കനത്ത മഴ: ഡൽഹിയിൽ നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടു
text_fieldsന്യൂഡൽഹി: ശക്തമായ മഴയെയും ആലിപ്പഴ വീഴ്ചയെയും തുടർന്ന് ഡൽഹിയിൽ നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ബുധനാഴ്ച വൈകുന്നേരം ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ മഴയെ തുടർന്നാണ് വ്യോമഗതാഗതം തടസപ്പെട്ടത്. ഇതോടെ ഡൽഹി, ചണ്ഡീഗഡ് വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ടിയിരുന്ന ഒമ്പതോളം വിമാനങ്ങൾ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഇൻഡിഗോയുടെ IX 5256, 6E 851, 6E 710, 6E 6613, 3U 9651, 6E 6183, 6E 698 എന്നീ വിമാനങ്ങളും എയർ ഇന്ത്യയുടെ AI 2890, AI 2910 എന്നീ വിമാനങ്ങളുമാണ് വഴിതിരിച്ചുവിട്ടത്. യാത്രക്കാരെ സ്വീകരിക്കുന്നതിനായി ജയ്പൂർ വിമാനത്താവളത്തിൽ അധികൃതർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിരുന്നു. ദീർഘനേരം കാത്തിരിക്കണ്ടി വരുമെന്ന മുന്നറിയിപ്പ് യാത്രക്കാർക്കായി ഇന്‍ഡിഗോ നേരത്തെ പുറപ്പെടുവിച്ചിരുന്നു.
`ഡൽഹിയിലെ മോശം കാലാവസ്ഥ കാരണം വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു നിങ്ങളുടെ ക്ഷമയെ ഞങ്ങൾ അഭിനന്ദിക്കുന്നു' ഇൻഡിഗോ എക്‌സിൽ കുറിച്ചു.
സമാനമായ നിർദേശം എയർ ഇന്ത്യയും നൽകിയിട്ടുണ്ട്. ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ പ്രതികൂലകാലാവസ്ഥ ബാധിച്ചേക്കാമെന്നും വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. ഡൽഹിയിലും പരിസരങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ താപനില കുറയ്ക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) നേരത്തെ പ്രവചിച്ചിരുന്നു. ബുധനാഴ്ച ഡൽഹിയിൽ കുറഞ്ഞ താപനില 26.4 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

