'ഇന്ത്യൻ കപ്പലുകളെ കടത്തിവിടുന്നതിന് പകരമായി ഇറാന് ഒന്നും ലഭിച്ചിട്ടില്ല, ഇന്ത്യയും ഇറാനും തമ്മിലുള്ളത് ദീർഘകാല നയതന്ത്ര ബന്ധം'- എസ്. ജയശങ്കർ
text_fieldsന്യൂ ഡൽഹി: ഇന്ത്യയിലേക്കുള്ള രണ്ട് എണ്ണ കപ്പലുകൾ ഹുർമുസ് കടലിടുക്ക് കടക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ ഇറാനുമായി നടത്തിയ ചർച്ചകളെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഹുർമുസിലൂടെയുള്ള ചരക്ക് ഗതാഗതം പുനരാരംഭിക്കാൻ ഏറ്റവും ഫലപ്രദമായ വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടെന്നും ആശയവിനിമയം തുടരുമെന്നും ഫൈനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇനിയും കൂടുതൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഹുർമുസ് കടക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ കപ്പലിനും വേണ്ടി പ്രത്യേകം അനുമതിയാണ് ലഭിച്ചത്. ഇന്ത്യൻ കപ്പലുകളെ മുഴുവൻ കടത്തിവിടുന്ന രീതിയിൽ നിലവിൽ സാഹചര്യമെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു കരാറിലും ഇന്ത്യയും ഇറാനും എത്തിച്ചേർന്നിട്ടില്ല. ഇന്ത്യൻ കപ്പലുകളെ കടത്തിവിടുന്നതിന് പകരമായി ഇറാന് ഒന്നും ലഭിച്ചിട്ടില്ല. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്‍റെയും നയതന്ത്ര ചർച്ചകളുമാണ് ഇതിന് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യകരമായ കാര്യങ്ങളാണ് പശ്ചിമേഷ്യയിൽ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് സംരക്ഷിക്കുന്നതിനും ഈ ജലപാത പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധക്കപ്പലുകൾ അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് കഴിഞ്ഞയാഴ്ച ഇറാൻ രണ്ട് ഇന്ത്യൻ പതാക വഹിച്ച എൽ.പി.ജി കപ്പലുകളെ ഹുർമുസ് കടക്കാൻ അനുവദിച്ചത്. ഇറാൻ-യു.എസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ സംഭാഷണമായിരുന്നു അത്. പിന്നീട് ജയശങ്കറും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും ചർച്ചകൾ നടത്തിയിരുന്നു.
റഷ്യൻ എണ്ണ തേടി ഇന്ത്യയും ചൈനയും
ഇസ്രായേൽ ഇറാൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, ഹുർമുസ് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ ഇന്ത്യയും ചൈനയും റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കുകയാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് ഇരുരാജ്യങ്ങളിലേക്കുമുള്ള റഷ്യൻ എണ്ണ ഇറക്കുമതി 22 ശതമാനം വർധിച്ചു. ഇന്ത്യ പ്രതിദിനം 1.5 മില്യൺ ബാരൽ എണ്ണയാണ് ഇപ്പോൾ റഷ്യയിൽ നിന്ന് വാങ്ങുന്നത്.
ആഗോള വിപണിയിലെ എണ്ണവില വർധനവ് ഇന്ത്യൻ ഓഹരി വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ മാത്രം ഇന്ത്യൻ നിക്ഷേപകർക്ക് 33.68 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. നിഫ്റ്റി 23,000 പോയന്റിന് താഴേക്ക് പോകാനുള്ള സാധ്യത നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ധനവില വർധിക്കുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ഭീതിയും നിലനിൽക്കുന്നു.
നിലവിൽ ഇന്ത്യയിലേക്ക് ഇറാൻ കടത്തിവിട്ട ചരക്ക് കപ്പലുകളെ കൂടാതെ കൂടുതൽ ചരക്ക് കപ്പലുകൾ രാജ്യത്തേക്ക് കടത്തിവിടുന്നതിനായി ഇന്ത്യൻ സർക്കാർ ഇറാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഈ നീക്കം വിജയിക്കുകയാണെങ്കിൽ വിപണിയിലെ തകർച്ചക്ക് അൽപം ആശ്വാസം ലഭിച്ചേക്കും. എങ്കിലും, ഇറാനിലെ എണ്ണ നിലയങ്ങൾ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും വിപണി അസ്ഥിരമായി തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

