‘ഐ ലവ് മുഹമ്മദ്’ കാമ്പയിൻ: മൗലാന തൗഖീർ റാസ അറസ്റ്റിൽ
text_fieldsമൗലാന തൗഖീർ റാസ
ന്യൂഡൽഹി: നബിദിനാഘോഷത്തോടനുബന്ധിച്ച് ഉത്തർപ്രദേശിലെ കാൺപൂരിൽ ‘ഐ ലവ് മുഹമ്മദ്’ ബാനർ സ്ഥാപിച്ചതിനെതിരെ പൊലീസ് നടപടിയെടുത്തതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ നേതാവ് മൗലാന തൗഖീർ റാസ അറസ്റ്റിൽ.
യു.പി സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ‘ഐ ലവ് മുഹമ്മദ്’ കാമ്പയിനെ പിന്തുണച്ച് വെള്ളിയാഴ്ച ബറേലിയിൽ പൊതുപരിപാടി നടത്താൻ തീരുമാനിച്ചതിനാണ് അറസ്റ്റ്. റാസയെ കൂടാതെ ഏഴ് പേരെക്കൂടി അറസ്റ്റ് ചെയ്ത യു.പി പൊലീസ് 40ലേറെ പേരെ കസ്റ്റഡിയിലെടുക്കുകയും 1700 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ബറേലി കോളജ് ഗ്രൗണ്ടിലേക്ക് ‘ഐ ലവ് മുഹമ്മദ്’ സംഗമത്തിന് വന്ന ആയിരക്കണക്കിനാളുകളെ തടയാൻ പൊലീസ് ബാരിക്കേഡുകൾ കെട്ടിയതോടെ തൗഖീ റാസയുടെ അനുയായികൾ അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലേക്ക് നീങ്ങിയപ്പോൾ അവരെ ലാത്തിച്ചാർജ് ചെയ്താണ് പൊലീസ് പിരിച്ചുവിട്ടത്.
ഉത്തർപ്രദേശിലെതന്നെ മാവുവിലും വെള്ളിയാഴ്ച പ്രാർഥനക്കുശേഷം യോഗി സർക്കാറിന്റെ നടപടിക്കെതിരെ വിശ്വാസികൾ പ്രതിഷേധവുമായി ഇറങ്ങിപ്പോൾ പൊലീസിന്റെ ലാത്തിച്ചാർജും തിരിച്ച് പ്രതിഷേധക്കാരുടെ കല്ലേറുമുണ്ടായി.
കാൺപൂരിൽ സെപ്റ്റംബർ നാലിന് നബിദിനാഘോഷത്തിന് ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ പതിച്ചത് കീറിക്കളഞ്ഞതോടെയാണ് പ്രതിഷേധങ്ങൾ ഉടലെടുത്തത്. ‘ഐ ലവ് മുഹമ്മദ്’ ഹാഷ്ടാഗായി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം പടർന്നതോടെ പൊലീസ് നടപടികളെ പിന്തുണച്ച് ഹിന്ദുത്വ സംഘടനകൾ ‘ഐ ലവ് മഹാദേവ്’ പ്ലക്കാർഡുകളുമായി തെരുവിലിറങ്ങി. ‘ഐ ലവ് ബുൾഡോസർ’, ‘ഐ ലവ് യോഗിജി’ തുടങ്ങിയ പ്ലക്കാർഡുകളുമായും യു.പിയിൽ ബി.ജെ.പി പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമി ഹിന്ദ്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകൾ യു.പി പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

