ഐ ലവ് മുഹമ്മദ് കാമ്പയിൻ: അറസ്റ്റിലായവരുടെ സ്വത്തുകൾ നശിപ്പിച്ച് യോഗിയുടെ ബുൾഡോസർ രാജ്
text_fieldsബറേലിയിൽ മൗലാന തൗഖീർ റാസയുടെ സ്ഥാപനം ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു
ലഖ്നോ: നബിദിനാഘോഷങ്ങളുടെ ഭാഗമായി ഉയർത്തിയ ഐ ലവ് മുഹമ്മദ് ബാനറുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ അറസ്റ്റിലായവർക്കു നേരെ ബുൾഡോസർ രാജുമായി ഉത്തർ പ്രദേശ് ഭരണകൂടം.
കഴിഞ്ഞ വെള്ളിയാഴ്ച ബറേലിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസ ഖാന്റെയും ബന്ധുക്കളുടെയും ഉൾപ്പെടെ വീടുകളും കടകളും ഉൾപ്പെടെ സ്വത്തുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കാനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു. സംഘർഷത്തിനു പിന്നാലെ അറസ്റ്റിലായ മുഹ്സിൻ റാസയുടെ ഉടമസ്ഥതയിലുള്ള ബറേലിയിലെ ചാർജിങ് സ്റ്റേഷൻ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊളിച്ചു നീക്കി. തൗഖീർ റാസയുടെ ബന്ധു കൂടിയാണ് മുഹ്സിൻ.
തൗഖീർ റാസയുമായി ബന്ധപ്പെട്ട എട്ടോളം വസ്തുക്കളും പൊളിച്ചു നീക്കാൻ തീരുമാനിച്ചതായി ബറേലി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കെട്ടിടങ്ങളും വീടും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ ഉപജീവനത്തിനുള്ള വസ്തുക്കളാണ് അനധികൃത നിർമാണവും നിയമലംഘനവും ആരോപിച്ച് പകപോക്കലെന്ന നിലയിൽ തദ്ദേശ ഭരണകൂടം പൊളിച്ചു നീക്കാൻ ഒരുങ്ങുന്നത്. വെള്ളിയാഴ്ചയിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവരെല്ലാം കസ്റ്റഡിയിലാണുള്ളത്. ആൾകൂട്ടത്തിന് ഒളിത്താവളമൊരുക്കിയെന്നുമാണ് ആരോപണം.
അറസ്റ്റിലായ മുഹമ്മദ് ആരിഫിന്റെ നിരവധി വസ്തുക്കളാണ് പൊളിച്ചുനീക്കുന്നതിനായി ഞായറാഴ്ച അടയാളപ്പെടുത്തിയത്. ഹോട്ടൽ, പുൽത്തകിടി, സ്കൈലാർക്ക്, ഫാം ലോൺ, ഫ്ലോറ ഗാർഡൻ എന്നിവ അനധികൃതമായാണ് നിർമിച്ചതെന്ന് ബറേലി വികസന അതോറിറ്റി വൈസ് ചെയർമാൻ ഡോ. മണികണ്ഠൻ ആരോപിച്ചു.
വെള്ളിയാഴ്ചയിലെ സംഘർഷത്തിനു പിന്നാലെ ബറേലിയിലെ ഇന്റർനെറ്റ് നിരോധനം ചൊവ്വാഴ്ച വരെ നീട്ടിയിരുന്നു. കലാപം, സംഘർഷവുമായി ബന്ധപ്പെട്ട് 180 പേർക്കെതിരെയാണ് ഇവിടെ കേസെടുത്തത്. 40 പേരെ അറസ്റ്റു ചെയ്തു. സംഘർഷത്തിനു പിന്നിൽ ഗൂഢാലോചനയും പൊലീസ് ആരോപിക്കുന്നുണ്ട്.
പ്രാദേശിക കോടതി തൗഖീർ റാസയെ അടക്കം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണിപ്പോൾ. ഉത്തർപ്രദേശിലെ ബറേലിയിൽ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ‘ഐ ലവ് മുഹമ്മദ്’ കാമ്പയ്‌നിനെ പിന്തുണച്ച് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തത് അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നയിച്ചെന്നാണ് പൊലീസ് ഭാഷ്യം.
സെപ്റ്റംബർ നാലിന് കാൺപൂരിലെ മൊഹല്ല സയ്യിദ് നഗർ പ്രദേശത്തെ ജാഫർ വാലി ഗലിയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് ഉയർത്തിയ ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെ പേരിലാണ് സംഘർഷങ്ങൾ ഉടലെടുത്തത്. പുതിയ ആഘോഷ രീതിയാണിതെന്നും അനുവദിക്കില്ലെന്നും വ്യക്തമാക്കി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ മുസ്‍ലിം യുവാക്കൾക്കെതിരെ യു.പി പൊലീസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായ ഉയർന്ന കടുത്ത പ്രതിഷേധമാണ് ‘ഐ ലവ് മുഹമ്മദ് കാമ്പയിൻ ’ ആയി മാറിയത്. ഉത്തരഖണ്ഡ്, ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനകളിലും കാമ്പയിൻ പ്രചരിക്കുകയും, ബാനറുകൾക്കും പോസ്റ്ററുകൾക്കുമെതിരെ പൊലീസ് നടപടി ആരംഭിക്കുകയും ചെയ്തു.
യു.പിക്കു പിന്നാലെ ഉത്തരഖണ്ഡിലെ കാശിപൂർ, ഗുജറാത്തിലെ ഗോധ്ര, മഹാരാഷ്ട്രയിലെ ബൈകുള എന്നിവടങ്ങളിലും ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെയും കാമ്പയിനിന്റെയും പേരിൽ കേസും അറസ്റ്റും നടന്നിട്ടുണ്ട്. സെപ്റ്റംബർ 23 വരെ മാത്രം വിവിധ ഭാഗങ്ങളിൽ 21 കേസുകളിലായി 1300 പേരെ പ്രതിചേർത്തതായാണ് റിപ്പോർട്ട്.
പ്രതിഷേധക്കാരെ അടിച്ചമർത്തുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിദ്വേഷ പരാമർശങ്ങളും നടത്തി. ‘അഴിമതി നിറഞ്ഞ സർക്കാരുകൾക്കൊപ്പം ഉത്തർപ്രദേശിൽ സ്വത്വ പ്രതിസന്ധി കൊണ്ടുവന്ന അതേ ആളുകളാണ് പ്രശ്നങ്ങൾക്കു പിന്നിൽ. ഈ ആളുകൾ കാരണം സംസ്ഥാനത്ത് നിക്ഷേപങ്ങളോ വികസനങ്ങളോ ഉണ്ടാകുന്നില്ല. അവർ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ കടുത്ത രീതിയിൽ അടിച്ചമർത്തും’ -യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

