നബിദിനാഘോഷങ്ങളുടെ ഭാഗമായ ‘ഐ ലവ് മുഹമ്മദ്’ ബാനറിനെതിരെ യോഗി പൊലീസ്; വ്യാപക അറസ്റ്റും കേസും
text_fieldsസെപ്റ്റംബർ നാലിന് കാൺപൂരിൽ ഉയർത്തിയ ബാനർ
ന്യൂഡൽഹി: നബിദിനാഘോഷങ്ങളുടെ ഭാഗമായി ഉത്തർ പ്രദേശിലെ കാൺപൂരിൽ മുസ്‍ലിം സംഘടനകൾ ഉയർത്തിയ ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെ പേരിൽ ആരംഭിച്ച സംഘർഷത്തിനു പിന്നാലെ പ്രതിഷേധം വിവിധ മേഖലകളിലേക്ക് വ്യാപിക്കുന്നു.
സെപ്റ്റംബർ നാലിന് കാൺപൂരിലെ മൊഹല്ല സയ്യിദ് നഗർ പ്രദേശത്തെ ജാഫർ വാലി ഗലിയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് ബാനർ ഉയർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. നബിദിനാഘോഷത്തിന്റെ പുതിയ രീതിയാണെന്ന് ആരോപിച്ച് രംഗത്തുവന്ന ഹിന്ദുത്വ സംഘടന പ്രവർത്തകർ ബാനറുകൾ നശിപ്പിച്ചു. പിന്നാലെ ബാനർ ഉയർത്തിയതിന്റെ പേരിൽ മുസ്‍ലിം യുവാക്കൾക്കെതിരെ പൊലീസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഘർഷവും പ്രതിഷേധവും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും പുറത്തേക്കും വ്യാപിക്കുകയായിരുന്നു. ‘ഐ ലവ് മുഹമ്മദ്’ എന്ന പ്ലാക്കാർഡും സ്റ്റിക്കറുമായി പ്രതിഷേധം പ്രചാരണമായി വ്യാപിച്ചതോടെ വ്യാപക അറസ്റ്റും കേസുമായി പൊലീസും രംഗത്തെത്തി.
നബിദിന ഘോഷയാത്രയിൽ ഐ ലവ് മുഹമ്മദ് ബാനറുമായി വിശ്വാസികൾ
വെള്ളിയാഴ്ച ജുമഅ നമസ്കാരത്തിനു പിന്നാലെ ബറേലിയിൽ നടന്ന പ്രതിഷേധം പൊലീസ് ലാത്തിച്ചാർജിലും കല്ലേറിലും കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 50ൽ ഏറെ പേരെ ഇവിടെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. 1700ഓളം പേർക്കെതിരെ കലാപം, സർക്കാർ ജോലി തടസ്സപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസും എടുത്തിട്ടുണ്ട്.
യു.പിക്കു പിന്നാലെ ഉത്തരഖണ്ഡിലെ കാശിപൂർ, ഗുജറാത്തിലെ ഗോധ്ര, മഹാരാഷ്ട്രയിലെ ബൈകുള എന്നിവടങ്ങളിലും ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെയും കാമ്പയിനിന്റെയു പേരിൽ കേസും അറസ്റ്റും നടന്നതായി പൗരാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) വെളിപ്പെടുത്തി. സെപ്റ്റംബർ 23 വരെ മാത്രം വിവിധ ഭാഗങ്ങളിൽ 21 കേസുകളിലായി 1300 പേരെ പ്രതിചേർത്തതായാണ് റിപ്പോർട്ട്. 38 പേർ അറസ്റ്റിലായി.
ഉത്തർ പ്രദേശിൽ ആയിരത്തിലേറെ മുസ്‍ലിംകളെ പ്രതിയാക്കി 16 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഉന്നാവോയിൽ അഞ്ചും, ബഗ്വതിൽ രണ്ടും പേരെ അറസ്റ്റു ചെയ്തു. ഇവിടങ്ങളിൽ നൂറിലേറെ പേർക്കെതിരെയാണ് കേസെടുത്തത്. കൈസർ ഗഞ്ചിൽ 355ഉം, ഷാജഹാൻപൂരിൽ 200ഉം, കൗശംബിയിൽ 24ഉം പേർക്കെതിരെ കേസെടുത്തു.
ഉത്തരഖണ്ഡിലെ കാശിപൂരിൽ 401 പേർക്കെതിരെ കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുജറാത്തിലെ ഗോധ്രയിൽ 88 പേർക്കെതിരെ കേസും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു ബാനറിൽ തുടക്കം; കേസിനു പിന്നാലെ പ്രതിഷേധം പടർന്നു
സെപ്റ്റംബർ നാലിന് കാൺപൂരിലെ മൊഹല്ല സയ്യിദ് നഗർ പ്രദേശത്തെ ജാഫർ വാലി ഗലിയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് പ്രവാചക സ്നേഹം പങ്കുവെച്ചുകൊണ്ടായിരുന്നു തദ്ദേശീയരായ മുസ്‍ലിം വിശ്വാസികൾ ‘ഐ ലവ് മുഹമ്മദ്’ ബാനർ ഉയർത്തിയത്. എന്നാൽ, അടുത്ത ദിവസം തന്നെ ബാനറിനെതിരെ ബി.ജെ.പി പ്രാദേശിക നേതാവ് മോഹിത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തെത്തി. രാമനവമി ഉൾപ്പെടെ ഹിന്ദു ആഘോഷങ്ങൾ നടക്കുന്ന സ്ഥലത്തെ ടെന്റിന് പുറത്ത് മനഃപൂർവ്വം പോസ്റ്റർ സ്ഥാപിച്ചതാണെന്നായിരുന്നു പ്രാദേശിക ഹിന്ദു സംഘടനകളുടെ ആരോപണം. മുൻവർഷങ്ങളിലൊന്നുമില്ലാത്തതാണ് ഇത്തരം ബാനറുകളെന്നും, ‘ഐ ലവ് മുഹമ്മദ്’ പ്രദർശനം പുതിയ രീതിയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അടുത്ത ദിവസം നടന്ന നബിദിന ഘോഷയാത്രക്കിടെ തങ്ങളുടെ ബോർഡുകൾ നശിപ്പിച്ചതായും പരാതി ഉയർന്നു.
എ.പി.സി.ആർ റിപ്പോർട്ട്
ആദ്യം സംഭവത്തിൽ ഇടപെടാതിരുന്ന പൊലീസ് ഉന്നത ഇടപെടലിനെ തുടർന്ന് ദിവസങ്ങൾക്കു ശേഷമാണ് ഹിന്ദുത്വ സംഘടനകളുടെ പരാതിയിൽ ബാനർ ഉയർത്തിയതിന് 24 പേർക്കെതിരെ കേസ് എടുത്തത്. ഈ കേസുമായി വിവിധ ഇടങ്ങളിലായി ഉയർന്ന പ്രതിഷേധങ്ങൾ വെള്ളിയാഴ്ച സംഘർഷത്തിലേക്കും അറസ്റ്റിലേക്കുമെല്ലാമെത്തി.
അതേസമയം, കാൺപൂരിലെ പ്രശ്നങ്ങൾ മനപൂർവം സൃഷ്ടിക്കുകയായിരുന്നുവെന്നും മോഹിത് വാജ്പെയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നിൽ പ്രവർത്തിച്ചതെന്നും സാമൂഹ്യ പ്രവർത്തകൻ ഡോ. നിസാർ അഹമ്മദ് ‘ദി ക്വിന്റി’നോട് പ്രതികരിച്ചു.
‘ഐ ലവ് മുഹമ്മദ്’ എന്ന് എവിടെയും എഴുതാം. അതിന്റെ സ്ഥാനം ശരിയോ തെറ്റോ എന്ന് എങ്ങനെ പറയാനാവും. മതപരമായ പോസ്റ്ററുകൾ നശിപ്പിച്ചതായി പറയപ്പെടുന്നതും തെറ്റാണ്. ഘോഷയാത്രയിലുള്ളവർ മറ്റൊരു വഴിയിലേക്കും പോയിട്ടില്ല എന്നതാണ് സത്യം. അവർ ഒരു കിലോമീറ്റർ ചുറ്റളവിലാണ് നിലനിന്നത്. വാഹനങ്ങളൊന്നും ഉണ്ടായിരുന്നു. മറ്റുള്ളവരും ഇവിടെയില്ലായിരുന്നു’ -സംഭവങ്ങളുടെ ദൃസാക്ഷി കൂടിയായ നിസാർ അഹമ്മദ് വിശദീകരിച്ചു.
അതേസമയം ‘ഐ ലവ് മുഹമ്മദ്’ എന്ന് എഴുതുന്നതിൽ എതിർപ്പില്ലെന്നും, ഭരണഘടന പ്രകാരം എല്ലാ മതങ്ങൾക്കും തുല്യ അവകാശങ്ങളുണ്ടെന്നും മോഹിത് വാജ്പെയി ‘ദി ക്വിന്റി’നോട് പ്രതികരിച്ചു. എന്നാൽ, രാമനവമി ബാനറും പതാകയും പ്രദർശിപ്പിക്കുന്ന സ്ഥലത്താണ് പുതിയ ബാനർ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
നിസ്സാരമായ തർക്കം സംസ്ഥാന വ്യാപകമായ സംഘർഷത്തിലേക്ക് നയിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി രംഗത്തെത്തി. എന്നാൽ, സംഭവങ്ങളുമായി അറസ്റ്റിലായി തങ്ങളുടെ പ്രവർത്തകരെ പാർട്ടിയിൽ നിന്നും പുറത്താക്കിയാണ് എസ്.പി പ്രതികരിച്ചത്.
സെപ്റ്റംബർ 21ന് ഉന്നാവോയിൽ നടന്ന നബിദിന ഘോഷയാത്രയും പൊലീസ് ഇടപെടലിനെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചു. അനുമതിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു പൊലീസ് ഉന്നാവോ മനോഹർ നഗറിലെ നബിദിന ഘോഷയാത്ര തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റു ചെയ്തു.
പ്രതിഷേധവും പൊലീസ് നടപടിയും വ്യാപിക്കുന്നതിനിടെ വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. ശക്തമായ നടപടി സ്വീകരിക്കുമെന്നും, അടിച്ചമർത്താൻ പൊലീസിന് പൂർണ അനുവാദവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

