Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡിൽ...

ഝാർഖണ്ഡിൽ നിരാഹാരമിരിക്കുന്ന വിദ്യാർഥിനേതാവിന്റെ ആരോഗ്യനില വഷളായി, ഇന്ന് വീണ്ടും ചർച്ച

text_fields
bookmark_border
ഝാർഖണ്ഡിൽ നിരാഹാരമിരിക്കുന്ന വിദ്യാർഥിനേതാവിന്റെ ആരോഗ്യനില വഷളായി, ഇന്ന് വീണ്ടും ചർച്ച
cancel

ന്യൂഡൽഹി: റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ പരിഷ്‌കരണം ആവശ്യപ്പെട്ട് ഝാർഖണ്ഡിൽ വിദ്യാർഥികൾ നടത്തുന്ന സമരം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കെ നിരാഹാര സമരം നടത്തുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ്യനില വഷളായി. ഒരാഴ്ചയായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന മഹ്തോയുടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറഞ്ഞതാണ് കാരണം. റാഞ്ചിയിലെ ജയ്‌പാൽ സിങ് സ്റ്റേഡിയത്തിലാണ് വിദ്യാർഥികൾ സമരം നടത്തുന്നത്.

മഹ്തോയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രതിഷേധക്കാരുമായി ഞായറാഴ്ച വീണ്ടും ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും വിവിധ വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചകൾക്ക് പരിഹാരം കാണാനാകാത്തതിനെ തുടർന്നാണ് ആറാം ഘട്ട ചർച്ചക്ക് സർക്കാർ തയാറായത്.

എന്നാൽ പുതിയ ചർച്ചാ നീക്കത്തെ സമരത്തിന് നേതൃത്വം നൽകുന്ന ജെപിഎസ്‌സി-ജെഎസ്‌എസ്‌സി റിഫോംസ് മഞ്ച് വിമർശിച്ചു. വിദ്യാർഥികളെ ഭിന്നിപ്പിക്കാനും സമരത്തിന്റെ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സംഘടനയുടെ നേതാവ് രവീന്ദ്ര പാസ്വാൻ ആരോപിച്ചു. അതേസമയം, വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ചർച്ചകൾ സൗഹാർദപരമാണെന്നും സർക്കാർ അറിയിച്ചു. ജെ.പി.എസ്‌.സി, ജെ.എസ്‌.എസ്‌.സി പരീക്ഷകളിലെ ക്രമക്കേടുകളിൽ നടപടി സ്വീകരിക്കുക, റിക്രൂട്ട്‌മെന്റ് പരീക്ഷാ സംവിധാനം പരിഷ്‌കരിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ മുൻനിർത്തി ജൂലൈ 25നാണ് പ്രതിഷേധം ആരംഭിച്ചത്. .

കൂടാതെ 14-ാമത് ജെ.പി.എസ്‌.സി സിവിൽ സർവിസ് പരീക്ഷ റദ്ദാക്കുക, സംശയമുള്ള ജെ.പി.എസ്‌.സി-ജെ.എസ്‌.എസ്‌.സി പരീക്ഷകളിൽ 90 ദിവസത്തിനുള്ളിൽ സി.ഐ.ഡി അന്വേഷണം നടത്തുക, നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ മാതൃകയിൽ ഝാർഖണ്ഡ് ടെസ്റ്റിങ് ഏജൻസി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥി സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. ആദിവാസി, പ്രാദേശിക ഭാഷകൾ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉൾപ്പെടുത്തണമെന്നും ക്രമക്കേട് കണ്ടെത്തിയ പരീക്ഷകൾ റദ്ദാക്കണമെന്നും ആദിവാസി ഛത്ര സംഘം ആവശ്യപ്പെട്ടു.

ആവശ്യങ്ങളിൽ ഞായറാഴ്ചക്കകം പരിഹാരം ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് 10ന് ഝർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. എ.ഐ.എസ്‌.എ, എ.ബി.വി.പി തുടങ്ങിയ വിദ്യാർഥി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം നടന്ന പ്രതിഷേധത്തിനിടെ എ.ബി.വി.പി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുകയും പത്തോളം പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikejharkandstudent protest
News Summary - ഝാർഖണ്ഡ് വിദ്യാർഥി സമരം 16-ാം ദിവസം
Next Story