പശ്ചിമേഷ്യൻ പ്രതിസന്ധി: ആഗോളവിപണിയിൽ എണ്ണ വില കുതിക്കുന്നു; നേട്ടമുണ്ടാക്കി റഷ്യ
text_fieldsപ്രതീകാത്മക ചിത്രം
മോസ്കോ: ഇറാനിനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, ആഗോള എണ്ണ വിപണിയിൽ റഷ്യൻ ആധിപത്യം തിരിച്ചുവരുന്നു. ഹുർമുസ് കടലിടുക്കിലെ എണ്ണ വിതരണ തടസ്സവും ഇറാനെതിരെയുള്ള നീക്കങ്ങളും കാരണം എണ്ണ ആവശ്യത്തിനായി ലോകരാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടുന്നത് റഷ്യൻ എണ്ണ വ്യവസായത്തിന് വലിയ ലാഭമുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ.
ആക്രമണം രൂക്ഷമായതിന് ശേഷം റഷ്യയുടെ പ്രതിദിന അധിക വരുമാനം 150 മില്യൺ ഡോളറായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1.9 ബില്യൺ ഡോളറാണ് റഷ്യയുടെ നികുതി വരുമാനത്തിൽ ഉണ്ടായ വർധനവ്. രണ്ട് മാസം മുമ്പ് ബാരലിന് 52 ഡോളറായിരുന്ന റഷ്യൻ എണ്ണയുടെ വില ഇപ്പോൾ 70 മുതൽ 80 ഡോളർ വരെയെത്തി. യുക്രൈൻ യുദ്ധത്തെത്തുടർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ, നിലവിലെ സാഹചര്യം പരിഗണിച്ച് ട്രംപ് ഭരണകൂടം 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എണ്ണ വിൽപ്പനയിലും കാര്യമായ മാറ്റം പ്രകടമാകുന്നത് കാണാം.
റഷ്യൻ എണ്ണ തേടി ഇന്ത്യയും ചൈനയും
ഇസ്രായേൽ ഇറാൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, ഹുറുമുസ് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യയും ചൈനയും റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കുകയാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് ഇരുരാജ്യങ്ങളിലേക്കുമുള്ള റഷ്യൻ എണ്ണ ഇറക്കുമതി 22 ശതമാനം വർധിച്ചു. ഇന്ത്യ പ്രതിദിനം 1.5 മില്യൺ ബാരൽ എണ്ണയാണ് ഇപ്പോൾ റഷ്യയിൽ നിന്ന് വാങ്ങുന്നത്.
ആഗോള വിപണിയിലെ എണ്ണവില വർധനവ് ഇന്ത്യൻ ഓഹരി വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ മാത്രം ഇന്ത്യൻ നിക്ഷേപകർക്ക് 33.68 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. നിഫ്റ്റി (Nifty50) 23,000 പോയിന്റിന് താഴേക്ക് പോകാനുള്ള സാധ്യത നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ധനവില വർധിക്കുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ഭീതിയും നിലനിൽക്കുന്നു.
പ്രതീക്ഷയോടെ നയതന്ത്ര നീക്കങ്ങൾ
നിലവിൽ ഇന്ത്യയിലേക്ക് ഇറാൻ കടത്തിവിട്ട ചരക്ക് കപ്പലുകളെ കൂടാതെ കൂടുതൽ ചരക്ക് കപ്പലുകൾ രാജ്യത്തേക്ക് കടത്തിവിടുന്നതിനായി ഇന്ത്യൻ സർക്കാർ ഇറാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഈ നീക്കം വിജയിക്കുകയാണെങ്കിൽ വിപണിയിലെ തകർച്ചക്ക് അൽപം ആശ്വാസം ലഭിച്ചേക്കും. എങ്കിലും, ഇറാനിലെ എണ്ണ നിലയങ്ങൾ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും വിപണി അസ്ഥിരമായി തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

