ഝാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും
text_fieldsപ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ
റാഞ്ചി: റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളുംക്കെതിരെ നിയമസഭയിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ റാഞ്ചിയിൽ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് നിയമസഭയിലേക്ക് നീങ്ങാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.
ജെ.പി.എസ്.സി, ജെ.എസ്.എസ്.സി റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളുമാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. 16 ദിവസം മുമ്പ് ആരംഭിച്ച സമരം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധിക്കുന്ന വിവിധ സംഘടനകളും സർക്കാർ നിയോഗിച്ച സമിതിയും തമ്മിൽ നടത്തിയ നിരവധി ചർച്ചകൾ നടന്നിരുന്നു. ഞായറാഴ്ച നടന്ന ആറാംഘട്ട ചർച്ചയിലും സമവായത്തിലെത്താത്തതിനാൽ വിദ്യാർഥികൾ നിയമസഭ മാർച്ച് നടത്തുകയായിരുന്നു.
ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയാണ്. വിദ്യാർഥികളുടെ 98 ശതമാനം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട 13 പരീക്ഷകളിൽ മൂന്നെണ്ണം മാത്രമാണ് സർക്കാർ റദ്ദാക്കാൻ സമ്മതിച്ചതെന്നാണ് വിദ്യാർഥികളുടെ വാദം.
ജെ.പി.എസ്.സി, ജെ.എസ്.എസ്.സി റിഫോംസ് മഞ്ച് നേതാവ് രവീന്ദ്ര പാസ്വാൻ സി.ബി.ഐ അന്വേഷണത്തിനുള്ള ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി ആറുപേർ ഇപ്പോഴും നിരാഹാര സമരത്തിലാണ്. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ദേവേന്ദ്ര മഹ്തോയും നേരത്തെ നിരാഹാര സമരം നടത്തിയിരുന്നു. പൊലീസ് തടയുകയാണെങ്കിൽ അവരുമായി തർക്കിക്കാതെ അച്ചടക്കത്തോടെ നിയമസഭയിലെത്താൻ മറ്റ് മാർഗങ്ങൾ തേടണമെന്ന് അദ്ദേഹം പ്രതിഷേധക്കാരോട് അഭ്യർഥിച്ചിരുന്നു.
പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിലെ പ്രധാന കവലകളിലും സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളിലും ഭരണകൂടം ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പൊലീസ് വൻതോതിൽ സേനയെ വിന്യസിക്കുകയും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. തലസ്ഥാനത്തേക്ക് കൂടുതൽ വിദ്യാർഥികൾ എത്തുന്നത് നിയന്ത്രിക്കുന്നതിനായി ജില്ലാ അതിർത്തികളിലും പ്രധാന റോഡുകളിലും ദേശീയപാതകളിലും ബസുകളും സ്വകാര്യ വാഹനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. റാഞ്ചിയിലെ ഭൂരിഭാഗം സ്കൂളുകളും ഇന്ന് അടഞ്ഞുകിടന്നു.
പ്രതിഷേധത്തിൽ നിന്ന്
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് ട്രെയിനുകളിലും ബസുകളിലും മറ്റ് വാഹനങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇന്ന് രാവിലെ റാഞ്ചിയിലെത്തിയത്. ഇതിനിടെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിക്ക് മുന്നിലും ബി.ജെ.പി നേതാക്കൾ പ്രതിഷേധിച്ചു.
പ്രതിഷേധത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ ചില വിദ്യാർഥികൾ പട്‌നയിലെ നീറ്റ് പ്രതിഷേധത്തിനിടെ ഉണ്ടായ സമാനമായി വെള്ളത്തിന്റെ ശക്തമായ ഒഴുക്കിന് മുന്നിൽ നൃത്തം ചെയ്യുകയും ചെയ്തു. പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ലാത്തിയല്ല, ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിരുന്നു.
അതിനിടെ, റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച ആരോപണങ്ങളിൽ സി.ഐ.ഡി സമൻസ് അയച്ചതിന് പിന്നാലെ ജെ.പി.എസ്.സിയിലെ മൂന്ന് അംഗങ്ങൾ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ജെ.പി.എസ്.സി ചെയർമാൻ എൽ. ഖിയാങ്‌തെ ജൂലൈ 22ന് രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

