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു
text_fieldsകർണാടകയിലെ കോൺഗ്രസ് എം.എൽ.എമാരായ യശ്വന്ത്‌റായ ഗൗഡ പാട്ടീൽ, ബേലൂർ ഗോപാലകൃഷ്ണ
ബംഗളൂരു: കർണാടകയിൽ രണ്ടുമാസം വൈകി നടന്ന മന്ത്രിസഭ വികസനത്തിൽ മന്ത്രിസ്ഥാനം കിട്ടാത്തതിനെ ചൊല്ലി കോൺഗ്രസിൽ കലഹം. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു.ഇൻഡി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് യശ്വന്ത്‌റായ ഗൗഡ പാട്ടീലും സാഗർ എം.എൽ.എ ബേലൂർ ഗോപാലകൃഷ്ണയുമാണ് രാജിവെക്കുമെന്ന് അറിയിച്ചത്.
തന്നെ മന്ത്രിയാക്കുമെന്ന വാഗ്ദാനം പാർട്ടി പാലിച്ചില്ലെന്ന് യശ്വന്ത്‌റായ ഗൗഡ പാട്ടീൽ ആരോപിച്ചു. അതേസമയം, ‘കോൺഗ്രസിൽ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്കാണ് പ്രാധാന്യം ലഭിക്കുന്നത്’ എന്നാണ് ബേലൂർ ഗോപാലകൃഷ്ണ വിമർശനം ഉന്നയിച്ചത്.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ, തിങ്കളാഴ്ച വൈകീട്ട് 20 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ 34 മന്ത്രിമാരായി. അതേസമയം, പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തില്ല.
നേരത്തേ, മുൻ സ്പീക്കർ യു.ടി. ഖാദറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് റോൺ എം.എൽ.എ ജി.എസ്. പാട്ടീലിനെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്തിട്ടുണ്ട്. വിരാജ്പേട്ട് എം.എൽ.എ എ.എസ്. പൊന്നണ്ണ ഡെപ്യൂട്ടി സ്പീക്കറാകുമെന്നാണ് സൂചന. നിയമസഭ കൗൺസിലിൽ സലീം അഹമ്മദ് ചെയർപേഴ്സനായും ഉമാശ്രീ ഡെപ്യൂട്ടി ചെയർപേഴ്സനായും ചുമതലയേൽക്കും. കന്നട നടി കൂടിയാണ് ഉമാശ്രീ.
ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവർ: പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തങ്കടഗി, രുദ്രപ്പ ലമാണി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ, റിസ്‌വാൻ അർഷദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടുരംഗ ഷെട്ടി, മങ്കാള വൈദ്യ, അജയ് സിംഗ്, എൻ. ചെലുവരായ സ്വാമി, കെ.എം. ശിവലിംഗ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തേഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയനന്ദ് കാശപ്പനവർ, ലക്ഷ്മൺ സവദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

