ഒടുവിൽ മുട്ടുമടക്കി ഝാർഖണ്ഡ് സർക്കാർ; മൂന്ന് ജെ.പി.എസ്.സി അംഗങ്ങൾ രാജിവെച്ചു
text_fieldsറാഞ്ചി: 16 ദിവസമായി തുടരുന്ന ഉദ്യോഗാർഥി പ്രക്ഷോഭത്തിനൊടുവിൽ വഴങ്ങി ഝാർഖണ്ഡ് സർക്കാർ. ഝാർഖണ്ഡ് പബ്ലിക് സർവിസ് കമീഷനിലെ മൂന്ന് അംഗങ്ങൾ രാജിവെച്ചു. ജെ.പി.എസ്.സി അംഗങ്ങളായ അജീത ഭട്ടാചാര്യ, അനിമ ഹൻസ്ദ, ജമാൽ അഹമ്മദ് എന്നിവരുടെ രാജിക്കത്തുകൾ ഗവർണർ അംഗീകരിച്ചു.
14ാം ജെ.പി.എസ്.സിയുടെ സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ ഉൾപ്പെടെ മൂന്ന് പ്രധാന റിക്രൂട്ട്മെന്റ് പരീക്ഷകൾ റദ്ദാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. പരീക്ഷ തട്ടിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനും ധാരണയായിട്ടുണ്ട്. വിദ്യാർഥി സംഘടന പ്രതിനിധികളുമായി ഞായറാഴ്ച നടന്ന ആറ് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ഒടുവിൽ മുട്ടുമടക്കിയാണ് സർക്കാർ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ജെ.പി.എസ്.സി ബാക്ക്ലോഗ് 2023, ബാക്ക്ലോഗ് 2025, 14ാം ജെ.പി.എസ്.സി പ്രിലിമിനറി എന്നിവയാണ് റദ്ദാക്കുന്ന പരീക്ഷകൾ. തട്ടിപ്പുകളിലെ ക്രിമിനൽ വശങ്ങൾ സംസ്ഥാന സി.ഐ.ഡിയും സാമ്പത്തിക ക്രമക്കേടുകൾ ഇ.ഡിയും അന്വേഷിക്കും. കേസിൽ ആരോപണവിധേയമായ പരീക്ഷ നടത്തിപ്പ് ഏജൻസിയായ ടി.ഡി.പി.എല്ലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഗോഡ ജില്ലയിലെ ബ്ലോക്ക് സപ്ലൈ ഓഫിസർ അഭയ് തിവാരിയെ സി.ഐ.ഡി ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ജൂലൈ 22ന് ജെ.പി.എസ്.സി ചെയർമാൻ എൽ. ഖിയാങ്തെയും രാജി വെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, സർക്കാർ 98 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി സാങ്കേതിക വിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാർ സോനു അറിയിച്ചെങ്കിലും, ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷ ചോർച്ചയിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉദ്യോഗാർഥികൾ ഉറച്ചുനിൽക്കുകയാണ്. ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും മേൽനോട്ടത്തിൽ നടന്ന പരീക്ഷയായതിനാൽ സി.ബി.ഐ അന്വേഷണം സാധ്യമല്ലെന്നാണ് സർക്കാറിന്റെ നിലപാട്. ഇതിനുപകരം വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ മുന്നോട്ടുവെച്ചെങ്കിലും വിദ്യാർഥികൾ അംഗീകരിച്ചിട്ടില്ല. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും ഓഗസ്റ്റ് 10ലെ നിയമസഭാ മാർച്ച് നടത്തുമെന്നും വിദ്യാർഥി നേതാവ് രവീന്ദ്ര പസ്വാൻ വ്യക്തമാക്കി.
പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ലാത്തികൊണ്ടല്ല സംഭാഷണത്തിലൂടെയാണ് ജനാധിപത്യം സംരക്ഷിക്കേണ്ടതെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

